X

കാണാതാവുന്നവരെല്ലാം ഐഎസിലോ? പുലിവാലുപിടിച്ച് പൊലീസും കുടുംബങ്ങളും

അഴിമുഖം പ്രതിനിധി

ദിവസം തോറും ഐഎസിലേക്ക് പോവുന്നവരുടെ കണക്കുകള്‍ വലുതാകുമ്പോള്‍ വര്‍ഷങ്ങളായി മക്കളെ കാണാതായ കുടുംബങ്ങളെല്ലാം വേവലാതിയില്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടുവിട്ടവരും കാണാതായവരും വിദേശത്ത് പോയി തരിച്ചുവരാത്തവരുമൊക്കെ ഐഎസില്‍ പോയതാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പരക്കുമ്പോള്‍ മക്കളെ കാണാതായതിനേക്കാളും വലിയ മനോവേദനയിലാണ് സംസ്ഥാനത്തിപ്പോള്‍ നിരവധി കുടുംബങ്ങള്‍. പുതിയ സാഹചര്യത്തില്‍ ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് മിസ്സിംങ് ആയവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കാനും തുടങ്ങിയതോടെ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണിവര്‍.

ഒരു ഭാഗത്ത് കുടുംബങ്ങള്‍ വേവലാതിയിലാവുമ്പോള്‍ അതേ അവസ്ഥയാണ് അന്വേഷണത്തിനിറങ്ങുന്ന പൊലീസുകാരുടേയും. കാണാതാവുന്നവരെല്ലാം ഐഎസിലേക്ക് പോയിട്ടുണ്ടാവുമെന്ന തരത്തില്‍ പ്രചരണങ്ങള്‍ തുടങ്ങിയതോടെ അന്വേഷണത്തിനിറങ്ങുന്ന പൊലീസ് സംഘങ്ങള്‍ പുലിവാല് പിടിക്കുകയാണ്.

സംസ്ഥാനത്ത് കാണാതായെന്ന പരാതിയുള്ളത് കൂടുതലും പെണ്‍കുട്ടികളെയാണ്. ഇവരില്‍ ഭൂരിഭാഗവും പ്രണയിച്ച് ഒളിച്ചോടുന്നവരാണ്. വലിയൊരുവിഭാഗം രക്ഷിതാക്കളെ വെട്ടിച്ച് പലസ്ഥലങ്ങളിലായി ഒളിച്ച് താമസിക്കുന്നു. ചിലര്‍ മതം മാറി ഭര്‍ത്താവിന്റെ വീട്ടിലും മറ്റുമായി ജീവിക്കുന്നു. മതം മാറിയതിനാല്‍ വീട്ടിലേക്ക് വരാനുള്ള പ്രയാസം കാരണം പലരും വരുന്നില്ല. വരാന്‍ തയ്യാറാവുന്ന ചിലരെ വീട്ടുകാര്‍ കയറ്റുന്നുമില്ല. അതുകൊണ്ടുതന്നെ അവരുടെ മിസ്സിംങ് പരാതികള്‍ക്ക് തീര്‍പ്പുണ്ടാവുന്നുമില്ല. യുവാക്കളില്‍ ചിലര്‍ പല കാരണങ്ങളാല്‍ വീട്ടില്‍ നിന്ന് ഒളിച്ചോടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നുണ്ട്. മറ്റുചിലര്‍ വിദേശത്ത് പോയ ശേഷം മടങ്ങിവരാത്തവരാണ്. വിദേശരാജ്യങ്ങളില്‍ നിന്ന് പലകാരണങ്ങളാല്‍ മിസ്സിംഗാവുന്നവരുണ്ട്. ചിലര്‍ ദുരൂഹസാഹചര്യങ്ങളില്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. ഇത്തരത്തില്‍ നിരവധി ആളുകള്‍ വര്‍ഷങ്ങളായി നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും മിസ്സിംഗാണ്. നിരവധി കുടുംബങ്ങള്‍ ഇവരെ കണ്ണീരോടെ കാത്തിരിക്കുന്നു. 

കോഴിക്കോട് മെഡിക്കല്‍കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനി കഴിഞ്ഞ ദിവസം ഹോസ്റ്റലില്‍ നിന്ന് ഒരു മുസ്‌ലീം യുവാവിനൊപ്പം ഒളിച്ചോടിയ വാര്‍ത്തയെവരെ ചില ആളുകള്‍ ഐഎസുമായി ബന്ധിപ്പിച്ചു. പെണ്‍കുട്ടിയുടെ അമ്മ മെഡിക്കല്‍ കോളേജ് സ്‌റ്റേഷനില്‍ പരാതി നല്‍കിയ സാഹചര്യത്തിലായിരുന്നു ചില ഹിന്ദുസംഘടനകളടക്കം ലൗജിഹാദും ഐഎസ്സുമായി രംഗത്തെത്തിയത്. എന്നാല്‍ പെണ്‍കുട്ടിയേയും കാമുകനേയും മട്ടാഞ്ചേരിയില്‍ വെച്ച് കസ്റ്റഡിയിലെടുത്തുകൊണ്ടുവന്നപ്പോള്‍ ഐഎസ് ബന്ധമാരോപിച്ചവരെല്ലാം വാലിനും തീയും പിടിച്ച് ഓടി. പെണ്‍കുട്ടിയെ കുന്ദമംഗലം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ 23കാരിയായ അവള്‍ കാമുകനൊപ്പം പോകാന്‍ തീരുമാനിച്ചു. പെണ്‍കുട്ടി മതംപോലും മാറിയിട്ടില്ലായിരുന്നു.

മിസ്സിംഗാവുന്നതില്‍ ആരെങ്കിലുമൊകെ ഐഎസുപോലുള്ള തീവ്രവാദ സംഘടനകളിലേക്ക് ചേക്കേറിയിട്ടുമുണ്ടാവാം. പക്ഷെ പുതിയ സാഹചര്യത്തില്‍ മിസ്സിംഗാവുന്നവരുടേയെല്ലാം നേരെ നാട്ടുകാരോ ബന്ധുക്കളോ ഐഎസ് ബന്ധം ആരോപിക്കാന്‍ തുടങ്ങിയതോടെ കുടുംബാംഗങ്ങള്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്. തേടിച്ചെല്ലുന്ന പൊലീസിനോടും മാധ്യമങ്ങളോടുമെല്ലാം പൊട്ടിത്തെറിക്കുന്നവരുമുണ്ട്. കാണാതാവുന്നര്‍ക്കെല്ലാം മേല്‍ മാധ്യമങ്ങളും നാട്ടുകാരും ഐസ് ബന്ധം ചുമത്തിത്തുടങ്ങിയാല്‍ തങ്ങളെന്തുചെയ്യണമെന്നാണ് പോലീസും ചോദിക്കുന്നത്. കേരളത്തില്‍ നിന്നൊരാള്‍ക്ക് സിറിയയിലോ അഫ്ഗാനിസ്ഥാനിലോ പോകുന്നതിനോ താമസിക്കുന്നതിനോ മതംമാറുന്നതിനോ നിയന്ത്രണമില്ലാത്ത അവസ്ഥയില്‍ എന്തുകേസാണ് ഇവര്‍ക്കൊക്കെ എതിരെ എടുക്കേണ്ടതെന്നും പൊലീസ് ചോദിക്കുന്നു.  

This post was last modified on December 27, 2016 4:21 pm

Related Post
Leave a Comment