അട്ടിമറിയിലൂടെ സുഡാന്റെ ഭരണം സ്വേച്ഛാധിപതിയായ ഒമർ അൽ ബാഷിറിൽ നിന്നും പിടിച്ചെടുത്ത പ്രതിരോധ മന്ത്രി അഹമ്മദ് ഔഡി ഇബ്ൻ ഓഫ് ഔദ്യോഗികപദവി രാജിവെച്ചു. മുപ്പത് വർഷങ്ങളായി തുടരുന്ന അൽ ബാഷിറിന്റെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ പൗരന്മാരുടെ പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിലാണ് അഹമ്മദ് ഭരണ അട്ടിമറി നടത്തുന്നത്. സൈനിക അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത് സുഡാൻ ഭരിക്കാനുള്ള അഹമ്മദിന്റെ നീക്കങ്ങളെ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അൽ ബാഷിറിന്റെ ചരിത്രം തന്നെ ആവർത്തിക്കുമെന്നും മനസിലാക്കിയ ജനത പ്രതിഷേധപ്രവർത്തനങ്ങൾ അവസാനിപ്പിക്കാത്ത ഘട്ടത്തിലാണ് ഭരണം പിടിച്ചെടുത്ത് പിറ്റേന്ന് തന്നെ അഹമ്മദ് സ്ഥാനം ഒഴിയേണ്ടി വന്നത്. തങ്ങളുടെ വിപ്ലവത്തെ അഹമ്മദ് അപഹരിക്കുകയാണെന്നായിരുന്നു പ്രതിഷേധപ്രവർത്തകർ ആരോപിച്ചത്.
സൈനിക ഭരണമല്ല മറിച്ച് തീർത്തും ജനാധിപത്യപരമായ ഒരു ഭരണമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നായിരുന്നു സുഡാൻ ജനതയുടെ പക്ഷം. മാനവികതയ്‌ക്കെതിരെയുള്ള കുറ്റകൃത്യം എന്നൊരു കേസ് അൽ ബാഷിറിനെതിരെ ഇന്റർനാഷണൽ ക്രിമിനൽ കോർട്ടിൽ (ICC ) നിലനിൽക്കുന്നുണ്ട്. അൽ ബഷീറിനെ ഐസിസിക്ക് കൈമാറില്ല എന്നായിരുന്നു അട്ടിമറി നടത്തിയ അഹമ്മദ് അറിയിച്ചിരുന്നത്. സൈന്യവും യഥാർത്ഥത്തിൽ അൽ ബാഷിറിന്റെ പക്ഷം തന്നെയാണെന്നും ഇങ്ങനെയൊരു സൈനിക ഭരണമല്ല തുടർന്ന് ഈ രാജ്യം ആഗ്രഹിക്കുന്നത് എന്നുമായിരുന്നു സുഡാൻ പൗരന്മാരുടെ പ്രതികരണം.
അഹമ്മദ് രാജിവെച്ചതോടെ പ്രതിഷേധപ്രവർത്തകർ സുഡാൻ തെരുവുകളിൽ തങ്ങളുടെ സമരവിജയം വിളംബരം ചെയ്തുകൊണ്ട് ആഘോഷങ്ങൾ നടത്തി. സുഡാനിലെ പ്രതിഷേധപ്രകടനകളെ മറ്റൊരു മുല്ലപ്പൂ വിപ്ലവം എന്നാണ് ചില ആഗോളമാധ്യമങ്ങൾ വിശേഷിപ്പിച്ചത്. അൾജീരിയയിൽ ജനങ്ങൾ തെരുവിൽ ഇറങ്ങി പ്രതിഷേധിച്ചതോടെ പതിറ്റാണ്ടുകളായി തുടരുന്ന ബ്ലൂട്ടിഫിക്കെ ഭരണം അവസാനിച്ച പശ്ചാത്തലത്തിൽ ഇത് ആഗോളതലത്തിൽ തന്നെ ഒരു ട്രെൻഡ് ആയി വളർന്നേക്കാം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. സമൂഹമാധ്യമ ഇടങ്ങളുടെ സാധ്യത പരമാവധി ഉപയോഗിച്ചുകൊണ്ടും തെരുവിലിറങ്ങിയും പൗരസമൂഹം ദീർഘകാലങ്ങളായി നാടുഭരിക്കുന്ന സ്വേച്ഛാധിപതികളെ ഇറക്കിവിടുന്നത് ശുഭ സൂചനയാണെന്നും ഒരു വിപ്ലവത്തിന്റെ തുടക്കമാണെന്നുമാണ് റിപ്പോർട്ടുകൾ.
Also Read: സുഡാനിൽ പട്ടാള അട്ടിമറി; ബാഷിറിന്റെ 30 വർഷത്തെ ഏകാധിപത്യം അവസാനിച്ചു
രാജ്യത്ത് പട്ടിണിയും ദാരിദ്ര്യവും അഴിമതിയും ശക്തമായപ്പോൾ പൊറുതിമുട്ടിയാണ് അൽ ബാഷിർ ഭരണത്തിനെതിരെ തെരുവിലിറങ്ങേണ്ടി വന്നതെന്നാണ് പ്രതിഷേധപ്രവർത്തകർ പറയുന്നത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം അല്‍ ബഷീറില്‍ നിന്ന് സൈന്യം ഭരണം പിടിച്ചെടുക്കുകയും പ്രതിരോധ മന്ത്രിയായിരുന്ന അഹമ്മദ് ഔഡി ഇബ്നെ
താത്ക്കാലികമായി ഈ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ 2000-ല്‍ സര്‍ക്കാരിനെതിരെ ആരംഭിച്ച ദര്‍ഫര്‍ എന്ന സായുധ മുന്നേറ്റത്തെ ചെറുക്കാനായി ജജ്ഞാവീദ് എന്ന സര്‍ക്കാര്‍ അനുകൂല സ്വകാര്യ സായുധ സംഘത്തെ ആയുധവും അധികാരവും കൊടുത്ത് ഇറക്കിയത് അന്ന് മിലിട്ടറി ഇന്റലിജന്‍സ് ചീഫ് ആയിരുന്ന അഹമ്മദ് ആണെന്ന് ആരോപിച്ച് 2007-ല്‍ അമേരിക്ക ഇയാളെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. അന്ന് വ്യാപകമായ ബലാത്സംഗങ്ങളും കൊലപാതകങ്ങളുമാണ് ഈ സ്വകാര്യ സായുധസംഘം നടത്തിയത്.
അഹമ്മദ് ചുമതലയില്‍ നിന്ന് ഒഴിഞ്ഞതിനു പിന്നാലെ സൈന്യത്തിലെ ജനറല്‍ ഇന്‍സ്പെക്ടറും ബഹുമാന്യനുമായി കണക്കാക്കപ്പെടുന്ന ജനറല്‍ അബ്ദെല്‍ ഫത്താഹ് ബുര്‍ഹാനാണ് അധികാരം കൈമാറാനുള്ള കൌണ്‍സിലിന്റെ ചുമതല. അടുത്ത രണ്ടു വര്‍ഷത്തിനിടയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ ബുര്‍ഹാന്‍ ഈ പദവി വഹിക്കും. അല്‍- ബാഷിര്‍ ഭരണകൂടത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ചപ്പോള്‍ അവരോടു സംസാരിക്കാനും അവരുടെ വാദങ്ങള്‍ കേള്‍ക്കാനും ആദ്യം തയാറായ വ്യക്തികളില്‍ ഒരാളും ബുര്‍ഹാന്‍ ആയിരുന്നുവെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
This post was last modified on April 13, 2019 9:08 am
Leave a Comment