X

‘ഇനി ഒരു ഭീകരനും ഇവിടെ നിന്നും തോക്കുകള്‍ കിട്ടില്ല’; ന്യൂസിലാൻഡിൽ സെമി ഓട്ടോമാറ്റിക്ക് റൈഫിളുകൾ നിരോധിച്ചു

ഏപ്രിൽ 11 ന് നിയമം പ്രാബല്യത്തിൽ വരും.

“ഭീകരാക്രമണം നടന്ന് ആറ് ദിവസങ്ങൾക്കുള്ളിൽ ഞങ്ങൾ സെമി ഓട്ടോമാറ്റിക്ക് റൈഫിളുകൾ നിരോധിക്കുകയാണ്. ആ ഭീകരൻ കൊലയ്ക്കുപയോഗിച്ച ആയുധങ്ങളെല്ലാം നിയമപരമായി തന്നെ വാങ്ങിയതായിരുന്നു. മാഗസിനുകളും മറ്റും ശേഖരിച്ച്, അവയൊക്കെ നോക്കി നിസ്സാരമായി ഇയാൾ ആയുധങ്ങൾ ഓൺലൈനായി വാങ്ങി. ഇനി മേൽ അങ്ങനെ ഒരു കാര്യം ഇവിടെ നടക്കില്ല. ഈ രാജ്യം ആയുധങ്ങൾ നിരോധിക്കുകയാണ്.” ന്യൂസിലാൻഡ് ക്രൈസ്റ്റ് ചർച്ചിലിലെ രണ്ട് മുസ്‌ലിം പള്ളികളിൽ ആസ്ട്രേലിയൻ ഭീകരൻ വെടിവെയ്പ്പ് നടത്തിയതിനെ തുടർന്ന് രാജ്യത്തിൽ സെമി ഓട്ടോമാറ്റിക് ആയുധങ്ങൾ നിരോധിച്ചുകൊണ്ട് പ്രധാനമന്ത്രി ജെസിൻഡ ആർഡൻ പരസ്യമായി പ്രഖ്യാപനം നടത്തി.

അസോൾട്ട് റൈഫിളുകളുടെയും മിലിട്ടറി സ്റ്റൈൽ സെമി ഓട്ടോമാറ്റിക് (MSSA) ആയുധങ്ങളുടെയും വിൽപ്പന പൂർണ്ണമായും നിരോധിക്കുമെന്നാണ് ഇവർ പത്രസമ്മേളനത്തിൽ വ്യക്തമാക്കുന്നത്. രാജ്യത്തിൽ തോക്കു നിയമങ്ങൾ ശക്തമാക്കുമെന്നും അക്കാര്യത്തിൽ തന്റെ ക്യാബിനറ്റ് ഒറ്റക്കെട്ടാണെന്നും പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് സെമി ഓട്ടോമാറ്റിക് ആയുധങ്ങൾ നിരോധിച്ചുവെന്ന് പ്രധാനമന്ത്രി പത്രസമ്മേളനം വിളിച്ചു ചേര്‍ത്ത് അറിയിക്കുന്നത്.

ഏപ്രിൽ 11 ന് നിയമം പ്രാബല്യത്തിൽ വരും. MSSAകൾ ആക്കി മാറ്റാൻ കെൽപ്പുള്ള ആയുധങ്ങളുടെ വിവിധ ഭാഗങ്ങളുടെ വില്പനയും പൂർണ്ണമായും നിരോധിക്കും. ഇതിനോടകം തന്നെ വിറ്റഴിച്ചിട്ടുള്ള ആയുധങ്ങൾ തിരിച്ചെടുക്കുന്നതുൾപ്പടെയുള്ള നടപടികളെ കുറച്ച് ആലോച്ചു വരികയാണെന്നും ആർഡൻ മാധ്യമങ്ങളോട് പറഞ്ഞു.

‘ഇത് ഞങ്ങൾ തുടങ്ങിവെച്ച നടപടിക്രമങ്ങളുടെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ. പടിപടിയായി ഓരോന്ന് പുറകെ വരാനിരിക്കുന്നതേയുള്ളൂ.’ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളിൽ ഒന്നായ ന്യൂസിലാൻഡിൽ അപ്രതീക്ഷിതമായി സംഭവിച്ച വിപത്തിനെ നേരിടാനുള്ള പദ്ധതികളെ കുറിച്ച് ആത്മവിശ്വാസത്തോടെയാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബ്രെണ്ടൻ റ്ററന്റ്റ് എന്ന ഭീകരൻ ക്രൈസ്റ്റ്  ചർച്ചിലെ രണ്ട് മുസ്‌ലിം പള്ളികളിൽ കടന്നെത്തി വെടിവെച്ച് 50 മുസ്ലീങ്ങളുടെ ജീവനെടുത്തത്. തീവ്ര വെള്ള ദേശീയതയും അന്ധമായ മുസ്‌ലിം വിരുദ്ധതയുമാണ് ഇയാളെ കൂട്ടക്കൊലയ്ക്ക് പ്രേരിപ്പിച്ചത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ലമെന്‍റ് യോഗം ഖുർആൻ വചനങ്ങൾ പറഞ്ഞുകൊണ്ടാണ് ആരംഭിച്ചത്. താൻ ആക്രമിയുടെ പേര് പോലും യോഗത്തിൽ ഉച്ചരിക്കില്ലെന്നും അയാളെ ഭീകരനെന്നും തീവ്രവാദിയെന്നും മാത്രമേ വിളിക്കൂ എന്നുമാണ് ആർഡൻ യോഗത്തിൽ വ്യക്തമാക്കിയത്.

This post was last modified on March 21, 2019 1:39 pm