X

മുഖ്യമന്ത്രി പങ്കെടുക്കില്ല; ജേക്കബ് തോമസിന്റെ ആത്മകഥ പ്രകാശന ചടങ്ങ് റദ്ദാക്കി

കെ സി ജോസഫ് എംഎല്‍എയുടെ കത്ത് പരിഗണിച്ചാണു മുഖ്യമന്ത്രി പിന്മാറിയത്

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ലെന്നു അറിയിച്ചതിനെ തുടര്‍ന്നു ഡിജിപി ജേക്കബ് തോമസ് ഐപിഎസ് എഴുതി സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന ആത്മകഥയുടെ പ്രകാശന ചടങ്ങ് ഉപേക്ഷിച്ചു. ഇന്നു വൈകുന്നേരം അഞ്ചു മണിക്ക് തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്‍ ആയിരുന്നു പ്രകാശന ചടങ്ങ് വച്ചിരുന്നത്.

കെ സി ജോസഫ് എംഎല്‍എ നല്‍കിയ കത്ത് പരിഗണിച്ചാണ് മുഖ്യമന്ത്രി ചടങ്ങില്‍ നിന്നും പിന്മാറിയത്. സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണു പുസ്തകം എഴുതിയതെന്നും വിവാദ പരാമര്‍ശങ്ങള്‍ ഉള്ള പുസ്തകം പ്രകാശനം ചെയ്യരുതെന്നുമായിരുന്നു കെ സി ജോസഫ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

താന്‍ മുഖ്യമന്ത്രിയോട് അനുവാദം ചോദിച്ചശേഷമാണ് പുസ്തകം എഴുതാന്‍ തുടങ്ങിയതെന്നു നേരത്തെ ജേക്കബ് തോമസ് പറഞ്ഞിരുന്നു. വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് ഇപ്പോള്‍ അവധിയിലാണ്.

അതേസമയം പുസ്തകത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ മന്ത്രി സി ദിവാകരന്‍ എന്നിവര്‍ക്കെതിരേയുള്ള ഭാഗങ്ങള്‍ പുറത്തുവന്നത് ചര്‍ച്ചയായിരുന്നു. ഇരുമുന്നണികളിലെയും നേതാക്കന്മാരെക്കുറിച്ച് പുസ്തകത്തില്‍ പരാമര്‍ശങ്ങള്‍ ഉണ്ടെന്നാണ് അറിവ്. മദനിയെ അറസ്റ്റ് ചെയ്യാന്‍ വിസമ്മതിച്ചതോടെയാണു സര്‍വീസില്‍ തന്റെ കഷ്ടകാലം ആരംഭിച്ചതെന്നും ഈ പുസ്‌കതത്തില്‍ ജേക്കബ് തോമസ് കുറിച്ചിട്ടുണ്ട്. പുസ്തകം പുറത്തിറങ്ങുന്നതോടെ വലിയവിവാദങ്ങള്‍ ഉണ്ടാകമെന്നായിരുന്നു നിരീക്ഷണം.

This post was last modified on May 22, 2017 4:03 pm