X

ഇറാന്‍ സുരക്ഷ സൈനികര്‍ ഖത്തറില്‍; പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു

ഷെയ്ഖ് തമീം ബിന്‍ ഹമദ് അലി താനിയുടെ കൊട്ടാരത്തിനുള്ളിലെ സംരക്ഷണം ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് ഏറ്റെടുത്തെന്നാണു റിപ്പോര്‍ട്ട്

 

ഗള്‍ഫ് മേഖലയില്‍ പ്രതിസന്ധി രൂക്ഷമാക്കുന്ന തരത്തില്‍ ഇറാന്റെ ഇടപെടലെന്നു റിപ്പോര്‍ട്ട്. സൗദിയും മറ്റ് ജിസിസി അംഗരാജ്യങ്ങളും ഒറ്റപ്പെടുത്തിയ ഖത്തറിന് സഹായവുമായി ഇറാന്‍ രംഗത്തെത്തിയെന്നതാണ് പുതിയ വാര്‍ത്ത. ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡിലെ സൈനികര്‍ ഖത്തറില്‍ എത്തിയെന്നും ഇവര്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അലി താനിയുടെ കൊട്ടാരത്തിനുള്ളിലെ സംരക്ഷണം ഏറ്റൈടുത്തുമെന്നാണ് അല്‍-അറേബ്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിശീലനത്തിന്റെ ഭാഗമായാണ് ഇറാന്‍ സേന ഖത്തറില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഖത്തറിനെതിരേയുള്ള ബന്ധം വിച്ഛേദിക്കാന്‍ സൗദിയടക്കമുള്ളവര്‍ പറഞ്ഞ കാരണങ്ങളില്‍ ഒന്ന് ഖത്തര്‍ ഇറാനെ പിന്തുണയ്ക്കുന്നൂ എന്നതാണ്. മേഖലയെ അസ്ഥിരപ്പെടുത്താന്‍ ഇറാന്‍ നടത്തുന്ന ഭീകരവാദത്തിനു ഖത്തര്‍ പിന്തുണകൊടുക്കുന്നുവെന്നായിരുന്നു സൗദിയും യുഎഇയുമെല്ലാം ആരോപിച്ചിരുന്നത്.

ഇറാനുമായി ശത്രുത വളര്‍ത്തിക്കൊണ്ടുപോകുന്നത് ബുദ്ധിയല്ല എന്ന് ഖത്തര്‍ കഴിഞ്ഞമാസം ഒരു പ്രഖ്യാപനം നടത്തിയിരുന്നു. ഇറാനിലെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഹസന്‍ റൂഹാനിയെ ഖത്തര്‍ ഭരണാധികാരി തുറന്ന് അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സൗദിയടക്കമുള്ളവരുടെ വിദ്വേഷം ആ രാജ്യത്തോട് വര്‍ദ്ധിച്ചതും. ഇറാനും ഖത്തറും പരസ്പരം സുരക്ഷസഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള തീരുമാനവും കൈക്കൊണ്ടിരുന്നു.

സൗദി,യുഎഇ, ലിബിയ, യെമന്‍, ഈജിപ്ത്, മാലിദ്വീപ് എന്നീ രാജ്യങ്ങളാണ് ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങള്‍ ഇവസാനിപ്പിച്ചത്. സൗദിയും യുഎഇയും ഖത്തറുമായി പങ്കിടുന്ന കര, കടല്‍, വ്യോമാതിര്‍ത്തികളെല്ലാം അടച്ചിരിക്കുകയാണ്. ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്നാണ് എല്ലാവരും ഖത്തറിനെ കുറ്റപ്പെടുത്തുന്നതും. അമേരിക്കയും ഖത്തറിനെ ഒറ്റപ്പെടുത്തിയ നടപടിയെ അംഗീകരിച്ചുകൊണ്ട് രംഗത്തു വന്നിരുന്നു. ഭീകകരവാദത്തിന്റെ അന്ത്യം കുറിക്കലിന്റെ ആരംഭം എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ പരാമര്‍ശം. അതേസമയം ഈ വഷയത്തില്‍ ഇറാന്‍ നേരിട്ട് ഇടപെട്ടതോടെ പ്രതിസന്ധികള്‍ കൂടുതല്‍ രൂക്ഷമാകുമെന്നു തന്നെയാണു വിലയിരുത്തല്‍.

This post was last modified on June 9, 2017 4:00 pm