X

വെനസ്വലയില്‍ അമേരിക്കയെ മുട്ടുകുത്തിക്കാന്‍ ചൈനയും റഷ്യയും; യുഎന്നില്‍ വീറ്റോ അധികാരം പ്രയോഗിച്ചു

ഒൻപത് കൗൺസിൽ അംഗങ്ങൾ പ്രമേയത്തിനനുകൂലമായി വോട്ട് ചെയ്തു.

വെനസ്വലയിൽ “സ്വതന്ത്രവും സമാധാനപൂർവവുമായി” തിരഞ്ഞെടുപ്പ് നടത്താനായി ഐക്യരാഷ്ട്രസഭയോട് നിർദേശിക്കുന്ന യുഎസ് നേതൃത്വത്തിലുള്ള പ്രമേയത്തിനെതിരെ വീറ്റോ അധികാരം പ്രയോഗിച്ച് ചൈനയും റഷ്യയും. വീറ്റോ അധികാരം ഉള്ള ഈ ഇരുരാജ്യങ്ങളെ കൂടാതെ ദക്ഷിണാഫ്രിക്കയും തിരഞ്ഞെടുപ്പിനെതിരെ വോട്ട് ചെയ്തു. ഒൻപത് കൗൺസിൽ അംഗങ്ങൾ പ്രമേയത്തിനനുകൂലമായി വോട്ട് ചെയ്തു. എന്നാൽ ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങൾ പ്രകാരം ഒൻപത് വോട്ടുകൾ കിട്ടിയിട്ടുണ്ടെങ്കിൽ പോലും വീറ്റോ അധികാരമുള്ള അഞ്ച് രാജ്യങ്ങളിൽ ഏതെങ്കിലും ഒരു രാജ്യമെങ്കിലും വീറ്റോ പ്രയോഗിച്ചാൽ ആ പ്രമേയം അംഗീകരിക്കാനാകില്ല.

“നോക്കൂ, ഞങ്ങൾ കൂടി അംഗീകരിക്കുകയാണെങ്കിൽ വെനസ്വലയിലെ ഇപ്പോഴത്തെ പ്രസിഡന്റിനെ സഭ നീക്കം ചെയ്ത് തൽസ്ഥാനത്തേക്ക് മറ്റൊരാളെ കൊണ്ട് വരും. ചരിത്രത്തിൽ ഒരിടത്തും കേട്ടുകേൾവി പോലുമില്ലാത്ത ഒരു തെറ്റായ കീഴ്വഴക്കമാണത്. അമേരിക്ക വെറുതെ പുകമറ സൃഷ്ടിക്കുകയാണ്” റഷ്യ ആരോപിച്ചു. 

വെനസ്വലയിലെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് വെനിസ്വലയിലെ ജനങ്ങൾ തന്നെയാണെന്നാണ് യുഎസിനെ പരോക്ഷമായി വിമർശിച്ച് കൊണ്ട്  ചൈനയുടെ അംബാസിഡർ വു ഹൈറ്റോ പ്രതികരിച്ചത്.

വെനസ്വലയിൽ രാഷ്ട്രീയ പ്രതിസന്ധിയും സാമ്പത്തിക പ്രശനങ്ങളും അനുദിനം വളരുന്ന സാഹചര്യത്തിൽ ഈ പ്രതിസന്ധിഘട്ടത്തെ എങ്ങനെ മറികടക്കാമെന്ന് ഐക്യരാഷ്ട്രസഭ ചർച്ച ചെയ്യുകയായിരുന്നു. വെനസ്വലയിലെ നിലവിലെ പ്രസിഡണ്ട് നിക്കോളാസ് മഡുറോയെ നീക്കി ജുവാൻ ഗൈഡോ പ്രസിഡണ്ട്  ആകണമെന്നാണ് ഭൂരിഭാഗം യൂറോപ്യൻ രാജ്യങ്ങളും തുടക്കം മുതലേ പറഞ്ഞിരുന്നു. ഇതിനിടയിൽ മഡുറോയുടെ തിരഞ്ഞെടുപ്പ് വിജയം വഞ്ചനാപരമായിരുന്നുവെന്നും താനാണ് വെനിസ്വലയുടെ യഥാർത്ഥ പ്രസിഡണ്ടെന്നും പറഞ്ഞുകൊണ്ട് ഗൈഡോ തന്നെ രംഗത്തെത്തിയിരുന്നു.

മഡുറോ ഭരണത്തിൽ കീഴിൽ ജനങ്ങൾ വല്ലാത്ത കഷ്ടപ്പാടിലാണെന്നും രാജ്യത്തിന്റെ സാമ്പത്തിക നില ആകെ തകരാറിലാണെന്നും യു എസ് പ്രതിനിധി എല്ലിയോട്ട് എബ്രാംസ് സഭയെ ധരിപ്പിച്ചു. പതിനായിരക്കണക്കിനാളുകളാണ് പ്രതിസന്ധി കാരണം രാജ്യം വിട്ടു പോകുന്നത്. യുഎസിനെ കൊണ്ട് കഴിയുന്നത് പോലെ സഹായങ്ങൾ മരുന്നുകളായും ഭക്ഷണ സാധനങ്ങളായും എത്തിക്കുന്നുണ്ടെന്നും യുഎസ് അവകാശപ്പെടുന്നുണ്ട്.

വെനസ്വലയിൽ ഉണ്ടായിരിക്കുന്ന മാനവിക പ്രതിസന്ധിയും, മഡുറോയുടെ സൈന്യം നാട്ടിലെ പൗരന്മാർക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ജനാധിപത്യ വിരുദ്ധമായ ആക്രമണങ്ങളെക്കുറിച്ചുമാണ് സഭയിൽ യു എസ് ഊന്നി പറഞ്ഞത്. യു എസ് പ്രമേയത്തിനൊപ്പം നിന്ന ഫ്രാൻസ്, യുകെ, ബെൽജിയം, ജർമ്മനി മുതലായ രാജ്യങ്ങളും വെനസ്വലയിൽ സമാധാനപരമായ അന്തരീക്ഷവും പൗരന്മാരുടെ സുരക്ഷിതത്വവും കാര്യമായ ഭീഷണിയിലാണ് എന്ന് ഒറ്റക്കെട്ടായി സമ്മതിക്കുന്നുണ്ട്.  അതിനാൽ തിരഞ്ഞെടുപ്പ് അനിവാര്യമാണെന്നാണ് ഈ രാജ്യങ്ങളുടെ നയതന്ത്രജ്ഞർ വാദിക്കുന്നത്.