X

പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍; അന്വേഷണ സംഘം ട്രംപിനെ തേടിയെത്തുന്നു

എഫ് ബി ഐ ഡയറക്ടര്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് എന്നിവരുടെ പുറത്താക്കലുമായി ബന്ധപ്പെട്ട വിശദീകരണം പ്രസിഡന്റിന്റെ പക്കല്‍ നിന്നും തേടും

2016ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ചോദ്യം ചെയ്‌തേക്കുമെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയതിന്റെ പേരില്‍ എഫ്ബിഐ ഡയറക്ടറായിരുന്ന ജയിംസ് കോമിയെയും വിവാദത്തില്‍ പങ്കുണ്ടെന്ന് ആരോപണം നേരിട്ട ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്കിള്‍ ഫഌന്നിനെയും പുറത്താക്കിയത് സംബന്ധിച്ച് വിശദീകരണം തേടിയാണ് ട്രംപുമായുള്ള മുഖാമുഖത്തിന് അന്വേഷണ സംഘത്തലവന്‍ റോബര്‍ട്ട് മുള്ളര്‍ തയ്യാറെടുക്കുന്നതെന്നാണ് സൂചന. ട്രംപുമായുള്ള അഭിമുഖത്തിനായി ചൊവ്വാഴ്ചയാണ് മുള്ളര്‍ അനുമതി തേടിയിരിക്കുന്നത്.

വിവാദവുമായി ബന്ധപ്പെട്ട് അറ്റോണി ജനറല്‍ ജെഫ് സെഷന്‍സിനെ അന്വേഷണ സംഘം ചോദ്യം ചെയ്തതായി ചൊവ്വാഴ്ച നിയമ മന്ത്രാലയത്തിന്റെ വക്താവ് സാറ ഇസ്ഗുര്‍ ഫ്‌ളോഴ്‌സ് സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച് ന്യൂയോര്‍ക്ക് ടൈംസ് നേരത്തെ തന്നെ വാര്‍ത്ത പുറത്തുവിട്ടിരുന്നു. എന്നാല്‍ സെഷന്‍സുമായി അന്വേഷണ സംഘം നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഇതിനിടയില്‍ ട്രംപിന്റെ അഭിഭാഷകര്‍ അന്വേഷണ കമ്മീഷന്‍ അഭിമുഖത്തിന്റെ വിഷയങ്ങളെ കുറിച്ച് കൂടിയാലോചനകള്‍ നടത്തുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചില ചോദ്യങ്ങള്‍ക്ക് പ്രസിഡന്റ് നേരിട്ട് ഉത്തരം പറയണമെന്നും ബാക്കിയുള്ളവയ്ക്കുള്ള മറുപടി എഴുതി നല്‍കിയാല്‍ മതിയെന്നുമാണ് ട്രംപിന്റെ അഭിഭാഷകര്‍ വാദിക്കുന്നത്. എന്നാല്‍ ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ ട്രംപിന്റെ അറ്റോര്‍ണിമാരില്‍ ഒരാളായ ജോണ്‍ ഡൗഡ് വിസമ്മതിച്ചു. ഫഌന്നിനെയും കോമിയെയും പുറത്താക്കിയതിനെ സംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിലൂടെ നിയമനടപടികള്‍ തടസപ്പെടുത്താന്‍ ട്രംപ് ഭരണകൂടം ബോധപൂര്‍വമായ ഇടപെടലുകള്‍ നടത്തിയെന്ന് പ്രശ്‌നത്തിലേക്കാണ് അന്വേഷണ സംഘം നീങ്ങുന്നത് എന്ന സൂചനകളാണ് ലഭിക്കുന്നത്.

2016 ജൂണില്‍ ട്രംപ് ടവറില്‍ വച്ച് ട്രംപിന്റെ പ്രചാരണ സംഘത്തിലെ മുതിര്‍ന്ന അംഗങ്ങളും ക്രംലിനുമായി ബന്ധമുള്ള ഒരു റഷ്യന്‍ അഭിഭാഷകനും തമ്മില്‍ നടത്തിയെന്ന് പറയപ്പെടുന്ന വിവാദ കൂടിക്കാഴ്ചയുടെ ദൃക്‌സാക്ഷിയെ ഈ മാസം ആദ്യം മുള്ളര്‍ വിളിച്ചുവരുത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ വച്ച് ട്രംപിന്റെ മൂത്ത പുത്രന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന് റഷ്യന്‍ പ്രതിനിധി ഹിലാരി ക്ലിന്റന് ദോഷകരമാകുന്ന വിവരങ്ങള്‍ കൈമാറാമെന്നും തന്റെ പിതാവിന്റെ പ്രചാരണത്തിന് റഷ്യന്‍ സര്‍ക്കാരിന്റെ പിന്തുണ ഉറപ്പാക്കാമെന്നും വാഗ്ദാനം ലഭിച്ചിരുന്നു എന്നാണ് ആരോപണം.

കോമയെ പ്രത്യേക കൗണ്‍സില്‍ ഓഫീസ് ചോദ്യം ചെയ്തതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നടത്തിയ ഈ ചോദ്യം ചെയ്യല്‍, റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ട്രംപിന് എഫ്ബിഐ ഡയറക്ടര്‍ എന്ന നിലയില്‍ കോമെ എഴുതിയ ഔദ്യോഗിക കുറിപ്പുകളെ സംബന്ധിച്ചായിരുന്നു എന്നാണ് വിവരം. 2017 മേയിലാണ് കോമയെ ട്രംപ് എഫ്ബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും നീക്കിയത്. റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട അന്വേഷണം തടസപ്പെടുത്താന്‍ ട്രംപ് ശ്രമിക്കുന്നതിന്റെ ഭാഗമായാണ് കോമെയെ നീക്കാനുള്ള തീരുമാനമെന്ന് അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു.

മുളളറും സെഷന്‍സും തമ്മില്‍ കഴിഞ്ഞ ആഴ്ച നടന്ന കൂടിക്കാഴ്ച മണിക്കൂറുകള്‍ നീണ്ടുനിന്നതായാണ് വിവരം. ട്രംപിന്റെ കാബിനറ്റിലുള്ള ഒരംഗത്തെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് ഇതാദ്യമായാണ്. റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട് സജീവമായി നില്‍ക്കുന്ന പേരുകളില്‍ ഒന്നാണ് സെഷന്‍സിന്റേത്. 2016ലെ തിരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് യുഎസിലെ റഷ്യന്‍ അംബാസിഡര്‍ സെര്‍ജി കിസല്‍യാക്കുമായി സെഷന്‍സ് രണ്ടു തവണ കൂടിക്കാഴ്ച നടത്തിയതായി വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. റഷ്യന്‍ ബന്ധങ്ങളെ പറ്റിയുള്ള ആരോപണങ്ങളില്‍ നിന്നും സ്വയം രക്ഷിക്കാന്‍ തനിക്കാവുമെന്നായിരുന്നു ഇതുസംബന്ധിച്ച സെഷന്‍സിന്റെ പ്രതികരണം. ഈ പ്രതികരണം ട്രംപിന്റെ പ്രകോപിതനാക്കിയിരുന്നു. അതിന് ശേഷം അദ്ദേഹം സെഷന്‍സിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചുവരുന്നത്. തന്റെ അറ്റോര്‍ണി ജനറല്‍ വളരെ ദുര്‍ബലനാണെന്നും പ്രസിഡന്റിനോട് അദ്ദേഹം അനീതിയാണ് പുലര്‍ത്തുന്നതെന്നും 2017 ജൂലൈയില്‍ നല്‍കിയ ഒരഭിമുഖത്തില്‍ ട്രംപ് പറഞ്ഞിരുന്നു.

റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട് ഫഌന്നിനെതിരെ അന്വേഷണം നടത്തരുതെന്ന് പ്രസിഡന്റ് തന്നോട് ആവശ്യപ്പെട്ടതായി കോമെ കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസിന് മൊഴി നല്‍കിയുന്നു. എന്നാല്‍ ഈ ആരോപണം ട്രംപ് നിഷേധിച്ചിരുന്നു. എന്നാല്‍ റഷ്യക്കാരുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെ ഫഌന്‍ തെറ്റിദ്ധരിപ്പിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അദ്ദേഹം ദേശീയ സുരക്ഷ ഉപദേഷ്ടാവിന്റെ പദവി രാജിവെച്ചിരുന്നു.

എഫ്ബിഐയോട് കള്ളം പറഞ്ഞതിന്റെ പേരില്‍ ഫഌന്നിനെതിരെയും ഗൂഢാലോചനയുടെയും പണം വെളുപ്പിക്കലിന്റെയും പേരില്‍ ട്രംപിന്റെ പ്രചാരണ സംഘത്തിലെ സഹായികളായിരുന്ന പോള്‍ മനഫോര്‍ട്ടിന്റെയും റിക്ക് ഗേറ്റ്‌സിന്റെയും പേരില്‍ കേസെടുക്കാന്‍ ഇതുവരെയുള്ള മുള്ളര്‍ സംഘത്തിന്റെ അന്വേഷണത്തിന് സാധിച്ചിട്ടുണ്ട്. ഡൊമോക്രാറ്റുകളുടെ തട്ടിയെടുത്ത ഇ-മെയിലുകള്‍ റഷ്യക്കാരുടെ കൈയിലുണ്ടെന്ന വിവരം മറച്ചുവെക്കുകയും എഫ്ബിഐയോട് നുണപറയുകയും ചെയ്തതിന്റെ പേരില്‍ ട്രംപിന്റെ പ്രചാരണ ഉപദേശകന്‍ ജോര്‍ജ് പാപഡോപൗലോസ് നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. ട്രംപിന്റെ മുഖ്യ തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രജ്ഞനായിരുന്ന സ്റ്റീവ് ബാനോണിനെ ചോദ്യം ചെയ്യാനും മുള്ളര്‍ ഉദ്ദേശിക്കുന്നുണ്ട്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നാണ് ഇതുസംബന്ധിച്ച ചോദ്യത്തിന് വൈറ്റ് ഹൗസ് വക്താവ് സാറ സാന്റേഴ്‌സ് പ്രതികരിച്ചത്. എന്നാല്‍ നിശ്ചിത ചോദ്യം ചെയ്യലുകളെ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല.

 

This post was last modified on January 24, 2018 10:22 am