X

കുട്ടിച്ചാവേറുകളെ കൊല്ലാന്‍ വിടുന്ന ഇസ്ലാമിക് സ്റ്റേറ്റ്

ഗ്രെഗ് മില്ലര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

അവന് 12 വയസിലേറെ പ്രായമില്ല. അവന്‍ അച്ഛനെ കെട്ടിപ്പിടിച്ചു. പിന്നെ സ്ഫോടകവസ്തുക്കള്‍ നിറച്ച ഒരു കവചിതവാഹനത്തില്‍ കയറി. പിരിയും മുമ്പ് ഒരിക്കല്‍ക്കൂടി അച്ചന്റെ കൈകളില്‍ ചുംബിച്ചു. അന്തരീക്ഷത്തില്‍ ഒരഗ്നിഗോളമായി മാറാനുള്ള അന്ത്യയാത്രയിലാണവന്‍.

അലെപ്പോയില്‍ കഴിഞ്ഞ മാസം നടന്ന ആക്രമണം കഴിഞ്ഞവര്‍ഷം ഇസ്ലാമിക് സ്റ്റേറ്റ് കുട്ടികളെയും കൌമാരക്കാരേയും ഉപയോഗിച്ച നടത്തിയ 85-ലേറെ ചാവേര്‍ ആക്രമണങ്ങളില്‍ ഒന്നുമാത്രമാണ്.കുട്ടികളെയും കൌമാരക്കാരേയും കൊലക്കളത്തിലേക്കയക്കുന്ന തന്ത്രം ഭീകരസംഘടന കൂടുതലായി നടത്തിവരുന്നു എന്നാണ് പുതിയ ഗവേഷണം കാണിക്കുന്നത്.

ആച്ഛന്റെയും മകന്റെയും രംഗം ഇസ്ലാമിക് സ്റ്റേറ്റ് കഴിഞ്ഞ മാസം പുറത്തിറക്കിയ പ്രചാരണ ദൃശ്യങ്ങളില്‍ ഒന്നാണ്. ഇറാക്കിലും സിറിയയിലും സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണത്തിന് സംഘടന എങ്ങനെയാണ് കുട്ടികളെ ഉപയോഗിക്കുന്നത് എന്നതിലേക്ക് ഇത് വെളിച്ചം വീശുന്നു.

“മുമ്പെന്നെത്തേക്കാളും കൂടുതലായി ഇസ്ലാമിക് സ്റ്റേറ്റ് കുട്ടികളേയും ചെറുപ്പക്കാരെയും സംഘടിപ്പിക്കുന്നുണ്ട്,” യു.എസ് സൈനിക അക്കാദമി പുറത്തിറക്കിയ റിപ്പോര്‍ടില്‍ പറയുന്നു.

കുട്ടികളെ ചാവേര്‍ ആക്രമണത്തിനുപയോഗിക്കുന്നത്, തങ്ങളുടെ ആശയങ്ങളും ഭീതിദമായ ആക്രമവുമായി ചെറുപ്പം മുതലേ ചേര്‍ന്നുനില്‍ക്കുന്ന സ്കൂളില്‍ പഠിക്കുന്ന പ്രായത്തിലുള്ള ഒരു തലമുറ തീവ്രവാദികളെ സൃഷ്ടിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്.

സിറിയയില്‍ ഒരു ശക്തിയായി മാറിയതു മുതല്‍ പുറത്തുള്ളവരെ ഞെട്ടിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് കുട്ടികളെ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ മാസം പുറത്തുവിട്ട ഒരു ദൃശ്യത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലേക്കെട്ടും കെട്ടിയ ഒരു കുട്ടി, ചാരന്മാരെന്ന് കുറ്റപ്പെടുത്തിയ മൂന്നുപേരെ ഇരുത്തിയ ഒരു കാര്‍ വിദൂര നിയന്ത്രണ സംവിധാനം ഉപയോഗിച്ച് സ്ഫോടനത്തില്‍ തകര്‍ക്കുന്നതായി കാണിക്കുന്നു.

മരണം ഉറപ്പായ ദൌത്യങ്ങള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് കുട്ടികളെ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ഏറ്റവും സമഗ്രമായ റിപ്പോര്‍ടാണ് ഇത്. ഏതാണ്ട് 60% ഇരകളും കൌമാരക്കാരാണ്-12നും 16നും ഇടക്ക് പ്രായമുള്ളവര്‍. 18-ല്‍ കൂടുതല്‍ പ്രായമുള്ള ആരുമില്ല. 8-ഉം 9-ഉം വയസായ കുട്ടികള്‍ വരെയുണ്ട് എന്ന പഠനദൌത്യത്തില്‍ ഉണ്ടായിരുന്ന ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു.

ജനുവരിക്ക് ശേഷം മാത്രം 11 കുട്ടികള്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ചാവേറുകളായി കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്ഷം ഇതേ മാസത്തില്‍ ഇത് 6 ആയിരുന്നു എന്നു റിപ്പോര്‍ടില്‍ (“Depictions of Children and Youth in the Islamic State’s ‘Martyrdom’ Propaganda.” )

രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനനാളുകളില്‍ നാസി ജര്‍മ്മനിയില്‍ സംഭവിച്ചതുപോലെ, കുട്ടികളെ പോരാട്ടത്തിനിറക്കുന്നത് അങ്കലാപ്പിന്റെ അടയാളമാണ്. എന്നാല്‍ പോരാളികളുടെ എണ്ണം കുറയുന്നതല്ല കുട്ടികളെ പോര്‍ക്കളത്തിലിറക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റിനെ പ്രേരിപ്പിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു.

മറിച്ച്, പ്രചാരാണസ്വാധീനം, പെട്ടന്ന് തിരിച്ചറിയുന്നത് ഒഴിവാക്കാം തുടങ്ങി ഖിലാഫത്ത് പുനഃസ്ഥാപിക്കുന്നതില്‍ കുഞ്ഞുങ്ങളുടെ ജീവിതം വരെ ഉപയോഗിക്കാം എന്ന വിശ്വാസം പുലര്‍ത്തുന്ന ഒരു വ്യവസ്ഥ എന്നിവയെല്ലാം ഇതിന് കാരണമാണ്.

“പകരക്കാരായല്ല, ISIS യുദ്ധയന്ത്രത്തിലെയും ചാവേറുകളുമായാണ്  കുട്ടികളെ അവര്‍ ചേര്‍ക്കുന്നതെന്ന് ശ്രദ്ധിക്കേണ്ട കാര്യമാണ്,” റിപ്പോര്‍ട് എഴുതിയവരില്‍ ഒരാളായ ചാര്‍ലീ വിന്റര്‍ പറഞ്ഞു.

കൂടുതല്‍ ഭൂപ്രദേശവും പോരാളികളെയും ഇസ്ലാമിക് സ്റ്റേറ്റിന് നഷ്ടപ്പെട്ടാല്‍ ഈ പ്രവണത രൂക്ഷമാകുമെന്നും വിന്റര്‍ പറയുന്നു.

ഇസ്ലാമിക് സ്റ്റേറ്റ് വലിയ ഭൂപ്രദേശത്ത് നിയന്ത്രണം കയ്യാളുന്ന ഇറാക്കിലും സിറിയയിലും നിന്നാണ് ചാവേറുകളായ ഭൂരിഭാഗം കുട്ടികളും. മറ്റുള്ളവര്‍ പശ്ചിമേഷ്യയില്‍ നിന്നും വടക്കന്‍ ആഫ്രിക്കയില്‍ നിന്നും നാലുപേരെങ്കിലും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുമാണ്. ഇതില്‍ രണ്ടുപേര്‍ ബ്രിട്ടനില്‍ നിന്നും ഓരോരുത്തര്‍ വീതം ഫ്രാന്‍സിലും ആസ്ട്രേലിയയില്‍ നിന്നുമാണ്.

2015 ജനുവരിക്കും 2016-നുമിടയ്ക്ക് കൊല്ലപ്പെട്ട ചാവേര്‍ കുട്ടികളുടെ എണ്ണം കണക്കാക്കിയത് ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രചാരണ ദൃശ്യങ്ങള്‍ വെച്ചാണ്. പക്ഷേ അവരൊരിക്കലും ഇരകളുടെ ശരിയായ പേരോ വയസോ വെളിപ്പെടുത്താറില്ല. ശാരീരിക സവിശേഷതകളും മറ്റ് സൂചനകളും വെച്ചാണ് ഗവേഷകര്‍ കൌമാരക്കാരെന്നും അതിനു താഴെയുള്ളവരെന്നും തരംതിരിച്ചത്.

89 സംഭവങ്ങളില്‍ 36 എണ്ണം സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ ഓടിച്ചുവന്നായിരുന്നു. 18 എണ്ണം ശത്രുനിരയില്‍ സംഘമായിച്ചെന്ന് ആദ്യം  വെടിവെപ്പ് നടത്തി പിന്നീട് ചാവേര്‍ സ്ഫോടനം നടത്തിയതാണ്. സാധാരണക്കാര്‍ക്ക് നേരെ 2 ആക്രമണം മാത്രമാണ് നടന്നത്.

ബോകോഹറാം പോലുള്ള മറ്റുപല ഭീകര സംഘടനകളും പൊതുജനങ്ങളുടെ വെറുപ്പ് ഒഴിവാക്കാന്‍ തങ്ങള്‍ കുട്ടികളെ പോരാട്ടത്തിന് ഉപയോഗിക്കുന്നത് മറച്ചുവെക്കാറുണ്ട്. എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റ് അത് പതിവാക്കുകയും പ്രദര്‍ശിപ്പിക്കുകയുമാണ്. ചാവേര്‍ ആക്രമണങ്ങളില്‍ മാത്രമല്ല, പരസ്യമായി തല  വെട്ടുന്നിടത്തും മറ്റ് കുട്ടികള്‍ ചാവേറുകളായി പോകുന്ന ദൃശ്യപ്രദര്‍ശനങ്ങളിലും കുട്ടികള്‍ പങ്കെടുക്കുന്നു.

“ഇത് തെറ്റിനെയും ശരിയെയും കുറിച്ചുള്ള കാഴ്ച്ചപ്പാട് മാറ്റുന്നതിനും തങ്ങള്‍ കാണുന്ന ദൃശ്യങ്ങളിലെ ഭീകരതയോട് കുട്ടികളെ പൊരുത്തപ്പെടുത്താനുമാണ്,” എന്നു ഗവേഷകയായ മിയ ബ്ലൂം പറഞ്ഞു. “ഇത് കുട്ടികളെ കൂടുതല്‍ കടുപ്പക്കാരാക്കുകയും ഭാവിയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ക്ക് മാനസികമായി രൂപപ്പെടുത്തുകയും ചെയ്യുന്നു.”

ഇരകളുടെയും അവരുടെ കുടുംബങ്ങളുടെയും സ്വകാര്യതയുടെ ലംഘനമാകും എന്നു കാണിച്ചു റിപ്പോര്‍ടില്‍ ചിത്രങ്ങളും ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടില്ല.  എന്നാല്‍ പെന്റഗന്‍ ധനസഹായത്തോടെ നടത്തിയ പഠനത്തില്‍ ഓണ്‍ലൈനില്‍ പ്രചരിച്ച ദൃശ്യങ്ങളെക്കുറിച്ച് ധാരാളം പരാമര്‍ശിക്കുന്നുണ്ട്.

ഇതിലാണ് അലെപ്പോയില്‍ കണ്ടപോലുള്ള അച്ഛനും മകനുമുള്ള ദൃശ്യം. രക്തസാക്ഷി എന്നു വിശേഷിപ്പിക്കുന്ന ബേസ്ബോള്‍ തൊപ്പി വെച്ച ഇസ്ലാമിക് സ്റ്റേറ്റിന്റെ താത്ക്കാലിക തലസ്ഥാനമായ സിറിയയിലെ റക്കയില്‍ നിന്നുള്ള മറ്റൊരു കുട്ടിയുടെ ചിത്രവും ഇങ്ങനെയുള്ളതാണ്.

ഈ റിപ്പോര്‍ട് പൂര്‍ത്തിയാക്കിയതിന് ശേഷവും കുട്ടിച്ചാവേറുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് തന്നെ അത്തരത്തിലെ 5 പേരുടെ ദൃശ്യങ്ങള്‍ അതിനുശേഷം പ്രചാരണത്തിനായി പുറത്തുവിട്ടു. 

This post was last modified on March 11, 2016 8:16 am