X

ചരിത്രത്തില്‍ ഇന്ന്: ഇന്ദിര ഗാന്ധി വധിക്കപ്പെടുന്നു; മഹാതിര്‍ മുഹമ്മദ് അധികാരമൊഴിയുന്നു

1984 ഒക്ടോബര്‍ 31
ഇന്ദിര ഗാന്ധി വധിക്കപ്പെടുന്നു

ഒക്ടോബര്‍ മാസത്തിന്റെ അവസാനദിവസം ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണായകദിനം കൂടിയാണ്. രാജ്യം ഇന്നേവരെ കണ്ടതില്‍വെച്ച് ഏറ്റവും കരുത്തയായ നേതാവ്, ഇന്ദിര ഗാന്ധി, സ്വവസതിക്കു മുന്നില്‍ സ്വന്തം അംഗരക്ഷകരുടെ തോക്കിനിരയായി കൊല്ലപ്പെട്ടത് അന്നായിരുന്നു;1984 ഒക്ടോബര്‍ 31 ന്.

ദാരുണമായൊരു അന്ത്യത്തിലേക്ക് ഇന്ദിര ഗാന്ധിയെ കൊണ്ടെത്തിച്ചത് അവരുടെ തന്നെ ഒരു പ്രവര്‍ത്തിയായിരുന്നു.സിഖുകാരുടെ പുണ്യസ്ഥലമായ സുവര്‍ണ്ണക്ഷേത്രത്തില്‍ ഇന്ത്യന്‍ സേന നടത്തിയ ഒപ്പറേഷന്‍ ബ്ലൂസ്റ്റാറിന് ഉത്തരവിട്ടത് പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയായിരുന്നു. ആ ഉത്തരവ് മറ്റൊരു തരത്തില്‍ അവരുടെ മരണത്തിന്റെതു കൂടിയായി മാറി.

ഇന്ദിരയുടെ മരണം, 1984 നെ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ രക്തരൂക്ഷിതമായ വര്‍ഷമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സിഖുകാര്‍ക്കെതിരെ വ്യാപകമായ ആക്രമണമാണ് ഇന്ദിരാവധത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ അരങ്ങേറിയത്. ആ പ്രതികാരാഗ്നിയില്‍ ജീവനോടെ ചുട്ടെരിക്കപ്പെട്ടത് ആയിരക്കണക്കിന് സിഖുകാരാണ്.

2003 ഒക്ടോബര്‍ 31
മലേഷ്യയില്‍ മഹാതിര്‍ മുഹമ്മദ് അധികാരം വിടുന്നു

ഇരുപത്തിരണ്ടുവര്‍ഷം നീണ്ടുനിന്ന ഭരണത്തിന്റെ റെക്കോര്‍ഡുമായി മഹാതിര്‍ ബിന്‍ മുഹമ്മദ് 2003 ഒക്ടോബര്‍ 31 ന് അധികാരത്തില്‍ നിന്ന് പടിയിറങ്ങി. നാല്‍പ്പതുവര്‍ഷത്തെ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ മഹാതിര്‍ മലേഷ്യയ്ക്ക് പുരോഗമനത്തിന്റെ പാതതെളിക്കുകയായിരുന്നു.

രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ യുണൈറ്റഡ് മലയാസ് നാഷണല്‍ ഒര്‍ഗനൈസേഷന്റെ സജീവപ്രവര്‍ത്തകനായിരുന്ന മഹാതിര്‍ 1981 ലാണ് മലേഷ്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്. മഹാതിറിന്റെ ഭരണകാലം മലേഷ്യയുടെ വികസനകാലമായാണ് വിലയിരുത്തപ്പെടുന്നത്. ആഭ്യന്തരസുരക്ഷ നിയമം പ്രയോഗിച്ച് രാഷ്ട്രീയ എതിരാളികളെയും ആക്ടിവിസ്റ്റുകളെയും തടവിലാക്കിയ നടപടിയുടെ പേരില്‍ മഹാതിറിന് ആരോപണങ്ങളേല്‍ക്കേണ്ടി വന്നിട്ടുണ്ട്.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

 

This post was last modified on October 31, 2014 3:02 pm