X

‘കിം ജോങ് ഉന്നിനെ ട്രംപിന് ഇഷ്ടമാണ്, ഉത്തര കൊറിയക്ക് മേൽ ഉപരോധം വേണമെന്ന് അദ്ദേഹം കരുതുന്നില്ല’; മണ്ടത്തരങ്ങൾ അതിരുകടക്കുന്നുവെന്ന് ആക്ഷേപം

‘ട്രംപിന്റെ മണ്ടത്തരങ്ങൾ അപകടകരമാകുകയാണെന്നാണ്’ ആദം ഷിഫ്‌ എന്ന ഡെമോക്രാറ്റ് ശക്തമായ ഭാഷയിൽ വിമർശിച്ചത്. കഴിഞ്ഞ ദിവസം ട്രഷറി ഓഫീസ് പുറപ്പെടുവിച്ച ഉപരോധത്തെ ഉചിതമായ തീരുമാനം എന്നാണ് വൈറ്റ് ഹൗസിലെ പലരും വിശേഷിപ്പിച്ചിരുന്നത്.

‘ട്രംപിന് കിം ജോങ് ഉന്നിനെ ഇഷ്ടമാണ്, അതുകൊണ്ട് ഉപരോധം വേണമെന്ന് അദ്ദേഹം കരുതുന്നില്ല. ഉത്തര കൊറിയയുമായി ബന്ധപ്പെട്ട ഉപരോധങ്ങൾ അദ്ദേഹം പിൻവലിക്കുകയാണ്.’ അവ്യക്തമായി യുഎസ് പ്രസ് സെക്രട്ടറി സാറ സാന്ഡേഴ്സ് ഇങ്ങനെ മാത്രം സൂചിപ്പിച്ചപ്പോൾ രാജ്യമാകെ ആശയക്കുഴപ്പത്തിലായി.

ഉത്തര കൊറിയയുമായി ബന്ധപ്പെട്ട ഏത് ഉപരോധമാണ് പിൻവലിക്കുന്നതെന്നോ  എന്താണ് അടുത്തതായി ട്രംപ് ചെയ്യാൻ പോകുന്നതെന്നോ ആർക്കും ഒരു ധാരണയും ഇല്ലായിരുന്നു. കഴിഞ്ഞ ദിവസം യു എസ് ട്രഷറി ഡിപ്പാർട്ടമെന്റ് ഏർപ്പെടുത്തിയ പുതിയ ഉപരോധമായിരിക്കാം ട്രംപ് പിൻവലിക്കുന്നതെന്ന് അനുമാനിച്ചതോടെ വിവിധ ഇടങ്ങളിൽ നിന്നും പ്രതിഷേധങ്ങൾ ശക്തമായി.

അമേരിക്ക കരിമ്പട്ടികയിൽ പെടുത്തിയ രണ്ട് ചൈനീസ് കപ്പലുകൾക്ക് ഉത്തര കൊറിയയുമായുള്ള ബന്ധം  കഴിഞ്ഞ ദിവസം കണ്ടെത്തിയതോടെയാണ് ട്രഷറി വകുപ്പ് പഴയ ഉപരോധം പുതുക്കി ശക്തമാക്കിയത്. എന്നാൽ ആ ഉപരോധമല്ല ട്രംപ് ഉദ്ദേശിച്ചതെന്നും ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ലാത്ത, ഉടൻ വരാനിരിക്കുന്ന ഉപരോധങ്ങളെയാണ് അദ്ദേഹം തടഞ്ഞതെന്നുമായിരുന്നു പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥന്റെ മൊഴി സൂചിപ്പിച്ച് ബിബിസി റിപ്പോർട്ട്.  നോർത്ത് കൊറിയയുമായി ബന്ധപ്പെട്ട ഉപരോധങ്ങൾ താൻ പിൻവലിക്കുകയാണെന്ന് ട്രംപ് ഒരു ട്വീറ്റും ചെയ്തിരുന്നു.

‘ട്രംപിന്റെ മണ്ടത്തരങ്ങൾ അപകടകരമാകുകയാണെന്നാണ്’ ആദം ഷിഫ്‌ എന്ന ഡെമോക്രാറ്റ് ശക്തമായ ഭാഷയിൽ വിമർശിച്ചത്. കഴിഞ്ഞ ദിവസം ട്രഷറി ഓഫീസ് പുറപ്പെടുവിച്ച ഉപരോധത്തെ ഉചിതമായ തീരുമാനം എന്നാണ് വൈറ്റ് ഹൗസിലെ പലരും വിശേഷിപ്പിച്ചിരുന്നത്. കഴിഞ്ഞ  മാസം ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായി ട്രംപ് നടത്തിയ സമാധാന ഉച്ചകോടി പരാജയപ്പെട്ടിരുന്നു. അതിന് പിറകെയാണ് ട്രംപ് ഉത്തരകൊറിയയ്ക്കുള്ള അധിക ഉപരോധങ്ങൾ  പിൻവലിക്കുന്നുവെന്ന് പ്രഖ്യാപിക്കുന്നത്.

© “കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

This post was last modified on March 23, 2019 11:54 am