X

യു എസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി രാജിവെച്ചു; പിന്നിൽ അതിർത്തി മതിലുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെന്ന് സൂചന

നീൽസന്റെ രാജി സ്റ്റീഫൻ മില്ലർ എന്ന വലതുപക്ഷ ഉപദേഷ്ടാവിന്റെ വിജയമാണെന്നാണ് രാജി ആദ്യം റിപ്പോർട്ട് ചെയ്ത സിബിഎസ് ന്യൂസ് നിരീക്ഷിച്ചത്.

ട്രംപ് ഭരണകാലത്തെ സുപ്രധാന പല നയങ്ങളുടെയും മുഖവും നടത്തിപ്പുകാരിയുമായിരുന്ന ഹോംലാൻഡ് സുരക്ഷാ സെക്രട്ടറി കിർസ്റ്റ്ജെൻ നീൽസൺ രാജിവെച്ചു. ഒരു ഔദ്യോഗികമായ ട്വീറ്റിലൂടെയാണ് നീൽസന്റെ രാജി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചത്. നീൽസൺ തന്റെ സ്ഥാനത്ത് നിന്നും ഒഴിയുകയാണെന്നും അവരുടെ സേവനങ്ങൾക്ക് നന്ദിയുണ്ടെന്നുമായിരുന്നു ട്രംപിന്റെ ട്വീറ്റ്. തൽസ്ഥാനത്തേക്ക് ഇപ്പോഴത്തെ കസ്റ്റം ആൻഡ് ബോർഡർ സെക്യൂരിറ്റി കമ്മീഷണറായ കെവിൻ മക്കലീനനെ തിരഞ്ഞെടുക്കുന്നതായും ട്രംപ് പ്രഖ്യാപിച്ചു.

ട്രംപ് മതിൽ പണിയാൻ പദ്ധതിയിട്ടിരുന്ന യുഎസ് മെക്സിക്കോ അതിർത്തിയിലൂടെയുള്ള അനധികൃത കുടിയേറ്റക്കാരെ തടയുന്നതിൽ നീൽസൺ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ട്രംപും നീൽസനുമായി കലഹിച്ചിട്ടുണ്ടെന്നാണ് ന്യൂയോർക് ടൈംസ് മുൻപ് റിപ്പോർട്ട് ചെയ്തത്. ഔദ്യോഗിക കാര്യങ്ങളിൽ നെൽസൺ ഗുരുതരമായ പിഴവുകൾ വരുത്തിയെന്നാരോപിച്ച് ട്രംപ് ഇവരെ പരസ്യമായി അവഹേളിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ട്രംപ്- നെൽസൺ ശീതയുദ്ധം മുറുകിയതോടെ നെൽസൺ ഉടൻ തന്നെ രാജിവെച്ചേക്കും എന്ന് പല ആഗോള മാധ്യമങ്ങളും മുൻപ് തന്നെ കണക്കുകൂട്ടിയിരുന്നു.

അതിർത്തിയിൽ മതിൽ പണിയുന്നതും ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതും ഉൾപ്പടെയുള്ള കാര്യങ്ങളിൽ നീൽസണും ട്രംപും തമ്മിൽ അഭിപ്രായവിത്യാസങ്ങൾ ശക്തമായിരുന്നു. നീൽസന്റെ രാജി സ്റ്റീഫൻ മില്ലർ എന്ന വലതുപക്ഷ ഉപദേഷ്ടാവിന്റെ വിജയമാണെന്നാണ് രാജി ആദ്യം റിപ്പോർട്ട് ചെയ്ത സിബിഎസ് ന്യൂസ് നിരീക്ഷിച്ചത്. കുടിയേറ്റത്തിനെതിരെ അതിശക്തമായ നീക്കം നടത്താൻ ട്രംപിനെ നിരന്തരം ഉപദേശിച്ചുകൊണ്ടിരുന്ന മില്ലെറിന്റെ പദ്ധതികൾക്ക് നെൽസൺ ഒരു തടസ്സമായിരുന്നെന്നും അതിനാൽ നീൽസന്റെ രാജി മില്ലറിനെപ്പോലുള്ളവർക്ക് ഗുണം ചെയ്യുമെന്നുമാണ് വിദഗ്ദരുടെ നിരീക്ഷണം.

ട്രംപ് ഭരണത്തിന് കീഴിൽ താക്കോൽ സ്ഥാനങ്ങൾ വഹിക്കുന്ന ആളുകളുടെ മിന്നൽ വേഗത്തിലുള്ള പോക്കുവരവുകൾ മുൻപ് തന്നെ പലരും വിമർശിച്ചിട്ടുള്ളതാണ്. വളരെ നിർണ്ണായകമായ പ്രതിരോധ സെക്രട്ടറി, വൈറ്റ് ഹൌസ് ചീഫ്, അംബാസിഡർ തുടങ്ങിയ പതിനേഴ് സ്ഥാനങ്ങൾ ഇപ്പോൾ താത്കാലികമായ ആക്ടിങ് അഥവാ ഇൻ ചാർജ് ഉള്ള ആളുകളാണ് കൈയ്യാളുന്നത്. താത്കാലികമായി ഇത്തരം ‘ആക്ടിങ്’ ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ട്  ഭരണകാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതാണ് തനിക്ക് കൂടുതൽ സൗകര്യപ്രദം എന്ന് ട്രംപ് സൂചിപ്പിച്ചിരുന്നു. എന്നാൽ  ഈ കീഴ്വഴക്കത്തിന് ഭരണഘടനാപരമായ സാധുത ഇല്ലെന്നാണ് ചിലരുടെ ആക്ഷേപം.

This post was last modified on April 8, 2019 8:39 am