X

മാലിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അലംഭാവം കാണിക്കുന്നു; ജയചന്ദ്രന്‍റെ അമ്മയും ബന്ധുക്കളും

കെ പി എസ് കല്ലേരി

മാലിദ്വീപില്‍ അന്യായമായി തടവില്‍ കഴിയുന്ന സാഹിത്യകാരനും അധ്യാപകനുമായ ജയചന്ദ്രന്‍ മൊകേരിയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അമ്മയും സഹോദരനും മക്കളും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടു. ശനിയാഴ്ച കോഴിക്കോട്ട് വിവിധ പരിപാടികള്‍ക്കെത്തിയ മുഖ്യമന്ത്രിയെ രാവിലെ ഗസ്റ്റ്ഹൗസിലെത്തിയാണ് ഇവര്‍ കണ്ടത്. എന്തുവില കൊടുത്തും ജയചന്ദ്രനെ നാട്ടിലെത്തിക്കുമെന്നും അതിനുള്ള ഊര്‍ജിത ശ്രമം സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി ജയചന്ദ്രന്റെ രോഗിയായ അമ്മയോടും സഹോദരന്‍ ജയരാജനോടും മക്കളോടും പറഞ്ഞു.

“മാസങ്ങള്‍ക്ക് മുമ്പുതന്നെ ജയചന്ദ്രന്റെ ഭാര്യയും സുഹൃത്തുക്കളും ഈ പ്രശ്‌നം തന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. അപ്പോള്‍ തന്നെ കേന്ദ്രസര്‍ക്കാരുമായും ഹൈക്കമ്മീഷനുമായും ബന്ധപ്പെട്ടിരുന്നു. മറ്റൊരു രാജ്യത്തെ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാനുള്ള സാങ്കേതിക തടസ്സങ്ങള്‍ കാരണമാണ് മോചനം വൈകുതെന്നാണ് കരുതിയത്. ഇത്രയും നീണ്ടു പോയ സ്ഥിതിക്ക് സര്‍ക്കാര്‍ അടിയന്തരമായി പ്രശ്‌നത്തില്‍ ഇടപെട്ട് വേണ്ടതെല്ലാം ചെയ്യും.” ജയചന്ദ്രനെ ജയിലില്‍ നിന്നു മോചിപ്പിക്കുകതന്നെ ചെയ്യുമെന്ന്  ജയചന്ദ്രന്റെ അമ്മ ജാനകിയമ്മയ്ക്കും മക്കളായ അഭിജിത്തിനും കാര്‍ത്തികയ്ക്കും മുഖ്യമന്ത്രി ഉറപ്പു നല്‍കി. ജയചന്ദ്രന്റെ സഹോദരങ്ങള്‍ക്കും കര്‍മ്മസമിതി ഭാരവാഹികള്‍ക്കും ഒപ്പമാണ്  വൃദ്ധയായ അമ്മ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്.

മാലിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കാണിക്കുന്ന അലംഭാവമാണ് പ്രശ്‌നം വഷളാക്കിയതെ് ബന്ധുക്കള്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. “അറസ്റ്റിലായപ്പോഴും തുടര്‍ന്നും ഒരു വിവരവും ബന്ധുക്കളെ അറിയിച്ചിട്ടില്ല. ജയചന്ദ്രനെതിരെ നല്‍കിയിരുന്ന പരാതി പിന്‍വലിച്ചിട്ടും ഒമ്പതുമാസമായി അദ്ദേഹം ജയിലിലാണ്. മറ്റു കള്ളക്കേസുകള്‍ ചുമത്താനുള്ള ഗൂഢനീക്കങ്ങളും ഇതോടൊപ്പം നടക്കുന്നു. രാജ്യാന്തര ഉടമ്പടികള്‍ക്ക് വിരുദ്ധമായുള്ള ഈ നീക്കങ്ങളെ ചെറുക്കാന്‍ ഹൈക്കമ്മീഷന്‍ ഒന്നും ചെയ്യുന്നില്ല” ബന്ധുക്കള്‍ പറഞ്ഞു.

ജയചന്ദ്രന്റെ ഭാര്യ ജ്യോതി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെക്കാണാന്‍ ഡല്‍ഹിയിലാണുള്ളത്. ഇന്ന് ഡല്‍ഹിയിലെ ജയചന്ദ്രന്റെ സുഹൃത്തുക്കളുമായി സുഷമ സ്വരാജിനെ കണ്ടശേഷം ഡെല്‍ഹി കേരള ഹൗസില്‍ ജയചന്ദ്രന്റെ മോചനമാവശ്യപ്പെട്ട് ചേരുന്ന കൂട്ടായ്മയില്‍ പങ്കെടുത്തതിനും ശേഷമാണ് ജ്യോതി നാട്ടിലേക്ക് മടങ്ങുക. ജയചന്ദ്രന്റെ ജന്മനാടായ കോഴിക്കോട് കുറ്റ്യാടിക്കടുത്ത് മൊകേരിയില്‍ ഡിസംബര്‍ 14നു സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്.

ജയചന്ദ്രന്‍ കുറ്റക്കാരനല്ലെന്ന് സാക്ഷ്യപ്പെടുത്തി പരാതിക്കാരനായ വിദ്യാര്‍ഥിയുടെ രക്ഷിതാവ് തങ്ങള്‍ക്ക് പരാതിയില്ല എന്നറിയിച്ചുകൊണ്ട് സ്‌കൂള്‍ അധികൃതര്‍ക്കും പൊലീസിനും കോടതിക്കും സമര്‍പിച്ച കത്തിന്റെ കോപ്പിയാണ് ചുവടെ കൊടുക്കുന്നത്.  മറ്റൊരു രാജ്യത്തെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട ഒരു എഫ്ബി സുഹൃത്ത് മാലി ഹൈകമീഷനുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചതാണ് ‘ദിവേഹി’ ഭാഷയില്‍ നിന്നുള്ള ഈ ഇംഗ്‌ളീഷ് ഈ വിവര്‍ത്തനം. ജയചന്ദ്രന്റെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ മൊയ്തു വാണിമേലിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നാണ് ഈ കത്ത് ലഭിച്ചത്. 

This post was last modified on December 14, 2014 10:32 am