X

ലണ്ടന്‍ ഭീകരാക്രണം: അക്രമി ഖാലിദ്‌ മസൂദ്, 52 വയസ്, യാഥാസ്ഥിതികന്‍, ക്രിമിനല്‍

അക്രമിയും പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടു

ബ്രിട്ടീഷ് വംശജനായ 52-കാരന്‍ ഖാലിദ് മസൂദാണ് ബ്രീട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തിനടത്തുണ്ടായ ഭീകരാക്രമണം നടത്തിയതെന്ന വിവരം പുറത്തു വന്നതോടെ വിശ്വസിക്കാനാവാതെ അയല്‍ക്കാര്‍. സ്വതവേ ശാന്തപ്രകൃതിയും കുടുംബസ്ഥനുമായ ഒരാളായാണ് ഖാലിദിനെ തങ്ങള്‍ കണ്ടിട്ടുള്ളത് എന്നാണ് അയല്‍ക്കാര്‍ പറയുന്നത്.

ആക്രമാണത്തിന്റെ ഉത്തരവാദിത്തം നേരത്തെ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തിരുന്നു. പാര്‍ലമെന്റിനടുത്ത് വെസ്റ്റ്മിനിസ്റ്റര്‍ ബ്രിഡ്ജില്‍ ജനങ്ങള്‍ നടക്കുന്നിടത്തേക്ക് അക്രമി വാഹനമോടിച്ചു കയറ്റുകയായിരുന്നു. തുടര്‍ന്ന് ഒരു പോലീസുകാരനെ കുത്തുകയും ചെയ്തു. സ്ഥലത്തെത്തിയ സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് പോലീസ് ഇയാളെ ഉടന്‍ വെടിവച്ചു കൊന്നു. ഇയാളും പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടെ നാലു പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

‘നമ്മള്‍ ഭയപ്പെടില്ലല്ല. നമ്മുടെ ജനാധിപത്യത്തെ നിശബ്ദമാക്കാനാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്’ എന്ന് ഇന്നു പാര്‍ലമെന്റ് ചേര്‍ന്നപ്പോള്‍ പ്രധാനമന്ത്രി വ്യക്തമാക്കി. അക്രമി ബ്രിട്ടീഷ് വംശജനണെന്ന് വ്യക്തമാക്കിയ തെരേസ മെയ്, ഏതാനും വര്‍ഷം മുമ്പ് തീവ്ര ആക്രമണ സ്വഭാവം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇയാള്‍ അന്വേഷണ പരിധിയില്‍ ഉണ്ടായിരുന്ന ആളാണെന്നും വ്യക്തമാക്കി.

അക്രമി ഒറ്റയ്ക്കായിരുന്നുവെന്നും അതുകൊണ്ടു തന്നെ കൂടുതല്‍ ആക്രമണം ഉണ്ടാകാനുള്ള സാധ്യതയില്ലെന്നുമാണ് പോലീസ് കരുതുന്നതെന്ന് അവര്‍ പറഞ്ഞു. അക്രമം നടത്തിയയാള്‍ ഇസ്ലാമിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായിരുന്നു എന്നാണ് തങ്ങള്‍ക്ക് മനസിലായിട്ടുള്ളതെന്നും അവര്‍ പറഞ്ഞു.

 

Also Read: പേടിപ്പിച്ച് കീഴടക്കാമെന്ന് കരുതരുത് ഈ നഗരത്തെ: ലണ്ടനില്‍ നിന്ന് രാജേഷ് കെ എഴുതുന്നു

 

ആക്രമണവുമായി ബന്ധപ്പെട്ട് ലണ്ടനില്‍ നിന്നും ബിര്‍മിങ്ഹാമില്‍ നിന്നുമായി എട്ടുപേരെ അറസ്റ്റ് ചെയ്തതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ മൂന്നു സ്ത്രീകള്‍ ഉള്ളതായും സൂചനയുണ്ട്.

അതേസമയം ഖാലിദ് മതം മാറ്റം നടത്തിയ ആളാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭാര്യയും മൂന്ന് കുട്ടികളുമായി ബര്‍മിംഗ്ഹാമില്‍ താമസിച്ചിരുന്ന ഖാലിദ് കടുത്ത മതവിശ്വാസി ആയിരുന്നെന്നും അദ്ധ്യാപകന്‍ ആണെന്നാണ്‌ തന്നെ പരിചയപ്പെടുത്തിയിരുന്നതെന്നും അയല്‍ക്കാര്‍ പറയുന്നു. എന്നാല്‍ അധ്യാപകന്‍ ആകാനുള്ള യോഗ്യതകള്‍ ഇയാള്‍ നേടിയിട്ടില്ലെന്നും എവിടെയും പഠിപ്പിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

പോലീസിന്റെ ക്രിമിനല്‍ ലിസ്റ്റില്‍ 80-കള്‍ മുതല്‍ ഉള്ളയാളാണ് ഖാലിദ്. 1983-ലാണ് ഇയാള്‍ ആദ്യമായി അറസ്റ്റിലാകുന്നത്. ഒരാളെ ആക്രമിച്ചതിനായിരുന്നു ഇത്. പിന്നീട് അറസ്റ്റിലാകുന്നത് കത്തി സൂക്ഷിച്ചതിന് 2013-ലും. ക്രിമിനല്‍ സ്വഭാവം ഉള്ളയാള്‍ എന്ന നിലയില്‍ ഏറെക്കാലമായി ഇയാള്‍ നിരീക്ഷണത്തില്‍ ആയിരുന്നുവെന്നും എന്നാല്‍ ഇയാള്‍ ഭീകരാക്രമണം നടത്താന്‍ സാധ്യതയുള്ളതായ സൂചനകള്‍ ഒന്നും ഇന്റലിജന്‍സിന് ലഭിച്ചിരുന്നില്ല എന്നും പോലീസ് പറയുന്നു.

ഇപ്പോഴും പരമ്പരാഗത മുസ്ലീം വസ്ത്രം ധരിക്കാന്‍ ഇഷ്ട്ടപ്പെട്ടിരുന്ന ഇയാള്‍ ബോഡി ബില്‍ഡര്‍ ആയി ജോലി ചെയ്തിരുന്നുവെന്നും ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

സമീപകാലത്ത് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയിട്ടുള്ള ആക്രമണങ്ങള്‍ എല്ലാം 20-കളിലുള്ള ചെറുപ്പക്കാരെ ഉപയോഗിച്ചായിരുന്നു. അതുകൊണ്ടു തന്നെ 52-കാരനായ ഖാലിദ് ആക്രമണം നടത്തിയതിന്റെ സാഹചര്യങ്ങള്‍ അന്വേഷിക്കുകയാണ് പോലീസ്.

ഇസ്ലാമിക് സ്റ്റേറ്റുമായി ഇയാള്‍ക്ക് ദീര്‍ഘകാല ബന്ധം ഇല്ലെന്നാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ടുള്ള അവരുടെ പ്രസ്താവനയില്‍ നിന്ന് മനസിലാകുന്നത് എന്നു ബ്രിട്ടീഷ് പോലീസ് പറയുന്നു. തങ്ങളുടെ ആഹ്വാനം ഏറ്റെടുത്ത സൈനികന്‍ എന്നാണ് ഐഎസ് ഇയാളെ വിശേഷിപ്പിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി അറബിക്ക് പുറമേ, ജര്‍മന്‍, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളിലും ഐഎസ് പ്രസ്താവന പുറത്തിറക്കിയിരുന്നു. തിരിച്ചടികള്‍ നേരിടുമ്പോഴും തങ്ങളുടെ സാന്നിധ്യം ബോധ്യപ്പെടുത്താനും വിവിധ യോറോപ്യന്‍ രാജ്യങ്ങളിലുള്ള അനുയായികളെ പ്രചോദിപ്പിക്കാനുമാണ് ഇതെന്നാണ് പോലീസ് കരുതുന്നത്.

This post was last modified on March 24, 2017 12:16 pm