X

ചിദംബരത്തിന്റെ ഹർജി ചീഫ് ജസ്റ്റിസിന് വിട്ടു, ഉടൻ ജാമ്യമില്ല; ലുക്ക് ഔട്ട് നോട്ടീസുമായി സിബിഐ

മുൻ കേന്ദ്രമന്ത്രി ഒളിവിലാണെന്നാണ് പുതിയ റിപ്പോർട്ടുകൾ

ഐഎന്‍എക്‌സ് മാക്‌സ് കേസില്‍ മുൻ കേന്ദ്ര മന്ത്രി പി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി തീരുമാനം എടുത്തില്ല. അപക്ഷ പരിഗണിച്ച ഉടൻ ഫയൽ ചീഫ് ജസ്റ്റിസിന് കൈമാറുന്നതായി അറിയിക്കുകയായിരുന്നു.

ഹർജിയിൽ അടിയന്തിരമായി തിരുമാനമെടുക്കാനില്ലെന്നായിരുന്നു ജസ്റ്റിസ് രമണ അപേക്ഷ ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടത്. ഇതോടെ മുൻ കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഉച്ചയ്ക്ക് ശേഷത്തേക്ക് മാറ്റി. എന്നാൽ അറസ്റ്റ് തടയുന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങളും സുപ്രീം കോടതി നൽകിയില്ലെന്നതും ശ്രദ്ധേയമാണ്.

അതേസമയം, മുൻ കേന്ദ്രമന്ത്രി ഒളിവിലാണെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഈ സാഹചര്യത്തിൽ പി ചിദംബരത്തിനായി സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ചിദംബരം രാജ്യം വിടാതിരിക്കാനാണ് നടപടി.

ഇന്നലെ രാത്രിയോടെ ചിദംബരത്തെ തേടി പോലീസ് വീട്ടിലെത്തി നോട്ടീസ് പതിച്ച സിബിഐ ഉദ്യോഗസ്ഥർ ഇന്ന് രാവിലെയും അദ്ദേഹത്തെ തേടി ഡൽഹി ജോർബാഗിലെ വസതിയിലെത്തിയിരുന്നു. കേസ് അന്വേഷിക്കുന്ന സിബിഐ ഡെ. സൂപ്രണ്ടിന് മുമ്പാകെ ഹാജരാവണമെന്ന വ്യക്തമാക്കുന്ന നോട്ടീസ് ഉദ്യോഗസ്ഥർ ഇന്നും വീട്ടിൽ പതിച്ചിട്ടുണ്ട്.

Explainer: എന്താണ് ചിദംബരത്തെയും മകനെയും കുടുക്കിയ ഐഎന്‍എക്‌സ് കേസ്?

 

 

This post was last modified on August 21, 2019 12:33 pm