X

തമിഴ്‌നാട്ടിലെ പ്രക്ഷോഭം അവസാനിപ്പിച്ചില്ല; ജെല്ലിക്കെട്ട് ഉപേക്ഷിച്ചേക്കും

ഓഡിനന്‍സിന് പകരം ഒരു കോടതിയ്ക്കും ചോദ്യം ചെയ്യാനാകാത്ത വിധത്തില്‍ ശക്തമായ നിയമനിര്‍മ്മാണം നടത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം

തമിഴ്‌നാട്ടില്‍ ദിവസങ്ങളായി തുടര്‍ന്നുവരുന്ന ജനകീയ പ്രക്ഷോഭത്തിന് ഫലം കണ്ടതോടെ ജെല്ലിക്കെട്ടിനായുള്ള ഒരുക്കത്തിലാണ് ഇന്ന് തമിഴ് ജനത. രാവിലെ പത്ത് മണിക്ക് മധുരയിലെ അളകാനെല്ലൂരില്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യും. മറ്റ് സ്ഥലങ്ങളില്‍ പതിനൊന്ന് മണിക്ക് ജെല്ലിക്കെട്ട് ആരംഭിക്കും.

ഇന്നലെ സര്‍ക്കാര്‍ ഓഡിനന്‍സ് പാസാക്കിയതോടെയാണ് ഇന്ന് ജെല്ലിക്കെട്ട് നടക്കുന്ന കാര്യത്തില്‍ തീരുമാനമായത്. അതേസമയം ആറ് മാസം മാത്രമാണ് ഈ ഓഡിനന്‍സിന് കാലവധിയുള്ളൂവെന്നത് നാട്ടുകാരെ ആശങ്കയിലാക്കുന്നു. അതിനാല്‍ ജെല്ലിക്കെട്ട് പ്രതിഷേധം അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. അളകാനെല്ലൂരിലും മറീനബീച്ചിലും ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. ആറുമാസത്തെ കാലാവധി മാത്രമുള്ള ഓഡിനന്‍സിന് പകരം ഒരു കോടതിയ്ക്കും ചോദ്യം ചെയ്യാനാകാത്ത വിധത്തില്‍ ശക്തമായ നിയമനിര്‍മ്മാണം നടത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം. താല്‍ക്കാലിക പ്രശ്‌ന പരിഹാരത്തിന് തയ്യാറല്ലെന്നും എല്ലാവര്‍ഷവും ജെല്ലിക്കെട്ട് നടത്താനുള്ള അനുമതിയാണ് വേണ്ടതെന്നും പ്രക്ഷോഭകര്‍ പറയുന്നു.

അളകാനെല്ലൂരിലെ സ്ഥിരം ജെല്ലിക്കെട്ട് വേദിക്ക് സമീപം പ്രതിഷേധക്കാര്‍ തടിച്ചുകൂടിയിരിക്കുകയാണ്. ഇവിടെ ജെല്ലിക്കെട്ട് നടത്താന്‍ അനുവദിക്കില്ലെന്നാണ് പ്രക്ഷോഭകാരികളുടെ നിലപാട്. പലയിടങ്ങളിലും റോഡ് ഉപരോധിക്കുന്ന പ്രതിഷേധക്കാര്‍ മധുര, ഡിണ്ടിഗല്‍, സേലം എന്നിവിടങ്ങളില്‍ റെയില്‍പ്പാതയും ഉപരോധിച്ചു. ഇതേ തുടര്‍ന്ന് മധുര വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

വെള്ളിയാഴ്ച വൈകുന്നേരം കേന്ദ്രത്തിലേക്ക് അയച്ച ഓഡിനന്‍സിന് 24 മണിക്കൂറിനകം മൂന്ന് മന്ത്രാലയങ്ങളുടെ അംഗീകാരവും രാഷ്ട്രപതിയുടെ അനുമതിയും ലഭിച്ചിരുന്നു. ജെല്ലിക്കെട്ട് നിരോധനം നീക്കം ചെയ്തുകൊണ്ടുള്ള ഓഡിനന്‍സിന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഇന്നലെ അംഗീകാരം നല്‍കിയിരുന്നു. അതേസമയം പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. സര്‍ക്കാര്‍ ഇവരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ ജെല്ലിക്കെട്ട് നടക്കില്ലെന്ന അവസ്ഥയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

മധുരയിലെ അളകാനെല്ലൂര്‍, പാലമേട്, ആവണിപുരം എന്നീ പ്രമുഖ കേന്ദ്രങ്ങളില്‍ ജെല്ലിക്കെട്ട് ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അളകാനെല്ലൂരില്‍ മാത്രം മുന്നൂറ്റന്‍പതിലേറെ കാളകള്‍ തയ്യാറായിട്ടുണ്ട്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജെല്ലിക്കെട്ട് ആരംഭിക്കുന്നത്. 2014ല്‍ സുപ്രിംകോടതിയുടെ നിരോധന ഉത്തരവിറങ്ങിയതിനെ തുടര്‍ന്ന് രണ്ട് വര്‍ഷമായി ജെല്ലിക്കെട്ട് നടക്കുന്നുണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷം പ്രത്യേക ഉത്തരവിലൂടെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും മൃഗക്ഷേമ സംഘടനയായ പെറ്റ നല്‍കിയ ഹര്‍ജിയില്‍ സുപ്രിംകോടതി ഇത് തടഞ്ഞു.

This post was last modified on January 22, 2017 11:11 am