X

‘ഒന്നുകൊണ്ടും പേടിക്കേണ്ട, എല്ലാം ശരിയാകും’; സ്ലോവാക്യയുടെ ആദ്യ വനിതാ പ്രസിഡന്റാകാൻ ഒരുങ്ങി സൂസന്ന കപ്പുറ്റോവ

രാജ്യത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന ‘തിന്മകൾക്കെതിരെ അണിചേരാം’ എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടാണ് സൂസന്ന സ്ലോവാക്യയിലെ പൗരന്മാരോട് വോട്ട് അഭ്യർത്ഥിച്ചത്.

സ്ലോവാക്യയുടെ ആദ്യ വനിതാ പ്രസിഡന്റാകാൻ ഒരുങ്ങി അഴിമതി വിരുദ്ധ സന്നദ്ധ പ്രവർത്തക സൂസന്ന കപ്പുറ്റോവ. സർക്കാരിന്റെ നിത്യ വിമർശകയും ആക്ടിവിസ്റ്റുമായ സൂസന്നയ്ക്ക് വൻ ഭൂരിപക്ഷത്തിലാണ് വിജയം. 90 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ സൂസന്നയ്ക്ക് 58 .01 % വോട്ടുകളും എതിർ സ്ഥാനാർത്തിക്ക് 41 .98% വോട്ടുകളുമാണ് ലഭിച്ചത്. ഒരു പരിസ്ഥിതി അഭിഭാഷകയായി ജോലിചെയ്യുന്ന സൂസന്നയുടെ ചരിത്ര വിജയത്തിന് ലോകത്തെ വിവിധ ഇടങ്ങളിൽ നിന്ന് വലിയ അഭിനന്ദന പ്രവാഹമാണ് ലഭിച്ചുവരുന്നത്.

തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങൾ പുറത്ത് വന്ന സമയത്ത് ‘ഒന്നുകൊണ്ടും പേടിക്കേണ്ട, എല്ലാം ശരിയാകും’ എന്നായിരുന്നു സൂസന്ന ഫേസ്‌ബുക്കിൽ കുറിച്ചത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടൻ സൂസന്നയ്ക്ക് എതിരെ മത്സരിച്ച മാറോസ് സേഫ്‌കോവിക് സൂസന്നയെ വിളിച്ച് അഭിനന്ദനം അറിയിച്ചു. സ്ലോവാക്യയുടെ ആദ്യ വനിതാ പ്രസിഡന്റ്റിനെ നമ്മുക്ക് പൂച്ചെണ്ടുകൾ നൽകി സ്വീകരിക്കാമെന്നാണ് അദ്ദേഹം സ്ലോവാക്യൻ ജനതയോട് ആഹ്വാനം ചെയ്തത്.

രാജ്യത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന ‘തിന്മകൾക്കെതിരെ അണിചേരാം’ എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടാണ് സൂസന്ന സ്ലോവാക്യയിലെ പൗരന്മാരോട് വോട്ട് അഭ്യർത്ഥിച്ചത്. മനുഷ്യത്വം, സഹജീവി സ്നേഹം, സത്യസന്ധതത മുതലായ മൂല്യങ്ങളിലൂന്നിക്കൊണ്ടാണ് ഇവർ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. പ്രചാരണത്തിന്റെ അവസാന നാളുകൾ വലിയ വെല്ലുവിളി തന്നെയായിരുന്നുവെന്നും അതൊരു കഠിന യാത്ര തന്നെയായിരുന്നുവെന്നും സൂസന്ന തന്നെ സൂചിപ്പിക്കുന്നുണ്ട്.

പൊതുപ്രവർത്തന രംഗത്ത് നിരവധി വർഷങ്ങളുടെ പ്രവർത്തിപരിചയമുള്ള സൂസന്ന ആഗോള തലത്തിൽ തന്നെ പ്രശസ്തയാണ്. പരിസ്ഥിതി രംഗത്തെ മികവിന് 2016 ൽ സൂസന്നയ്ക്ക് ഒരു പുരസ്‌കാരം നൽകി രാജ്യം ആദരിച്ചിരുന്നു. പ്രശസ്ത  മാധ്യമപ്രവർത്തകൻ ജാൻ കുസൈക്കിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സൂസന്ന തെരുവിൽ ഇറങ്ങി സമരം ചെയ്തത് വലിയ വാർത്തയായിരുന്നു.