അഴിമുഖം പ്രതിനിധി
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം സീസണില്‍ ടീമുകളിലേക്കുള്ള കളിക്കാരുടെ ലേലവും കളിക്കാരെ വിഭജിച്ചെടുക്കലും മുംബയില്‍ ആരംഭിച്ചു. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായ സുനില്‍ ഛേത്രിയെ മുംബെ സിറ്റി സ്വന്തമാക്കി. 80 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഛേത്രിയെ 1.2 കോടി രൂപയ്ക്കാണ് ലേലം കൊണ്ടത്. സ്‌ട്രൈക്കറായ ഛേത്രി ആദ്യ സീസണില്‍ കളിച്ചിരുന്നില്ല. ഇന്ത്യയ്ക്കുവേണ്ടി ഇതുവരെ 87 കളികളില്‍ നിന്ന് 50 ഗോളുകള്‍ ഛേത്രി നേടിയിട്ടുണ്ട്. പുനെ എഫ്‌സി മിഡ്ഫീല്‍ഡറായ യൂജിന്‍സന്‍ ലിങ്‌ദോയെ 1.05 കോടി രൂപയ്ക്ക് ടീമിലെത്തിച്ചു. അടിസ്ഥാന വില 27.5 ലക്ഷം രൂപയായിരുന്നു. 40 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന മലയാളി പ്രതിരോധനിരക്കാരന്‍ അനസ് എടത്തൊടികയെ ദല്‍ഹി ഡൈനാമോസ് 41 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി. മധ്യനിരക്കാരനായ തോയ് സിങ്ങിനെ ചെന്നൈയിന്‍ എഫ്‌സി 86 ലക്ഷം രൂപയ്ക്ക് ലേലം കൊണ്ടു. 39 ലക്ഷം രൂപയായിരുന്നു 24-കാരനായ തോയ് സിങ്ങിന്റെ അടിസ്ഥാന വില. ജാക്കി ചാങ് സിങ്ങിനെ പുനെ എഫ്‌സി 45 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി. വിങ്ങറായ സിങ്ങിന്റെ അടിസ്ഥാന വില 20 ലക്ഷം രൂപയായിരുന്നു.
മിഡ് ഫീല്‍ഡര്‍ അരാറ്റ ഇസുമിയെ 68 ലക്ഷം രൂപയ്ക്ക് നിലവിലെ ചാമ്പ്യന്‍മാരായ അത്‌ലറ്റിക്കോ കൊല്‍ക്കത്ത സ്വന്തമാക്കി. മധ്യനിരക്കാരനായ ഈ ജാപ്പനീസുകാരന്റെ അടിസ്ഥാന വില 40 ലക്ഷം രൂപയാണ്. സ്‌ട്രൈക്കറായ റോബിന്‍ സിങ്ങ് 51 ലക്ഷം രൂപയ്ക്ക് ദല്‍ഹി ഡൈനാമോസിലെത്തി. 40 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില. ദേശീയ ടീമില്‍ ഛേത്രിക്കൊപ്പം ആക്രമണ നിരയില്‍ കളിച്ചുള്ള സിങ്ങിന്റെ പരിചയം മുതല്‍ക്കൂട്ടാകും. ഗോള്‍ കീപ്പറായ കരണ്‍ജിത്ത് സിങിനെ ചെന്നൈയില്‍ എഫ് സി 65 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി. 60 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില. ഇന്ത്യയ്ക്കുവേണ്ടി സാഫ് ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെയുള്ളവയില്‍ ഗോള്‍ വല കാത്തിട്ടുണ്ട്.
മലയാളിയായി പ്രതിരോധനിരക്കാരന്‍ റിനോ ആന്റോയെ 90 ലക്ഷം രൂപയ്ക്ക് കൊല്‍ക്കത്ത സ്വന്തമാക്കി. 17.5 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില. ടാറ്റാ ഫുട്‌ബോള്‍ അക്കാദമിയിലൂടെ വളര്‍ന്ന റിനോ ബംഗളുരു എഫ്‌സിയുടെ ഐ ലീഗ് കിരീട നേട്ടത്തില്‍ പങ്കുവഹിച്ചിരുന്നു. മധ്യനിരയിലെ താരമായ സെയ്ത്യാന്‍ സിങ്ങിനെ നോര്‍ത്ത് ഈസ്റ്റ് എഫ്‌സി 56 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി. അടിസ്ഥാന വില 20 ലക്ഷം രൂപയായിരുന്നു.
കാവിന്‍ ലോബോയെ 20 ലക്ഷം രൂപയ്ക്കും ശങ്കര്‍ സംപിഗിരാജിനെ 10 ലക്ഷം രൂപയ്ക്കും പീറ്റര്‍ കര്‍വാലോയെ 12 ലക്ഷം രൂപയ്ക്കും സികെ വിനീതിനെ 15 ലക്ഷം രൂപയ്ക്കും കേരള ബാസ്റ്റേഴ്‌സ് ലേലത്തില്‍ പിടിച്ചു. കഴിഞ്ഞ വര്‍ഷം കേരള ബ്ലാസ്റ്റേഴ്‌സിനുവേണ്ടി മികച്ച പ്രകടനം കാഴ്ച വച്ച സുശാന്ത് മാത്യുവിനെ എട്ട് ലക്ഷം രൂപയ്ക്ക് പുനെ എഫ്‌സിസ്വന്തമാക്കി. മറ്റൊരു മലയാളിയായ എംപി സക്കീറിനെ 23 ലക്ഷം രൂപയ്ക്ക് ചെന്നൈയിന്‍ എഫ്‌സിയും വാങ്ങിച്ചു.
This post was last modified on December 27, 2016 3:13 pm
Leave a Comment