X

ട്രംപിനു മേല്‍ കരിനിഴല്‍? പുടിൻ- കിം ജോംഗ് ഉൻ ഉച്ചകോടി ഉടൻ റഷ്യയിൽ

റഷ്യയും ഉത്തരകൊറിയയുമായി അവസാനമായി ഒരു ഉച്ചകോടി നടന്നത് 2011 ലാണ്.

ഏപ്രിൽ അവസാനമാകുമ്പോൾ ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉൻ പ്രസിഡന്റ്റ് വ്ലാദിമിർ പുടിനെ കാണാൻ റഷ്യയിലെത്തുമെന്ന ഔദ്യോഗിക അറിയിപ്പുമായി മോസ്‌കോ. പുടിന്റെ ക്ഷണം സ്വീകരിച്ച് കിം ഏപ്രിൽ രണ്ടാം പകുതിയിൽ റഷ്യയിലെത്തുമെന്ന് മോസ്‌കോ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. ആണവ നിയന്ത്രണം സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള സമാധാന ഉച്ചകോടി പരാജയപ്പെട്ടശേഷം തങ്ങൾ ഒരു പുതിയ ശക്തമായ ആയുധം പരീക്ഷിച്ചു എന്ന് കഴിഞ്ഞ ദിവസം ഉത്തരകൊറിയ അവകാശപ്പെട്ടിരുന്നു. ഈ അവകാശവാദത്തിന് തൊട്ടു പിന്നാലെയായിരുന്നു റഷ്യയിലേക്കുള്ള പുടിന്റെ ക്ഷണം.

പുടിൻ- കിം കൂടിക്കാഴ്ചയെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും റഷ്യയുടെ കിഴക്കൻ പ്രദേശങ്ങളിൽ എവിടെയെങ്കിലും വെച്ചാകാം ഇരുവരും കൂടിക്കാഴ്ച നടത്തുകയെന്നാണ് ചില ദക്ഷിണ കൊറിയൻ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കിമ്മുമായി ഒരു കൂടിക്കാഴ്ച നടത്താനുള്ള ആഗ്രഹം പുടിൻ ദീര്‍ഘനാളുകളായി പ്രകടിപ്പിച്ചുവരികയായിരുന്നു. ട്രംപിന്റെ ഉപദേശക ഫിയോന ഹിൽ ഉടൻ തന്നെ റഷ്യൻ അധികൃതരുമായി ചർച്ചകൾ നടത്തുമെന്നാണ് പുടിന്റെ മാധ്യമ വക്താവ് ദിമിത്രി പേസ്‌കോവ് മാധ്യമങ്ങളെ അറിയിക്കുന്നത്.

റഷ്യയും ഉത്തരകൊറിയയുമായി അവസാനമായി ഒരു ഉച്ചകോടി നടന്നത് 2011-ലാണ്. അന്ന്  കിം ജോംഗ് ഉന്നിന്റെ അച്ഛൻ കിം ജോങ് ഇൽ സൈബീരിയയിലെത്തി ദിമിത്രി പേസ്‌കോവുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. ഇതേസമയം കിമ്മിനോട് ഒരു തവണ കൂടി ആണവകരാർ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ താൻ  ഒരുക്കമാണെന്ന് ട്രംപ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാൽ സ്വന്തം മനോഭാവവും പിടിവാശികളും മാറ്റി വെച്ചിട്ട് മാത്രം ട്രംപ് കൂടിക്കാഴ്ചയ്ക്ക് വന്നാൽ മതിയെന്നും അതിനായി ഈ വർഷം അവസാനിക്കുന്നത് വരെ സമയം അനുവദിക്കാമെന്നുമായിരുന്നു കിം ഉത്തരകൊറിയൻ മാധ്യമങ്ങളോട് പറഞ്ഞത്.