X

അവസാന ദിവസങ്ങളിലും കൊണ്ടും കൊടുത്തും വിജയാനന്ദും ജേക്കബ് തോമസും

അവസാന ദിവസങ്ങളിലും പരസ്പരം പഴിചാരിയുള്ള റിപ്പോര്‍ട്ടുകളും കത്തുകളും അയച്ചു

ഇന്നലെ സര്‍വീസില്‍ നിന്നും വിരമിച്ച ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദും വിജിലന്‍സ് സ്ഥാനത്തു നിന്നും ഒഴിവാക്കപ്പെട്ട ജേക്കബ് തോമസും അവസാന ദിവസങ്ങളിലും പരസ്പരം പഴിചാരിയുള്ള റിപ്പോര്‍ട്ടുകളും കത്തുകളും അയച്ചു. ജേക്കബ് തോമസിനെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോര്‍ട്ട് വിജയാനന്ദ് നല്‍കിയപ്പോള്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പുനര്‍നിയമനം നല്‍കരുതെന്ന് ജേക്കബ് തോമസ് റിപ്പോര്‍ട്ട് നല്‍കി.

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും ഒഴിവാക്കുന്നതിന് മൂന്ന് ദിവസം മുമ്പാണ് ജേക്കബ് തോമസ് സര്‍ക്കാരിന് കത്തയച്ചത്. എസ്എം വിജയാനന്ദ് വിരമിച്ച ശേഷം പുതിയ ചുമതല നല്‍കിയേക്കുമെന്ന് സൂചനയുള്ളപ്പോഴാണ് ജേക്കബ് തോമസിന്റെ ഈ കത്തെന്നത് ശ്രദ്ധേയമാണ്. ഡ്രഡ്ജര്‍ ആരോപണത്തിലും തമിഴ്‌നാട്ടിലെ സ്വത്ത് മറച്ചുവയ്ക്കലിലും ജേക്കബ് തോമസിനെ പ്രതിക്കൂട്ടിലാക്കിയാണ് എജിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

ഉന്നത ഉദ്യോഗത്തില്‍ നിന്നും വിരമിക്കുന്നവര്‍ക്ക് നിയമനം നല്‍കിയാല്‍ അതിന് എല്ലാവര്‍ക്കും ഒരേ മാനദണ്ഡം പാലിക്കണമെന്ന് ജേക്കബ് തോമസിന്റെ കത്തില്‍ നിര്‍ദ്ദേശിക്കുന്നു. 25 വര്‍ഷം പ്രവര്‍ത്തി പരിചയമായി കണക്കാക്കിയാല്‍ എല്ലാവര്‍ക്കും അത് ബാധകമാക്കണമെന്നും കത്തില്‍ പറയുന്നു.

തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്നും തമിഴ്‌നാട്ടിലുള്ള സ്വത്തിന്റെ വിവരം മറച്ചുവച്ചു എന്നുമുള്ള ആരോപണങ്ങളാണ് വിജയാനന്ദിന്റെ റിപ്പോര്‍ട്ടില്‍ ജേക്കബ് തോമസിനെതിരെ ഉന്നയിക്കുന്നത്. മൂന്ന് ആരോപണങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടാണ് സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി വിജയാനന്ദ് എജിക്ക് നല്‍കിയത്.

കേസുകളെ സംബന്ധിച്ച വസ്തുത അതേപടി അറിയിച്ചെന്നാണ് റിപ്പോര്‍ട്ടിനെ കുറിച്ചുള്ള വിജയാനന്ദിന്റെ പ്രതികരിച്ചത്.

This post was last modified on April 1, 2017 2:11 pm

Related Post
Leave a Comment