X

മുസ്ലിങ്ങളെ തുരത്താന്‍ ഒരു എട്ടുവയസുകാരിയോട് ചെയ്ത ക്രൂരതകള്‍; കുറ്റപത്രത്തിലെ വിവരങ്ങള്‍ ആരെയും ഭയപ്പെടുത്തും

നാടോടി മുസ്ലീമുകളായ ബേക്കര്‍വാല്‍ വിഭാഗത്തില്‍പ്പെട്ട എട്ടു വയസുകാരിയാണ് ക്രൂരതയ്ക്ക് ഇരയായത്

ജമ്മു-കശ്മീരിലെ കതുവായില്‍ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടു പോയി ക്രൂരബലാത്സംഗത്തിനു ശേഷം കൊലപ്പെടുത്തിയ കേസില്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ചി കുറ്റപത്രത്തിലെ വിവരങ്ങള്‍ ആരുടെയും തല മരവിപ്പിക്കുന്നത്. മുസ്ലിം വിരോധം നിറച്ച് ജമ്മുവില്‍ വര്‍ഗീയ ധ്രുവീകരണം നടത്താന്‍ പ്രതികള്‍ നടത്തിയത് പൈശാചികമായ പ്രവര്‍ത്തികള്‍.

നാടോടി മുസ്ലീമുകളായ ബേക്കര്‍വാല്‍ വിഭാഗത്തില്‍പ്പെട്ട എട്ടു വയസുകാരിയാണ് ക്രൂരതയ്ക്ക് ഇരയായത്. ജനുവരി പത്തിനായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത്. താമസ്ഥലത്തിന് സമീപം കുതിരയെ മേച്ചു കൊണ്ടു നില്‍ക്കുന്ന സമയത്താണ് റിട്ടയേര്‍ഡ് റവന്യു വകുപ്പ് ഉദ്യോഗസ്ഥനായ സഞ്ജി റാമിന്റെ നേതൃത്വത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത്. കതുവാ ജില്ലയിലെ ഹിരാനഗറിലെ രസാന  ഗ്രാമത്തില്‍ നിന്നും ബേക്കര്‍വാലുകളെ തുരത്താനും അതിനവരെ ഭയപ്പെടുത്താനും വേണ്ടിയാണ് പ്രതികളായ സഞ്ജി റാമിന്റെ നേതൃത്വത്തില്‍ ഒരു എട്ടുവയസുകാരിയോട് ക്രൂരത കാണിച്ചത്. തട്ടിയെടുത്ത കുട്ടിയെ സഞ്ജി റാം നേതൃത്വം നല്‍കുന്ന ദേവസ്ഥാനില്‍(ക്ഷേത്രം) ആയിരുന്നു തടവില്‍ വച്ചത്.

മയക്കു മരുന്ന് കുത്തിവച്ച് ബോധരഹിതയാക്കിയ കുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയയാക്കി. സഞ്ജി റമിന്റെ കൂടെ അയാളുടെ അനന്തിരവനും ഉണ്ടായിരുന്നു. കേസില്‍ പ്രതിയാക്കുമ്പോള്‍ ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും ഡിഎന്‍എ പരിശോധന നടത്തി പ്രതിക്ക് 19 വയസ് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.

നിരന്തരമായി മയക്കു മരുന്ന് കുത്തിവച്ചുകൊണ്ട് പലതവണയായി സഞ്ജി റാമും സംഘവും കുട്ടിയെ പീഡിപ്പിച്ചു കൊണ്ടിരുന്നു. കൂട്ടബലാത്സംഗത്തിനും കുട്ടി ഇരയായി കൊണ്ടിരുന്നു. സഞ്ജി റാമിന്റെ മീററ്റിലുള്ള മകന്‍ വിശാല്‍ ജംഗോത്രയെ വിളിച്ച്, സഞ്ജി റാമിന്റെ അനന്തിരവന്‍ കുട്ടിയെ തട്ടിക്കൊണ്ടു വന്നിരിക്കുന്ന വിവരം പറയുകയും, നിന്റെ കാമം തീര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇങ്ങോട്ട് വരാന്‍ പറയുകയും ചെയ്തതായി ചാര്‍ജ് ഷീറ്റില്‍ പറയുന്നു. സ്ഞ്ജി റാമിന്റെ മകനും അയാളുടെ ഒരു സുഹൃത്തും പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ ഉണ്ട്.

ജനുവരി 14 വരെ കുട്ടിയെ ക്ഷേത്രത്തിനുള്ളില്‍ തടവില്‍ വച്ചു. സ്ഞ്ജി റാമിന്റെ അനന്തിരവനാണ് പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലുന്നത്. മരിച്ചുവെന്ന് ഉറപ്പിക്കാന്‍ കല്ലുകൊണ്ട് തലയ്ക്കടിക്കുക കൂടി ചെയ്തുവെന്നും ചാര്‍ജ് ഷീറ്റില്‍ പറയുന്നു.

പെണ്‍കുട്ടിയെ കൊല്ലുന്നതിനു മുമ്പ് പ്രതികളിലൊരാള്‍ മറ്റുള്ളവരോട് കുറച്ച് മാറി നില്‍ക്കാന്‍ ആവശ്യപ്പെടുകയും അയാള്‍ ഒരിക്കല്‍ കൂടി കുട്ടിയെ ബലാത്സംഗം ചെയ്യുകയും ചെയ്തതായും ചാര്‍ജ് ഷീറ്റില്‍ പറയുന്നു. ദേവസ്ഥാനില്‍ നിന്നും കുറെ അകലെയായി ഒരു കാട്ടില്‍ നിന്നാണ് ജനുവരി 17 ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.

സഞ്ജി റാം, അയാളുടെ മകന്‍, അനന്തിരവന്‍, മകന്റെ സുഹൃത്ത് എന്നിവരെ കൂടാതെ ഒരു പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍, ഒരു ഹെഡ് കോണ്‍സ്റ്റബിള്‍, രണ്ട് സ്‌പെഷ്യല്‍ പൊലീസ് ഓഫിസര്‍മാര്‍ എന്നിവരും പ്രതികളായിട്ടുണ്ട്. പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കാനും കൊലപാതകം മറച്ചുവയ്ക്കാനും പണം നല്‍കി സ്വാധീനം ചെലുത്തിയിരുന്നതായും ചാര്‍ജ് ഷീറ്റില്‍ പറയുന്നുണ്ട്. തട്ടിക്കൊണ്ടു പോകല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, കൂട്ട ബലാത്സംഗം, കൊലപാതകം, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

ദേവസ്ഥാനില്‍ ഉള്‍പ്പെടെ കുറ്റകൃത്യം നടന്ന സ്ഥലങ്ങളില്‍ ഫോറന്‍സിക് വിദഗ്ദരും ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റും അടങ്ങുന്ന സംഘം സന്ദര്‍ശം നടത്തുകയും സൂക്ഷ്മമായ പരിശോധന സ്ഥലത്ത് നടത്തുകയും ചെയ്തിരുന്നു. ക്ഷേത്രത്തിനുള്ളില്‍ നിന്നും രക്തം പുരണ്ട തടിക്കഷ്ണവും മുടിയിഴകളും കണ്ടെത്തിയിരുന്നു. ദേവസ്ഥാനില്‍ നിന്നും മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും കിട്ടിയ മുടിയിഴകള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിരുന്നു. ഡിഎന്‍എ പരിശോധന ഫലം അനുസരിച്ച് ദേവസ്ഥാനില്‍ നിന്നും കിട്ടിയ മുടിയിഴകള്‍ പെണ്‍കുട്ടിയുടേതാണെന്നു തെളിഞ്ഞിട്ടുണ്ട്.

അതേസമയം പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജമ്മുവില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. ബുധനാഴ്ച അവിടെ ബന്ദ് ആചരിക്കുകയാണ്. ജമ്മു പത്താന്‍കോട്ട് ഹൈവേ പ്രതിഷേധക്കാര്‍ ഉപരോധിക്കുകയും ചെയ്തു.

എട്ടു വയസ്സുകാരിയുടെ ബലാത്സംഗ കൊല; കാശ്മീരില്‍ ഹിന്ദുത്വയുടെ ഹീന രാഷ്ട്രീയം

 

 

This post was last modified on April 12, 2018 9:56 pm