X

ട്രംപിനെ ഇംപീച്ച് ചെയ്യണം; 2020ലെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി എലിസബത്ത് വാറന്‍

ഒരു വിദേശ സർക്കാർ 2020ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തെറ്റായ രീതിയിൽ ഇടപെട്ടുവെന്നും ആ സഹായം വാങ്ങാൻ ഡൊണാൾഡ് ട്രംപ് തയ്യാറായി എന്നതും ഗുരുതരമായ ആരോപണമാണെന്നുമാണ് വാറൻ വ്യക്തമാക്കുന്നത്.

മ്യുള്ളർ റോപ്പോർട്ട് പുറത്ത് വന്ന പശ്ചാത്തലത്തിൽ ഡൊണാൾഡ് ട്രംപിനെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തുനിന്നും ഇംപീച്ച് ചെയ്യാനുള്ള നടപടികൾ കൊണ്ഗ്രെസ്സ് ആരംഭിക്കണമെന്ന ആവശ്യവുമായി സെനറ്ററും 2020 അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ എലിസബത്ത് വാറൻ. ഒരു സമഗ്രമായ അന്വേഷത്തെ തടസ്സപ്പെടുത്താൻ പ്രസിഡന്റ് പലവട്ടം ശ്രമിച്ചു എന്നത് ഈ രാജ്യത്തിന് തീരാ കളങ്കം ഉണ്ടാക്കിയെന്നും ഇത് ഇനി വരൻ പോകുന്ന  ഭരണാധികാരികൾക്ക് ഒരു തെറ്റായ മാതൃകയാണെന്നുമാണ് വാറൻ വ്യക്തമാക്കിയത്. മ്യുള്ളർ റിപ്പോർട്ട് പ്രകാരം ട്രംപിനെ ഇമ്പീച് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ആദ്യ മുതിർന്ന സെനറ്ററും 2020 പ്രസിഡന്റ് സ്ഥാനാർത്ഥിയും വാറനാണ്. ഇന്നലെ വൈകിട്ടാണ് വാറൻ പ്രസ്താവന പുറപ്പെടുവിക്കുന്നത്.

ഒരു വിദേശ സർക്കാർ 2020ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തെറ്റായ രീതിയിൽ ഇടപെട്ടുവെന്നും ആ സഹായം വാങ്ങാൻ ഡൊണാൾഡ് ട്രംപ് തയ്യാറായി എന്നതും ഗുരുതരമായ ആരോപണമാണെന്നുമാണ് വാറൻ വ്യക്തമാക്കുന്നത്. മ്യുള്ളർ റിപ്പോർട്ട് റഷ്യൻ ഇടപെടൽ കണ്ടെത്തുന്നുണ്ടെന്നാണ് വാറന്റെ പക്ഷം. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് റഷ്യൻ ബാന്ധവത്തെ സംബന്ധിച്ച മ്യുള്ളറിന്റെ അന്വേഷണഫലങ്ങളുടെ പുതുക്കിയ പൂർണ്ണരൂപം യുഎസ് അറ്റോർണി ജനറൽ വില്യം ബാർ പുറത്തു വിടുന്നത്. റോബർട്ട് മ്യുള്ളറിന്റെ അന്വേഷണങ്ങൾക്ക് റഷ്യൻ ബന്ധം തെളിയിക്കാനായില്ലെങ്കിലും ട്രംപ് നീതിനിർവഹണം തടസ്സപ്പെടുത്തിയ 11 സന്ദർഭങ്ങൾ റിപ്പോർട്ട് എടുത്ത് സൂചിപ്പിക്കുന്നുണ്ടെന്ന് ബാർ സൂചിപ്പിച്ചിരുന്നു. ഇതിൽ മ്യുള്ളറിനെ ട്രംപ് ഭരണകൂടം അപകടപ്പെടുത്താൻ ശ്രമിച്ചുവെന്ന ആരോപണങ്ങൾ ഉൾപ്പടെ ഉണ്ടായിരുന്നു.

എന്നാൽ റിപ്പോർട്ടിന്റെ പൂർണ്ണരൂപം കൂടി പുറത്ത്‌വിട്ടതോടെ ട്രംപ് തന്റെ പൂർണ്ണവിജയം പ്രഖ്യാപിച്ചുവെന്നാണ് സൂചന. മ്യുള്ളർ തന്നെ വെറുതെ വേട്ടയാടുകയാണെന്ന് തുടക്കം മുതലേ പറഞ്ഞിരുന്ന ട്രംപ് റിപ്പോർട്ട് പുറത്ത് വന്നതിനു ശേഷം ഒരു പ്രെസിഡന്റ്റിനും ഈ ഗതി വരുത്തരുതേയെന്നാണ് പ്രതികരിച്ചത്. ഗെയിം ഓഫ് ത്രോൺസ് പശ്ചാത്തലത്തിൽ ‘ഗെയിം ഓവർ’ എന്ന അടിക്കുറിപ്പോടെ ട്രംപ് സ്വന്തം ഫോട്ടോ എഡിറ്റ് ചെയ്ത് ട്വീറ്റ് ചെയ്തത് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വലിയ ചർച്ചയായിരുന്നു. എന്നാൽ ഈ പതിനൊന്ന് സന്ദർഭങ്ങളിൽ ട്രംപ് മ്യുള്ളറിനെ അപായപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട് എന്നത് പോലുള്ള ഗുരുതരമായ ആരോപണങ്ങളാണുള്ളത്.

This post was last modified on April 20, 2019 8:23 am