തങ്ങളുടെ പരാതികള്‍ സമൂഹ മാധ്യമങ്ങളിലൂടെ ഉന്നയിക്കുന്ന ജവാന്മാര്‍ കര്‍ശനമായും ശിക്ഷിക്കപ്പെടുമെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. അത്തരം നീക്കങ്ങള്‍ അതിര്‍ത്തി കാക്കുന്ന സൈനികരുടെ ആത്മവീര്യത്തെ കെടുത്തുമെന്നതിനാലാണ് നടപടി കര്‍ക്കശമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ തുടര്‍ച്ചയായി ആക്രമണം നടത്തുന്ന പാകിസ്ഥാനെ വിമര്‍ശിച്ച അദ്ദേഹം നമുക്ക് അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെ വെറുതെ നോക്കില്ലെന്നും ശക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരസേന ദിനത്തില്‍ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനികര്‍ക്കുള്ള ധീരതാപുരസ്‌കാരങ്ങളും ചടങ്ങില്‍ സമ്മാനിച്ചു.
ഏതെങ്കിലും സൈനികര്‍ക്ക് പരാതിയുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ശരിയായ ഒരു രീതിയുണ്ടെന്നും അതിലൂടെയും പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ തന്നെ നേരിട്ട് സമീപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസങ്ങളില്‍ ജവാന്മാര്‍ തങ്ങള്‍ പട്ടിണിയിലാണെന്ന സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത് വിവാദമായിരുന്നു. 2016ന്റെ അവസാന മാസങ്ങളില്‍ ജമ്മു കാശ്മീരിലെ സ്ഥിതി വഷളായെന്നും അദ്ദേഹം അറിയിച്ചു.
This post was last modified on January 15, 2017 5:12 pm
Leave a Comment