X

സ്ത്രീകള്‍ തുടകൾ അകത്തി വെച്ചിരുന്നാല്‍ എന്താ കുഴപ്പം? ഒരു കാര്‍ട്ടൂണില്‍ പ്രക്ഷുബ്ധമായി പാകിസ്ഥാന്‍

ഇപ്പോഴാണ് ഞങ്ങൾ ശെരിയായി ഇരിക്കുന്നത്’ എന്നായിരുന്നു കാർട്ടൂണിന്റെ അടിക്കുറിപ്പ്.

അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി നടത്തിവരുന്ന  മാർച്ചിനായി തങ്ങൾ തയ്യാറാക്കിയ പ്ലക്കാർഡ് രാജ്യത്തിൽ ഇത്ര വലിയ കോളിളക്കങ്ങൾ സൃഷ്ടിക്കുമെന്ന് റുമിസാ ലഖാനിയും റാഷിദ ഷബീർ ഹുസൈനും ഒരിക്കലും വിചാരിച്ചിരുന്നില്ല. സ്ത്രീകൾക്ക് രാജ്യം അനുവദിച്ചിട്ടുള്ള സാമ്പ്രദായികമായ ഇരുപ്പുരീതികളോട് കലഹിച്ചുകൊണ്ട് കാലുകൾ അകത്തി ഇരിക്കുന്ന പെൺകുട്ടിയുടെ കാർട്ടൂണാണ് പാക്കിസ്ഥാന്റെ പുരുഷാധിപത്യ ഭരണകൂടത്തെ ചൊടിപ്പിച്ചത്. മാർച്ചിൽ പങ്കെടുത്ത പല സ്ത്രീകൾക്കും ഭീഷണികൾ കൂടി നേരിടേണ്ടി വന്നതോടെ സ്ത്രീകളുടെ തുടകൾ അകത്തി വെച്ചുള്ള ഇരിപ്പ് (women spreading) പാക്കിസ്ഥാനിൽ ചൂടൻ സംവാദങ്ങൾക്ക് വഴി വെച്ചു.

പാക്കിസ്ഥാനിലെ ചില പ്രമുഖ ഫെമിനിസ്റ്റുകളും പോസ്റ്ററിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പോസ്റ്റർ പ്രകടമായി തന്നെ മൂല്യങ്ങളെയും  പാരമ്പര്യത്തെയും നിഷേധിക്കുന്നു എന്ന് വാദിച്ചാണ് കിഷ്‌വർ നഷീദ് എന്ന ഫെമിനിസ്റ്റ് എതിർപ്പുമായി രംഗത്തെത്തിയത്. ‘ഇത് വനിതാ ദിനമാണ് അല്ലാതെ വേശ്യകളുടെ ദിനമല്ല’ എന്ന് സൈബർ ഇടങ്ങളിലും മറ്റും കടുത്ത ഭാഷയിലുള്ള എതിർപ്പുകളുണ്ടായി. ഇത് ഇസ്ലാമിന്റെ രീതിയല്ല എന്ന് ആരോപിച്ചുകൊണ്ടായിരുന്നു ഒരു കൂട്ടമാളുകൾ പ്രതിഷേധിച്ചത്.

വനിതാദിനമാർച്ചിന് പ്ലക്കാർഡുകളുണ്ടാക്കാൻ നൂതനവും ആളുകൾ പെട്ടെന്ന് ശ്രദ്ധിക്കുന്നതുമായ ഒരു ആശയം തന്നെ വേണമെന്ന് നിർബന്ധമുണ്ടായിരുന്ന റുമൈസയും റാഷിദയും വളരെ കഷ്ടപ്പെട്ടാണ് ഇങ്ങനെ ഒരു കാർട്ടൂൺ മെനയുന്നത്. ഈ രാജ്യത്ത് സ്ത്രീകൾ എങ്ങനെ ഇരിക്കണം, എങ്ങനെ നടക്കണം, എങ്ങനെ ജീവിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് പുരുഷന്മാരാണെന്ന വസ്തുത മനസിലാക്കി കൊണ്ടാണ് ഇവർ ഈ കാർട്ടൂൺ വരയ്ക്കുന്നത്. കാലകത്തി  സൗകര്യപൂർവം ഇരിക്കുന്ന ഒരു കൂട്ടുകാരിയെ കണ്ടപ്പോഴാണ് പെട്ടെന്ന് ഇരുവരുടെയും മനസ്സിൽ ഈ ആശയം മിന്നുന്നത്. ‘ഇപ്പോഴാണ് ഞങ്ങൾ ശെരിയായി ഇരിക്കുന്നത്’ എന്നായിരുന്നു കാർട്ടൂണിന്റെ അടിക്കുറിപ്പ്.

This post was last modified on April 10, 2019 11:09 am