X

ജർമനിയിൽ വെച്ചുണ്ടായ വിമാനാപകടത്തിൽ റഷ്യയിലെ ഏറ്റവും വലിയ കോടീശ്വരിക്ക് ദാരുണാന്ത്യം

2018 ൽ ഫോർബ്‌സ് മാസിക റഷ്യയിലെ നാലാമത്തെ കോടീശ്വരിയായി നതാലിയയെ തിരഞ്ഞെടുത്തിരുന്നു.

തെക്ക് പടിഞ്ഞാറൻ ജർമനിയിൽ വെച്ചുണ്ടായ വിമാനാപകടത്തിൽ റഷ്യയിലെ ഏറ്റവും വലിയ കോടീശ്വരികളിൽ ഒരാളായ നതാലിയ ഫിലവയ്ക്ക് ദാരുണാന്ത്യം. ഇവർ തന്റെ വ്യക്തിപരമായ യാത്രയ്ക്കായി ഉപയോഗിച്ച് വന്നിരുന്ന ചെറിയ വ്യോമവാഹനമാണ് അപകടപ്പെട്ടത്. വാഹനം പൂർണ്ണമായും കത്തിനശിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരു സ്ത്രീയും വാഹനത്തിന്റെ പൈലറ്റും അപകടത്തിൽ മരണപ്പെട്ടു. S7 എന്നും സൈബീരിയ എയർലൈൻസ് എന്നും അറിയപ്പെടുന്ന റഷ്യയിലെ ഏറ്റവും പ്രശസ്തമായ എയർലൈൻസ് കമ്പനിയുടെ പാട്ണറാണ് നതാലിയ.

ഫ്രാൻസിൽ നിന്നും ഫ്രാങ്ക്ഫർട്ടിലേക്ക് പോകും വഴിയാണ് ഇവർ സഞ്ചരിച്ചിരുന്ന ആറ് സീറ്റുകൾ മാത്രമുള്ള എപ്പിക് LT എന്ന വ്യോമവാഹനം അപകടത്തിൽപെടുന്നത്. അപകടകാരണം ഇപ്പോഴും വ്യക്തമല്ല. 1322 GMT  മുതൽ വാഹനം റഡാർ  പരിധികളിൽ നിന്ന് അകലുകയായിരുന്നു. റഷ്യൻ അന്വേഷണ ഉദ്യോഗസ്ഥരും അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജൻസികളും വിമാനാപകടത്തെ കുറിച്ച് ഉടനടി അന്വേഷണങ്ങൾ നടത്തും. അപകടവാർത്തയറിഞ്ഞ് സംഭവസ്ഥലത്തേക്കെത്തിയ പോലീസ് വാഹനം മറ്റൊരു വാഹനത്തിലിടിച്ച് 2 പേർ  മരിച്ച സംഭവം കാര്യങ്ങൾ കുറേക്കൂടി സങ്കീർണമാക്കി.

നതാലിയയുടെ മരണം S7 കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. നതാലിയയ്ക്കും കുടുംബത്തിനും S7  ഉദ്യോഗസ്ഥർ അനുശോചനം രേഖപ്പെടുത്തി. S7  ചീഫ് എക്സിക്യൂട്ടിവ് വ്ലാഡിസ്ലാവ് ഫിലെവ് ആണ് നതാലിയയുടെ ഭർത്താവ്.  2018 ൽ ഫോർബ്‌സ് മാസിക റഷ്യയിലെ നാലാമത്തെ കോടീശ്വരിയായി നതാലിയയെ തിരഞ്ഞെടുത്തിരുന്നു. ഏകദേശം 600 മില്യൺ ഡോളർ സ്വത്ത് ഇവരുടെ പേരിൽ ഉണ്ടെന്നായിരുന്നു മാസിക അന്ന് പരസ്യപ്പെടുത്തിയത്.