X

ഇന്തോനേഷ്യയുടെ പുതിയ പ്രസിഡന്റ് ഞാൻ തന്നെ; ഔദ്യോഗിക ഫലം പുറത്തവരും മുൻപേ ജോക്കോവിയുടെ സ്വയം പ്രഖ്യാപനം

പോളിങ് സ്റ്റേഷനുകളിൽ നിന്നും സാമ്പിളുകളെടുത്തുകൊണ്ടുള്ള 'ക്വിക്ക് കൗണ്ട്' സർവേ പ്രകാരമാണ് വിഡോഡോ തന്റെ വിജയം കണക്കുകൂട്ടുന്നത്.

ഇൻഡോനേഷ്യൻ പൊതു തിരഞ്ഞെടുപ്പിൽ താനാണ് വിജയിച്ചതെന്ന് സ്വയം പ്രഖ്യാപിച്ച് നിലവിലെ പ്രസിഡന്റ് ജോകോ വിഡോഡോ രംഗത്ത്. ഔദ്യോഗിക തിരഞ്ഞെടുപ്പ് ഫലം പുറത്ത്‌വന്നിട്ടില്ലാത്ത സാഹചര്യത്തിലാണ് തനിക്ക് 54 ശതമാനം വോട്ടുകൾ ലഭിച്ചുവെന്ന് വിഡോഡോ പരസ്യമായി പ്രഖ്യാപിക്കുന്നത്. എതിർ സ്ഥാനാർഥിയിരുന്ന പ്രബോവോ താനാണ് തിരഞ്ഞെടുപ്പ് ജയിച്ചതെന്ന് പ്രസംഗിച്ചു നടക്കുന്നത് കൊണ്ടാണ് തനിക്ക് ഫലം പ്രഖ്യാപിക്കേണ്ടി വന്നതെന്ന് ജോകോ വിഡോഡോ തന്നെ സൂചിപ്പിക്കുന്നുണ്ട്. മാധ്യമപ്രവർത്തവരും ഘടകകഷികളുടെ പ്രതിനിധികളും ആരാധകരും പൊതുജനങ്ങളുമടങ്ങുന്ന ഒരു ജനാവലിക്കു മുൻപിലായിരുന്നു വിഡോഡോയുടെ പരസ്യപ്രഖ്യാപനം.

പോളിങ് സ്റ്റേഷനുകളിൽ നിന്നും സാമ്പിളുകളെടുത്തുകൊണ്ടുള്ള ‘ക്വിക്ക് കൗണ്ട്’ സർവേ പ്രകാരമാണ് വിഡോഡോ തന്റെ വിജയം കണക്കുകൂട്ടുന്നത്. ക്വിക്ക് കൗണ്ടിന്റെ ഫലങ്ങൾ മുൻ വർഷങ്ങളിലൊക്കെ വളരെ കൃത്യമായിരുന്നു. നൂറുശതമാനം വോട്ടുകളും ഔദ്യോഗികമായി എണ്ണിത്തീർന്നതായാണ് റിപ്പോർട്ടുകൾ. പാർലമെന്റ്, പ്രസിഡന്റ്, പ്രാദേശിക തിരഞ്ഞെടുപ്പുകൾ ഒറ്റ ദിവസം നടത്തപ്പെട്ടതിന്റെ പേരിൽ ലോകത്തിലെ ഏറ്റവും സങ്കീർണ്ണമായ തിരഞ്ഞെടുപ്പ് എന്ന് ഖ്യാതി നേടിയ ഈ ഇൻഡോനേഷ്യന്‍ പൊതുതിരഞ്ഞെടുപ്പിൽ വോട്ടെണ്ണുന്നതും വളരെ ശ്രമകരമായിരിക്കുമെന്നാണ് കണക്കുകൂട്ടൽ. മെയ് 22-ന് ഔദ്യോഗിക ഫലങ്ങൾ പുറത്ത് വരുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിക്കുന്നത്.

ക്വിക്ക് കൗണ്ട് വളരെ ശാസ്ത്രീയമാണെന്നും ഒരുകാരണവശാലും അവിശ്വസിക്കേണ്ടതില്ലെന്നുമാണ് വിഡോഡോ ജനങ്ങൾക്ക് ഉറപ്പ് നൽകിയത്. എന്നാൽ തനിക്ക് 62 ശതമാനത്തിലധികം വോട്ടു നേടാനായെന്നും താനാണ് അടുത്ത പ്രസിഡണ്ടെന്നുമായിരുന്നു പ്രബോവോയുടെ പ്രഖ്യാപനം. രാജ്യത്ത് പുതിയ ജില്ലകൾ കൂടി ഉണ്ടാക്കിയത് തിരഞ്ഞെടുപ്പ് യന്ത്രങ്ങളുടെ ലോജിസ്റ്റിക്കിൽ ചെറിയ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കിയതൊഴിച്ചാൽ ഈ സങ്കീർണ്ണമായ തിരഞ്ഞെടുപ്പ് വളരെ ശാന്തമായി കടന്നുപോയെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയ നിയന്ത്രിക്കാനായി മാത്രം രംഗത്തിറങ്ങിയത് 1.7 കോടിപ്രവർത്തകരാണ്. 80,000 പോളിംഗ് സ്റ്റേഷനുകൾ പ്രവർത്തന സജ്ജമായിരുന്നു.

ജോക്കോവി എന്നറിയപ്പെടുന്ന ജോക്കോ വിഡോഡോ ഇപ്പോൾ രണ്ടാം തവണയാണ് പ്രസിഡന്റാകാൻ ഒരുങ്ങുന്നത്. തന്റെ ഭരണകാലത്ത് നടത്തിയ വികസന പ്രവർത്തനങ്ങൾ പറഞ്ഞാണ് ജോക്കോവി വോട്ട് പിടിച്ചത്. രാജ്യത്തുടനീളം ഇദ്ദേഹം നിർമ്മിച്ച റോഡുകളും വിമാനത്താവളങ്ങളും തുറമുഖങ്ങളും ജനങ്ങളിൽ ഇദ്ദേഹത്തെ കുറിച്ച് ഒരു മതിപ്പുണ്ടാക്കിയിട്ടുണ്ടെന്നും ആ മതിപ്പ് വോട്ടുകളായി മാറിയെന്നുമാണ് അനൗദ്യോഗികമായ വിലയിരുത്തൽ. ഇന്തോനേഷ്യയുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുമെന്ന് വാഗ്ദാനം നൽകിക്കൊണ്ടാണ് 2014 ൽ ഇദ്ദേഹം പ്രസിഡന്റായി ജയിച്ചുകയറുന്നത്. ഇന്തോനേഷ്യയുടെ ദീർഘകാല ഭരണാധികാരിയായിരുന്ന സുഹാർത്തോയുടെ മരുമകനും സ്പെഷ്യല്‍ ഫോഴ്സ് കമാന്‍ഡറുമായിരുന്ന പ്രബോവോ ആണ് ജോക്കോവിയുടെ മുഖ്യ എതിരാളി. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലീങ്ങള്‍ അധിവസിക്കുന്ന ഇന്തോനേഷ്യയില്‍ തീവ്ര നിലപാടുകാരനായ പ്രബാവോ വോട്ട് പിടിച്ചത് രാജ്യത്തെ തകര്‍ക്കാന്‍ വിദേശശക്തികള്‍ ശ്രമിക്കുന്നുവെന്നും അതിനാല്‍ ‘ശക്തനാ’യ തന്നെ വിജയിപ്പിച്ചാല്‍ മാത്രമേ ഇന്തോനേഷ്യ തകരാതെ നില്‍ക്കൂ എന്നും ആഹ്വാനം ചെയ്താണ്.

Related Post
Leave a Comment