X

‘സംഭവിക്കാന്‍ പാടില്ലാത്തതാണ്, സംഭവിച്ചുപോയി, ഒരു യാത്രക്കാരി സ്വന്തം കുഞ്ഞിനെ എയര്‍പോര്‍ട്ടില്‍വച്ച് മറന്നു’: യാത്രക്കിടെ പൈലറ്റിന്റെ സന്ദേശം

"സംഭവിക്കാൻ പാടില്ലാത്തതാണ്, സംഭവിച്ചുപോയി, ഒരു യാത്രക്കാരി സ്വന്തം കുഞ്ഞിനെ എയർപോർട്ടിൽ വെച്ച് മറന്നു.”

സൗദിയിൽ നിന്ന് മലേഷ്യയിലേക്ക് പോയ ഒരു ഫ്‌ളൈറ്റ് ടേക് ഓഫ് ചെയ്തു കുറച്ച് കഴിഞ്ഞപ്പോഴാണ് ഒരു യാത്രക്കാരിയുടെ ഉറക്കെയുള്ള കരച്ചിൽ. മറ്റ് യാത്രക്കാരും ഉദ്യോഗസ്ഥരും കാര്യമന്വേഷിച്ചപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസിലാകുന്നത്. ഫ്‌ളൈറ്റിൽ കയറാനുള്ള വെപ്രാളത്തിനിടയിൽ യുവതി സ്വന്തം, കുഞ്ഞിനെ ജിദ്ദാ വിമാനത്താവളത്തിൽ വെച്ച് മറന്നുപോയി! എത്രയും പെട്ടെന്ന് സൗദിയിലേക്ക് മടങ്ങിപ്പോയി കുഞ്ഞിനെ എടുക്കണമെന്ന് യുവതി കാലുപിടിച്ച് അപേക്ഷിച്ചപ്പോൾ പൈലറ്റ് ആകെ പ്രതിസന്ധിയിലായി. ഉന്നതഉദ്യോഗസ്ഥരുടെ നിർദ്ദേശമില്ലാതെ അദ്ദേഹത്തിന് സ്വന്തം ഇഷ്ടപ്രകാരം തിരിച്ചു പറക്കാൻ അനുവാദം ഇല്ലായിരുന്നു.

പിന്നീടങ്ങോട്ട് എയർലൈൻസിലേക്ക് വിളിച്ച് പൈലറ്റ് തിരിച്ച് പറക്കാനുള്ള അനുമതിയ്ക്കായി അക്ഷരാർത്ഥത്തിൽ അപേക്ഷിക്കുകയായിരുന്നു. കേട്ട് നിൽക്കുന്ന ആരുടേയും ഉള്ളുലയ്ക്കുന്ന വിധത്തിലായിരുന്നു പൈലറ്റിന്റെ അനുവാദം വാങ്ങൽ. “ദൈവം നമ്മുടെ കൂടെ ഉണ്ടാകും, ഞങ്ങൾ തിരിച്ച് പറക്കട്ടെ” എന്നാണ് പൈലറ്റ് കെഞ്ചുന്നത്. “ സംഭവിക്കാൻ പാടില്ലാത്തതാണ്, സംഭവിച്ചുപോയി, ഒരു യാത്രക്കാരി സ്വന്തം കുഞ്ഞിനെ എയർപോർട്ടിൽ വെച്ച് മറന്നു.” പൈലറ്റ് വിഷയത്തിന്റെ ഗൗരവം ആവുന്നത്ര വ്യക്തതയോടെയാണ് അധികാരികളെ ധരിപ്പിക്കാൻ ശ്രമിക്കുന്നത്.

ഒടുവിൽ എയർലൈൻസ് സമ്മതം നൽകി. മറന്നുപോയ കുഞ്ഞിനെ  ചെന്നെടുക്കാനായി വിമാനം തിരിച്ച് പറന്നു. എയർപോർട്ടിൽ നിന്നും കുഞ്ഞിനെ സുരക്ഷിതമായി വീണ്ടെടുത്ത് സന്തോഷത്തോടെ യാത്ര തുടരാനായതിന് നിരവധി പേരാണ് പൈലറ്റിന് നന്ദി അറിയിക്കുന്നത്. വളരെ അപൂർവമായേ ടേക് ഓഫ് ചെയ്ത ഫ്‌ളൈറ്റുകൾ എയർപോർട്ടിലേക്ക് തിരിച്ച് പറക്കാറുള്ളൂ. എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങളോ യാത്രക്കാർക്ക് ആർക്കെങ്കിലും ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടാകുമ്പോഴാണ് സാധാരണയായി ഫ്ളൈറ്റുകൾ തിരിച്ച് പറക്കാറ്.

This post was last modified on March 13, 2019 7:46 am