X

ബ്രെക്സിറ്റ്: തെരേസ മേ-ജെറമി കോർബിൻ സമവായ നീക്കത്തിനെതിരെ പാര്‍ട്ടികള്‍ക്കുള്ളില്‍ പ്രതിഷേധം പുകയുന്നു

നൂറിലധികം എംപിമാർ ഒറ്റക്കെട്ടായി നിന്നുകൊണ്ട് അത് പാർലമെന്റിൽ എതിർക്കുമെന്നാണ് മുതിര്ന്ന ടോറി എംപിമാരുടെ ഭീഷണി.

തദ്ദേശ തിരഞ്ഞെടുപ്പിൽ യുകെയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്ക് വോട്ടര്‍മാരിൽ നിന്നും കനത്ത തിരിച്ചടി നേരിട്ടതിനെ തുടർന്ന് വിട്ടുവീഴ്ചയ്ക്കായുള്ള അവസാന തെരേസ മേ- ജെറമി കോർബിൻ ഒത്തുതീർപ്പും അലസിപ്പിരിഞ്ഞെന്ന് റിപ്പോർട്ട്. ബ്രെക്സിറ്റ്‌ ഉടമ്പടിയുടെ കാര്യത്തിൽ ഒത്തു തീർപ്പിലെത്താനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും മുതിര്‍ന്ന ലേബർ പാർട്ടി നേതാവ് ജെറെമി കോർബിനുമായുള്ള ചർച്ച ഇരുപാർട്ടികളിലെയും അണികളുടെ എതിർപ്പുകൾ മൂലമാണ് പരാജയപ്പെട്ടതെന്നാണ് സൂചന.

തദ്ദേശ തിരഞ്ഞെടുപ്പിൽ മേയുടെ കൺസർവേറ്റിവ് പാർട്ടിയും മുഖ്യ എതിരാളി ലേബർ പാർട്ടിയും വോട്ടര്‍മാരിൽ നിന്നും കനത്ത പ്രഹരം നേരിട്ടിരുന്നു. ഈ ഘട്ടത്തിൽ ഇരുപാർട്ടികളും തമ്മിലുള്ള രാഷ്ട്രീയമായ എതിർപ്പുകളുടെ കീറാമുട്ടി പരിഹരിക്കാനാണ് ഇരുനേതാക്കളും ചർച്ചയ്‌ക്കൊരുങ്ങിയത്. ജനങ്ങൾ തിരിച്ചടിയ്ക്കുന്ന ഘട്ടത്തിൽ പാർട്ടിക്കുള്ളില്‍ ചർച്ചകൾ നടത്തേണ്ടതുണ്ടെന്ന് നേതാക്കൾ ഒറ്റകെട്ടായി തീരുമാനമെടുത്തതോടെയാണ് ഇരുവരും വിട്ടുവീഴ്‌ചയ്‌ക്കയ്‌ക്കൊരുങ്ങിയത്. എന്നാൽ ഇരുവരുടെയും പാർട്ടിനേതാക്കളും പ്രവര്‍ത്തകരും ഇടപെട്ട് ഇത് തകർക്കുകയായിരുന്നുവെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

നേതാക്കൾ അണിയറയിലെ ചരടുവലികളിലൂടെ നെയ്യുന്ന ഉടമ്പടിയ്ക്ക് പാർലമെന്റിൽ കനത്ത പ്രഹരം നേരിടേണ്ടി വരുമെന്നാണ് പ്രതിപക്ഷ എംപിമാരും ടോറി ബ്രെക്സിക്ടേഴ്സും നേതാക്കൾക്ക് താക്കീത് നൽകിയത്. എന്നാൽ ഇവിടുത്തെ സാധാരണ വോട്ടര്‍മാർ പറയുന്നത് കേൾക്കൂ, അവരെ മനസിലാക്കൂ എന്ന് തെരേസ മേ തിരിച്ചടിച്ചു. ഇതോടെ ബ്രെക്സിറ്റ്‌ വിഷയത്തിലുള്ള സംഘർഷങ്ങൾ കൂടുതൽ രൂക്ഷമാകുകയാണെന്നാണ് വിദഗ്ദരുടെ നിരീക്ഷണം.

എന്തുതരം ഉടമ്പടിയാണെങ്കിലും അത് ഒരിക്കൽ കൂടി ജനഹിത പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ പക്ഷം. ജനങ്ങൾക്ക് അവരുടെ അവസാനത്തെ സമ്മതിയും രേഖപ്പെടുത്താനുള്ള അവസരം നൽകണമെന്ന് ചിലർ വാദിക്കുന്നു. ലേബർ പാർട്ടിയുമായി ചേർന്നുള്ള ഒരു ബ്രെക്സിറ്റ്‌ ഉടമ്പടി മേ നിർമ്മിക്കുന്നത് വഞ്ചനാപരമായിരിക്കുമെന്നും നൂറിലധികം എംപിമാർ ഒറ്റക്കെട്ടായി നിന്നുകൊണ്ട് അത് പാർലമെന്റിൽ എതിർക്കുമെന്നുമാണ് മുതിര്‍ന്ന ടോറി എംപിമാരുടെ ഭീഷണി.

This post was last modified on May 5, 2019 12:06 pm