X

ജേക്കബ് തോമസിനെ തിരിച്ചെടുക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ്; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി

കേന്ദ്രത്തെ സ്വാധീനിച്ച് സ്വയം വിരിമിക്കല്‍ നേടിയെടുക്കാന്‍ കൂടിയാണ് തന്റെ ആര്‍എസ്എസ് ബന്ധം അദ്ദേഹം പരസ്യപ്പെടുത്തിയതെന്നും സൂചനയുണ്ട്.

ഡിജിപി ജേക്കബ് തോമസിനെ ഉടന്‍ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. ജേക്കബ് തോമസ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയാണ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് വന്നിരിക്കുന്നത്. തുടര്‍ച്ചയായ അച്ചടക്ക ലംഘനം നടത്തുന്നു എന്ന് ആരോപിച്ചാണ് ജേക്കബ് തോമസിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിക്കുന്നു, സര്‍ക്കാരിന്റെ അനുമതിയില്ലാതെ പുസ്‌കമെഴുതുന്നു തുടങ്ങി നിരവധി ആരോപണങ്ങള്‍ ജേക്കബ് തോമസിനെതിരെ ഉണ്ട്.

സ്വയം വിരമിക്കാനുള്ള ജേക്കബ് തോമസിന്റെ നീക്കത്തിനെതിരെയും നേരത്തെ സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഇക്കാര്യങ്ങള്‍ പ്രതിപാദിച്ച് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഓഖി, പ്രളയം തുടങ്ങിയവയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിച്ച് ജേക്കബ് തോമസ് രംഗത്തെത്തിയിരുന്നു.

ഔദ്യോഗിക രഹസ്യങ്ങള്‍ സര്‍വീസ് സ്‌റ്റോറി എഴുതി പരസ്യപ്പെടുത്തിയെന്നുള്ള ആരോപണവും റിപ്പോര്‍ട്ടിലുണ്ട്. ഇതിന് പുറമെ തുറമുഖ ഡയറക്ടറായിരിക്കെ ഡ്രെഡ്ജര്‍ വാങ്ങിയതിലെ വിജിലന്‍സ് അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടുകളും സംസ്ഥാനം കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്ന് മല്‍സരിക്കാനാണ് സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയത്. എന്നാല്‍ അപേക്ഷ സംസ്ഥാനം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് കേന്ദ്രത്തിന് നല്‍കുകയായിരുന്നു.

ജേക്കബ് തോമസിന്റെ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ ഔദ്യോഗിക രഹസ്യങ്ങള്‍ വെളിപ്പെടുത്തതാണെന്ന ആരോപണം ഉണ്ടായിരുന്നു. ഇതെ തുടര്‍ന്ന് പുസ്തകം പ്രസിദ്ധീകരിച്ച തൃശ്ശൂര്‍ കറന്റ് ബുക്ക്‌സില്‍നിന്നും സര്‍ക്കാര്‍ വിശദീകരണം തേടിയത് വലിയ വിവാദമുണ്ടാക്കിയിരുന്നു.

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ജേക്കബ് തോമസിനെയായിരുന്നു വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത്. എന്നാല്‍ പിന്നീട് സര്‍ക്കാരുമായി അകലുകയായിരുന്നു. ഓഖി ദുരന്തത്തിന് ശേഷം നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിനാണ് ആദ്യം സസ്‌പെന്‍ഷനിലായത്. പുസ്തകത്തിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് വീണ്ടും സസ്‌പെന്‍ഷന്‍ ലഭിച്ചു. തുറമുഖ ഡയറക്ടറായിരിക്കെ ഡെഡ്ജര്‍ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് പിന്നീട് നടപടി നേരിട്ടത്.

കഴിഞ്ഞ 25 വര്‍ഷമായി ആര്‍എസ്എസുമായി തനിക്ക് ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം ജേക്കബ് തോമസ് പറഞ്ഞിരുന്നു. കേന്ദ്രത്തെ സ്വാധീനിച്ച് സ്വയം വിരിമിക്കല്‍ നേടിയെടുക്കാന്‍ കൂടിയാണ് തന്റെ ആര്‍എസ്എസ് ബന്ധം അദ്ദേഹം പരസ്യപ്പെടുത്തിയതെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി ആര്‍ എസ്എസ് നേതാക്കളുമായി ജേക്കബ് തോമസ് ചര്‍ച്ച നടത്തിയിരുന്നു.

This post was last modified on July 29, 2019 12:57 pm