X

“ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണമായിരുന്നു. സ്വപ്നങ്ങൾക്ക് പിന്നാലെ പായണമായിരുന്നു”; അഭയം നല്‍കാന്‍ തയ്യാറായ രാജ്യം ഏതെന്ന് വെളിപ്പെടുത്താതെ ‘സൗദി സഹോദരിമാർ’

സ്വരാജ്യത്തേക്ക് മടങ്ങി പോകാൻ നിർബന്ധിതരായാൽ ഇരുവർക്കും  പുരുഷന്മാരുടെ അനുവാദമില്ലാതെ വീട് വിട്ടിറങ്ങിയതിനും മതത്തെ അംഗീകരിക്കാതെ രാജ്യം ഉപേക്ഷിച്ചതിനും  ക്രിമിനൽ കേസ്  നേരിടേണ്ടി വരും.

Reem (left) and her elder sister Rawan stand for a photograph in a room in Hong Kong on February 25th, 2019. Reem, aged 18, and Rawan (aged 20) (not their real names) fled from their abusive family and Saudi Arabia's oppressive conditions while on holiday in Sri Lanka and were intercepted in Hong Kong on their way to Australia to seek asylum. Photo by Suzanne Lee for TIME

‘സ്ത്രീകൾ അവിടെ അക്ഷരാർത്ഥത്തിൽ അടിമകൾ തന്നെയായിരുന്നു. ഞങ്ങൾക്ക് അത് അംഗീകരിക്കാനാകുമായിരുന്നില്ല. ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണമായിരുന്നു. സ്വയം കണ്ടെത്തണമായിരുന്നു. സ്വപ്നങ്ങൾക്ക് പിന്നാലെ പായണമായിരുന്നു. ഇപ്പോൾ ഞങ്ങളാണ് ഞങ്ങളുടെ ജീവിതം എങ്ങനെ ആകണമെന്ന് തീരുമാനിക്കുന്നത്.’ ഇങ്ങനെ പറഞ്ഞുകൊണ്ട് ‘സൗദി സഹോദരിമാർ’ ഏങ്ങലടിച്ച് കരയുന്നത് ദുഃഖം കൊണ്ടല്ല. സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനുമായുള്ള നെട്ടോട്ടത്തിനൊടുവിൽ ഒരു രാജ്യം അവർക്ക് അഭയം നൽകാമെന്ന് സമ്മതിച്ചതിന്റെ ആഹ്ളാദമാണ് ഇരുവർക്കും. ജയിലിന് സമാനമായ സൗദി അറേബ്യയിലെ വീട്ടിൽ നിന്നും അതിരുകളില്ലാത്ത ഇടങ്ങളിലേക്ക് കുതിച്ചവരാണ് ഈ രണ്ട് സഹോദരിമാർ. സുരക്ഷാ പ്രശ്‍നങ്ങളുള്ളതിനാൽ തങ്ങൾക്ക് അഭയം നൽകുന്ന രാജ്യം വെളിപ്പെടുത്താൻ ഇരുവരും തയ്യാറല്ല. ഇനി അവർക്ക് ആ രാജ്യത്തിൽ സ്വന്തം സ്വപ്നങ്ങൾക്കനുസരിച്ച് ജീവിക്കാം.

പിതാവും സഹോദരന്മാരുമാണ് തങ്ങളുടെ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നതെന്നും സ്വന്തം ജീവിതത്തിനുമേൽ തങ്ങൾക്ക് യാതൊരു നിയന്ത്രണവും ഇല്ലെന്നും തിരിച്ചറിവ് വന്നപ്പോഴാണ് സഹോദരിമാർ നാട് വിടാൻ തീരുമാനിക്കുന്നത്. റീം, റവാൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന പെൺകുട്ടികൾ സൗദി അറേബ്യയിൽ സ്ത്രീകൾ നേരിടുന്ന വിവേചനത്തിൽ ആകെ നിരാശരായിരുന്നു. സ്വാതന്ത്ര്യം സ്വയം തേടി പിടിക്കേണ്ടതാണെന്ന് ബോധ്യം വന്നപ്പോൾ 18, 20 വയസ്സ് വീതം പ്രായമുള്ള ഈ പെൺകുട്ടികൾ ഒരു ശ്രീലങ്ക യാത്രയ്ക്കിടയിലാണ് വീട്ടുകാരിൽ നിന്നും രക്ഷപ്പെടുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ നാട് വിട്ട ഇവർ നേരെ ഹോങ്കോങ്ങിലാണ് അഭയം തേടിയത്. അവിടെ നിന്ന് ആസ്ട്രേലിയയിലേക്ക് രക്ഷപെടാൻ പദ്ധതിയിട്ടെങ്കിലും സൗദി ഇടപെടൽ മൂലം ആ ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു.

‘ഞാൻ തടവുകാരി ആണെന്നും അച്ഛനും ആങ്ങളമാരും ഞാൻ ചാടിപ്പോകാതെ നോക്കുന്ന ജയിലർമാരാണെന്നും എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.’ സൗദിയിലെ അസ്വാതന്ത്ര്യത്തെ കുറിച്ച് പറയുമ്പോൾ റീമിന് ഇപ്പോഴും ഭയമാണ്. സ്ത്രീകളെ പുരുഷന്മാരുടെ സ്വകാര്യ സ്വത്തതാക്കി വെയ്ക്കാൻ അനുവാദം നൽകുന്ന സൗദി നിയമങ്ങൾ കാലഹരണപ്പെട്ടുവെന്നാണ് ഈ പെൺകുട്ടികൾ ആർജവത്തോടെ പറയുന്നത്. സ്വരാജ്യത്തേക്ക് മടങ്ങി പോകാൻ നിർബന്ധിതരായാൽ ഇരുവർക്കും പുരുഷന്മാരുടെ അനുവാദമില്ലാതെ വീട് വിട്ടിറങ്ങിയതിനും മതത്തെ അംഗീകരിക്കാതെ രാജ്യം ഉപേക്ഷിച്ചതിനും ക്രിമിനൽ കേസ് നേരിടേണ്ടി വരും.

വന്യമായ ഭാവനകളുള്ള മൂത്ത പെൺകുട്ടിയ്ക്ക് ഒരു എഴുത്തുകാരിയാകാനാണ് ആഗ്രഹം. ജോർജ്ജ് ഓർവെല്ലിന്റെ ‘1984’ ആണ് അവളുടെ ഏറ്റവും പ്രിയപ്പെട്ട പുസ്തകം. ഫിക്ഷൻ ആണെങ്കിൽ പോലും പുസ്തകത്തിൽ പറയുന്ന സമഗ്രാധിപത്യ ഭരണക്രമം സൗദി അറേബ്യയിലെ ഭരണത്തിന് സമാനമാണെന്നാണ് ഈ പെൺകുട്ടിയുടെ നിരീക്ഷണം. തനിക്ക് മുൻപിൽ വിശാലമായ ഒരു ലോകം ഉണ്ടെന്നും നല്ലൊരു ഭാവി തന്നെ കാത്തിരിപ്പുണ്ടെന്നും അവൾ ഉറച്ച് വിശ്വസിക്കുന്നുണ്ട്.

ഇരുവർക്കും അഭയം നൽകുന്ന രാജ്യത്തേക്ക് അടിയന്തിരമായി വിസ ലഭിച്ചേക്കുമെന്നാണ് സൂചന. “സ്വാതന്ത്ര്യത്തിനും സ്വന്തം അഭിപ്രായങ്ങൾക്കുമായി ഈ പെൺകുട്ടികൾ വലിയ റിസ്ക്ക് ആണ് എടുത്തത്. അവരുടെ ധീരതയെ അഭിനന്ദിക്കാതെ വയ്യ.” ആംനെസ്റ്റി ഇന്റർനാഷണലിന്റെ മിഡിൽ ഈസ്റ്റ് റിസേർച് ഡയറക്ടർ ലിൻ മാലോഫ് പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ‘ഈ പെൺകുട്ടികൾക്ക് ആരെയും ഭയക്കാതെ ജീവിക്കാനുള്ള സൗകര്യമുണ്ടാക്കണം. സ്ത്രീകളുടെ ഉടമസ്ഥന്മരായി പുരുഷന്മാരെ നിയോഗിക്കുന്ന സൗദി അറേബ്യൻ നിയമങ്ങൾ എത്രയും വേഗം പരിഷ്കരിക്കേണ്ടതുണ്ട്.’ ലിൻ മാലോഫ് പറഞ്ഞു. ©

വേനൽചൂടും തെരഞ്ഞെടുപ്പ് ചൂടും ഒന്നിച്ച് വന്നാൽ പിന്നെ വാർത്തകൾക്കെങ്ങനെ ചൂട് പിടിക്കാതിരിക്കും. കൂടുതൽ വാർത്തകൾക്ക് അഴിമുഖം സന്ദർശിക്കൂ