X

ജൂലിയന്‍ അസാഞ്ചിന്റെ അറസ്റ്റ്-അറിയേണ്ട പത്തു കാര്യങ്ങള്‍

എനിക്ക് വിക്കിലീക്സിനെക്കുറിച്ച് യാതൊന്നുമറിയില്ല എന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്. എന്നാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് 164 പ്രാവശ്യമാണ് ട്രംപ് വിക്കിലീക്സിനെ പരാമർശിച്ചത്.

വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചിന്റെ അറസ്റ്റ് മാധ്യമപ്രവർത്തനത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും സംബന്ധിച്ച ചില അടിസ്ഥാന ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ജൂലിയൻ അസാഞ്ച് ഇന്നലെ ലണ്ടനിലെ ഇക്വഡോർ എംബസ്സിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്യപ്പെടുന്നത്. ഇക്വഡോർ എംബസി നൽകി വന്നിരുന്ന അഭയം പിൻവലിച്ചതിന് പിറകെയായിരുന്നു അറസ്റ്റ്.

1. 7 വർഷങ്ങമായി ഇക്വഡോർ എംബസ്സിയിൽ അസാഞ്ച് അഭയം തേടിയത് സ്വീഡനിൽ നിലനിൽക്കുന്ന ലൈംഗികാരോപണ കേസിൽ നിന്നും രക്ഷപ്പെടാനായിരുന്നു. മെട്രോപൊളിറ്റൻ പോലീസ് അസാഞ്ചിനെ അറസ്റ്റ് ചെയ്ത് യുഎസ് സർക്കാരിനെ ഏൽപ്പിക്കുമെന്നും അവിടെ അദ്ദേഹത്തിന് അമേരിക്കയുടെ ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തിയ കുറ്റത്തിനുൾപ്പടെ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നുമാണ് ആഗോളമാധ്യമങ്ങൾ കണക്കുകൂട്ടുന്നത്.

2.രാഷ്ട്രീയ അഭയം നൽകിയതിന്റെ വ്യവസ്ഥകൾ അസാഞ്ച് നിരന്തരം ലംഘിക്കുന്നു എന്നാരോപിച്ചുകൊണ്ടാണ് ഇക്വഡോർ അസാഞ്ചിന് നല്കിവന്നിരുന്ന അഭയം പിൻവലിച്ചത്. അറസ്റ്റിന്റെ സമയത്ത് ഇക്വഡോർ പ്രസിഡണ്ട് ലെനിൻ മൊറേനോ സന്നിഹിതനായിരുന്നു.

3. സ്വീഡിഷ് ലൈംഗികാരോപണകേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകാത്തതിനും ജാമ്യത്തിന്റെ രേഖകൾ കാണിക്കാതിരുന്നതിനുമാണ് അറസ്റ്റ് എന്നാണ് ബ്രിട്ടീഷ് പോലീസ് വ്യക്തമാക്കിയത്. തങ്ങൾ യുഎസിന് വേണ്ടിയാണ് അസാഞ്ചിനെ അറസ്റ്റ് ചെയ്തതെന്ന് മെട്രോപൊളിറ്റൻ പോലീസ് പിന്നീട് വ്യക്തമാക്കി.

4.തനിക്ക് വിക്കിലീക്സിനെക്കുറിച്ച് യാതൊന്നുമറിയില്ല എന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്. എന്നാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് 164 പ്രാവശ്യമാണ് ട്രംപ് വിക്കിലീക്സിനെ പരാമർശിച്ചത്. അസാഞ്ചിന്റെ അറസ്റ്റിനെ സ്വാഗതം ചെയ്യുന്നുവെന്നും ഒരാളും നിയമത്തിനു മുകളിലല്ല എന്ന് ഈ അറസ്റ്റ് തെളിയിച്ചുവെന്നുമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പ്രതികരിച്ചത്. നിയമം ലംഘിക്കുന്ന ഏതൊരാൾക്കും ലഭിക്കുന്ന ശിക്ഷയും നടപടികളും മാത്രമേ അസാഞ്ചിന്റെ കാര്യത്തിലും ഉണ്ടാകുകയുള്ളൂ എന്നായിരുന്നു ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ പ്രതികരണം.

5. അസാഞ്ചിന്റെ അറസ്റ്റോടെ യുഎസിൽ മാധ്യമപ്രവർത്തനവും ധാർമ്മികതയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ചൂടുപിടിച്ചു. തുൾസി ഗബ്ബാർഡ് എന്ന അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഇത് മാധ്യമപ്രവർത്തകർക്കെതിരെയുള്ള നീക്കമാണെന്ന് പറഞ്ഞ് അറസ്റ്റിനെ ശക്തമായി അപലപിച്ചപ്പോൾ ഹാക്കിങ് എന്ന നിയമവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി വേണം വിക്കിലീക്സിന്റെ പ്രവർത്തനങ്ങളെ കണക്കാക്കാൻ എന്നായിരുന്നു മറ്റൊരു കൂട്ടരുടെ അഭിപ്രായം.

6. അസാഞ്ച് ഒരു ഓസ്‌ട്രേലിയൻ പൗരനാണെന്നത് വസ്തുതയാണെങ്കിലും അറസ്റ്റിന്റെ കാര്യത്തിൽ യാതൊരു തരത്തിലുള്ള ഇടപെടലുകളും നടത്താൻ ആഗ്രഹിക്കുന്നില്ലെന്ന് ഓസ്‌ട്രേലിയൻ ഭരണകൂടം വ്യക്തമാക്കി. അന്യരാജ്യത്ത് പോയി കുറ്റകൃത്യം ചെയ്യുന്നവർ അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്നും അസാഞ്ചിന്റെ കാര്യവും അങ്ങനെ തന്നെയായിരിക്കുമെന്നാണ് സ്‌കോട്ട് മോറിസൺ പ്രതികരിച്ചത്.

7. അഭിപ്രായസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന ഭരണകൂടത്തിന്റെ നീക്കങ്ങളെകുറിച്ചാണ് അസാഞ്ചിന്റെ അഭിഭാഷക ജെന്നിഫർ റോബിൻസൺ ബിബിസിയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിച്ചത്.

8.അസാൻജ് ഇക്വഡോറിന്റെ ലണ്ടൻ എംബസി കെട്ടിടത്തിൽ നിന്നും ഉടൻ പുറത്താക്കുമെന്ന് നേരത്തെ തന്നെ ഇക്വഡോറിൽ നിന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അസാഞ്ചിനെ ഇക്വഡോറിയൻ എംബസി കെട്ടിടത്തിൽ നിന്നും ഉടൻ പുറത്താക്കുമെന്നും യുകെ സർക്കാരിന്  കൈമാറുമെന്നും മെട്രോപൊളിറ്റൻ പോലീസ് അറസ്റ്റ് ചെയ്തേക്കുമെന്നുമാണ് വിക്കിലീക്സ് ഓർഗനൈസേഷൻ മുൻപ് തന്നെ അറിയിച്ചത്. ഇതുപ്രകാരം അസാഞ്ചിനെ വിട്ടയക്കാനായി  എംബസി കെട്ടിടത്തിന് മുൻപിൽ വിക്കിലീക്സ് അനുഭാവികൾ പ്രതിഷേധപ്രകടനകൾ നടത്തിയിരുന്നു.

9. 2006 ലാണ് അസാൻജ് വിക്കിലീക്സ് സ്ഥാപിക്കുന്നത്. അമേരിക്ക ഉൾ‌പ്പെടെയുള്ള രാജ്യങ്ങളുടെ വൻ രഹസ്യങ്ങൾ പുറത്ത് വിട്ടായിരുന്നു വിക്കീലീക്സും അസാഞ്ചെയും ലോക ശ്രദ്ധ പിടിച്ച് പറ്റിയത്. ഇതിന് സ്വീഡനിൽ, അദ്ദേഹത്തിനെതിരേ രണ്ട് ലൈംഗികാരോപണങ്ങൾ ഉയരുകയും സ്വീഡിഷ് ഗവൺമെന്റ് അദ്ദേഹത്തെ പിടികൂടാനുള്ള ശ്രമം തുടങ്ങുകയും ചെയ്തു. ഇത് അമേരിക്കയുടെ സമ്മർദ്ദത്തിനു വഴങ്ങി കെട്ടിച്ചമച്ച കേസാണെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. 2010 നവംബർ-30ന് അസാൻജ്നെതിരെ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഇന്റെർപോളിന്റെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. ഇതിന് പിറകെ ആയിരുന്നു അദ്ദേഹം ഇക്വഡോർ എംബസിയിൽ അഭയം തേടിയത്.

10. അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നടത്തിയ രഹസ്യപ്രവർത്തനങ്ങളുടെ രേഖകൾ ചോർത്തി പുറത്തുവിട്ടതോടെയാണ് അസാൻജ് ലോകശ്രദ്ധ നേടുന്നത്. 3 ലക്ഷത്തിൽ അധികം പേജുകൾ വരുന്ന രേഖകളുടെ പുറത്തുവിടലോടെ അദ്ദേഹം അമേരിക്കയുടെ നോട്ടപ്പുള്ളിയാവുകയായിരുന്നു. ഇന്ത്യയുമായി ബന്ധപ്പെട്ട നിരവധി രേഖകളും അദ്ദേഹം പുറത്ത് വിട്ടിരുന്നു. കമ്പ്യൂട്ടർ പ്രോഗ്രാമർ എന്ന നിലയിൽ നിന്നാണ് അദ്ദേഹം വിക്കീലീക്സിലൂടെ ലോകമറിയുന്ന വ്യക്തിയായി അദ്ദേഹം വളരുന്നത്. 2011 ഫെബ്രുവരിയിൽ സിഡ്‌നി സമാധാനപുരസ്കാരമായ ഗോൾഡ് മെഡൽ ഉൾപ്പെടെ വിക്കിലീക്സിന്റെ പ്രവർത്തനങ്ങൾക്ക് അസാഞ്ജിന് നിരവധി മാധ്യമ അവാർഡുകളും ലഭിച്ചിട്ടുണ്ട്.

This post was last modified on April 12, 2019 11:58 am