X

ട്രംപിന്റെ സഹായികള്‍ ഒന്നൊന്നായി ജയിലിലേക്ക്; മുൻ ക്യാമ്പയിൻ മാനേജർ പോൾ മനഫോർട്ടിനെ 47 മാസത്തേക്ക് ശിക്ഷിച്ചു

നീണ്ട വർഷങ്ങൾ റിപ്പബ്ലിക്കൻ പാർട്ടിയുടെ കൺസൽറ്റണ്ടായി പ്രവർത്തിച്ചുവന്നിരുന്ന മനഫോർട്ട് അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്നയാളും നിരവധി പ്രമുഖ നേതാക്കൾക്കൊപ്പം പ്രവർത്തിച്ചയാളുമാണ്.

ഇത് അമേരിക്കൻ പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തത സേവകരുടെ പരീക്ഷണ കാലമാണ്. 2016 അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ ട്രംപിന്റെ റഷ്യൻ രഹസ്യ ധാരണകളെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാകുമ്പോൾ അന്ന് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെയുള്ള കേസുകൾ അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കുകയാണ് യുഎസ് കോടതി. ട്രംപിന്റെ മുൻ ക്യാമ്പയിൻ മാനേജർ പോൾ മനഫോർട്ടിനെയാണ് നികുതി തട്ടിപ്പും വഞ്ചന കുറ്റവും ചുമത്തി കഴിഞ്ഞ ദിവസം കോടതി 47 മാസത്തേക്ക് വെര്‍ജീനിയ ജില്ലാ കോടതി തടവ് ശിക്ഷ വിധിച്ചത്. മനഫോർട്ടിനെതിരെ ഇനിയും കൂടുതല്‍ വകുപ്പുകൾ ചുമത്തിയേക്കും. യു എസ് ഗവൺമെൻന്റിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഉക്രയിൻ ഗവൺമെന്റിന്റെ പൊളിറ്റിക്കൽ കൺസള്‍ട്ടന്‍റായി പ്രവർത്തിച്ച് അമിത വരുമാനമുണ്ടാക്കിയതിനും നികുതി തട്ടിപ്പ് നടത്തിയതിനുമാണ് ഇപ്പോൾ ശിക്ഷ. കൈക്കൂലി കേസ് ഉൾപ്പടെയുള്ളവ അന്വേഷിക്കാനിരിക്കുകയാണ്.

റഷ്യൻ ബന്ധങ്ങളെക്കുറിച്ചുള്ള റോബർട്ട് മുള്ളറിന്റെ അന്വേഷണത്തിലാണ് മനഫോർട്ടിനെതിരെയുള്ള നിർണ്ണായക തെളിവുകൾ പുറത്തുവന്നത്. കള്ളം പറഞ്ഞ് ബാങ്കുകളിൽ നിന്നും വലിയ തുകകൾ ലോൺ എടുത്തും നികുതി തട്ടിപ്പ് നടത്തിയും മനഫോർട്ട് ആഡംബരജീവിതം നയിച്ചുവരികയായിരുന്നുവെന്നാണ് മുള്ളറിന്റെ കണ്ടെത്തൽ. നീണ്ട വർഷങ്ങൾ റിപ്പബ്ലിക്കൻ പാർട്ടിയുടെ കൺസള്‍ട്ടന്‍റായി പ്രവർത്തിച്ചുവന്നിരുന്ന മനഫോർട്ട് അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്നയാളും നിരവധി പ്രമുഖ നേതാക്കൾക്കൊപ്പം പ്രവർത്തിച്ചയാളുമാണ്.

മാർച്ച് 13 നു നടക്കാനിരിക്കുന്ന വിചാരണയിലാകും റഷ്യൻ ബന്ധങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരിക. റഷ്യൻ രഹസ്യാന്വേഷണ എജൻസിയുമായുള്ള ഇയാളുടെ ബന്ധം ഉൾപ്പടെ നിരവധി കാര്യങ്ങളിൽ കള്ളം പറഞ്ഞതിനും വിവരങ്ങൾ  മറച്ചുവെച്ചതിനും കോടതി ഇയാളെ കുറ്റക്കാരനായി കണ്ടെത്തിയിട്ടുണ്ട്. മനഫോർട്ട്  ഉൾപ്പടെ ട്രംപിനൊപ്പം ദീർഘ കാലം പ്രവർത്തിച്ച നിരവധി പേരെയാണ് കോടതി ഇപ്പോൾ വിചാരണ ചെയ്തു വരുന്നത്.

ട്രംപിന്റെ ദീർഘകാല അഭിഭാഷകനായ മിഷേൽ കോഹൻ കുറ്റം സമ്മതിക്കുകയും നിര്‍ണ്ണായക തെളിവുകൾ സമർപ്പിക്കുകയും ചെയ്തതിന്റെ തൊട്ടു പിന്നാലെയാണ് മനഫോർട്ടിന് കോടതി ശിക്ഷ വിധിക്കുന്നത്. ഇവരെ കൂടാതെ ദേശീയ സുരക്ഷാ ഉപദേശകൻ മിഷേൽ ഫ്ളിൻ, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒപ്പമുണ്ടായിരുന്ന ജോർജി പാപദോപൗലോസ് മുതലായവർക്കെതിരെയും അന്വേഷണം നടക്കും.

അന്വേഷണങ്ങൾക്കൊടുവിൽ മുള്ളർ വിശദമായ റിപ്പോർട്ട് അറ്റോർണി ജനറൽ വില്യം ബാറിന്  സമർപ്പിക്കും.

This post was last modified on March 8, 2019 12:51 pm