X

എംകെ രാഘവനെതിരെ സിപിഎം നല്‍കിയ പരാതി അന്വേഷിക്കും, രാഘവന്റെ വീട്ടിലെത്തി പൊലീസിന്റെ മൊഴിയെടുപ്പ്

രണ്ട് പരാതികളിലാണ് മൊഴിയെടുപ്പ്. സിപിഎം നേതാവ് പിഎ മുഹമ്മദ് റിയാസ് ആണ് രാഘവനെതിരെ നല്‍കിയ പരാതിയിലും ഗൂഢാലോചനയുണ്ടെന്ന രാഘവന്റെ പരാതിയിലും.

ടിവി 9 ഭാരത് വര്‍ഷ ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ കൈക്കൂലി ആരോപണത്തില്‍ കുടങ്ങിയ കോണ്‍ഗ്രസ് നേതാവും കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ എംകെ രാഘവനെതിരായ സിപിഎം പരാതിയില്‍ പൊലിസ് അന്വേഷണം. പിന്നില്‍ ഗൂഢാലോചനയുണ്ട് എന്ന് രാഘവന്റെ പരാതിയും പൊലീസ് അന്വേഷിക്കുന്നുണ്ട്. പൊലീസ് രാഘവന്റെ വീട്ടിലെത്തി മൊഴിയെടുത്തു. രണ്ട് പരാതികളിലാണ് മൊഴിയെടുപ്പ്. സിപിഎം നേതാവ് പിഎ മുഹമ്മദ് റിയാസ് ആണ് രാഘവനെതിരെ നല്‍കിയ പരാതിയിലും ഗൂഢാലോചനയുണ്ടെന്ന രാഘവന്റെ
പരാതിയിലും.

കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ ഭൂമി വാങ്ങുന്നതിനായി അഞ്ച് കോടി രൂപ കമ്മീഷന്‍ വാഗ്ദാനം ചെയ്യുമ്പോള്‍ അത് രാഘവന്‍ സ്വീകരിക്കുന്നതായും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മദ്യം വിതരണം ചെയ്യുന്നതിനടക്കം വിവിധ ആവശ്യങ്ങള്‍ക്കായി മൊത്തത്തില്‍ 20 കോടി രൂപ ചിലവായതായി എംകെ രാഘവന്‍ പറയുന്നതായുമാണ് ടിവി 9 വീഡിയോയില്‍ കണ്ടത്. ഇത് സിപിഎമ്മിന്റെ ഗൂഢാലോചനയാണെന്നും തന്റെ ശബ്ദം എഡിറ്റ് ചെയ്ത് ചേര്‍ത്തതായുമാണ് എംകെ രാഘവന്‍ ആരോപിച്ചത്.

രാഘവന്റെ എഡിറ്റ് ചെയ്യാത്ത വീഡിയോ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ട് എന്നാണ് ടിവി 9 ചാനല്‍ പറയുന്നത്. ചാനല്‍ മേധാവിയുടേയും റിപ്പോര്‍ട്ടര്‍മാരുടേയും മൊഴിയെടുക്കും. അതേസമയം വീഡിയോയിലെ ശബ്ദം എഡിറ്റ് ചെയ്തതാണ് എന്ന ആരോപണം എംകെ രാഘവന്‍ ആവര്‍ത്തിച്ചു. മാധ്യമപ്രവര്‍ത്തകരെന്ന് പരിചയപ്പെടുത്തിയാണ് ടിവി 9 സംഘം സമീപിച്ചതെന്നും തിരഞ്ഞെടുപ്പ് ചിലവുകളെക്കുറിച്ച് അഭിപ്രായം തേടിയെന്നും രാഘവന്‍ പറഞ്ഞു.

This post was last modified on April 8, 2019 9:29 am