X

ജയചന്ദ്രന്‍ മൊകേരിയുടെ മോചനം; സച്ചിദാനന്ദന്റെ നേതൃത്വത്തില്‍ ഡെല്‍ഹിയില്‍ കൂട്ടായ്മ

കെ. പി. എസ്. കല്ലേരി

കള്ളക്കേസില്‍പ്പെട്ട് മാലിദ്വീപ് ജയിലില്‍ കഴിയുന്ന ജയചന്ദ്രന്‍ മൊകേരിയുടെ മോചനമാവശ്യപെട്ട് ഡല്‍ഹിയില്‍ സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഞായറാഴ്ച (ഡിസംബര്‍ 14) വൈകുന്നേരം നാലിന് കേരള ഹൌസിലാണ് കൂട്ടായ്മ. ജയചന്ദ്രന്റെ ഭാര്യ ജ്യോതി പങ്കെടുക്കുന്ന കൂട്ടായാമ കവി സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്യും. ഭര്‍ത്താവിന്റെ മോചനമാവശ്യപ്പെട്ട് ഇന്നലെയാണ് ജയചന്ദ്രന്‍റെ ഭാര്യ ജ്യോതി ഡല്‍ഹിയിലെത്തിയത്. ഇന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി ജ്യോതിയും ഡല്‍ഹിയിലെ ജയചന്ദ്രന്റെ സുഹൃത്തുക്കളും സംസാരിക്കും. നിരപരാധിയായ ജയചന്ദ്രന്റെ മോചനകാര്യത്തില്‍ ഇനി വിദേശകാര്യ മന്ത്രാലയത്തില്‍ മാത്രമാണ് പ്രതീക്ഷ.

അതിനിടയില്‍ ജയചന്ദ്രനെ മോചിപ്പിക്കാനുള്ള നടപടികള്‍ അടിയന്തിരമായി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കേരള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കത്തയച്ചു. ഫാഫു ഫെയലി അറ്റോള്‍ സ്‌കൂളിലെ അധ്യാപകനായ ജയചന്ദ്രന്‍ അവിടെയുള്ള വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചുവെന്ന തരത്തില്‍ ചിത്രീകരിച്ചാണ് ജയിലിലാക്കിയത്. എന്നാല്‍ ഈ പരാതി കുട്ടിയുടെ മാതാപിതാക്കള്‍ തന്നെ പിന്‍വലിച്ചിട്ടും കഴിഞ്ഞ എട്ടുമാസമായി അധ്യാപകന്‍ ജയിലില്‍ തന്നെ കഴിയുകയാണ്. അധ്യാപകന്‍ നിരപരാധിയാണെന്ന് സൂചിപ്പിച്ചുകൊണ്ട് തനിക്ക് ഫേസ്ബുക്കിലൂടെയും ഇമെയിലിലൂടെയും നിരവധി നിവേദനങ്ങള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ വിഷയം കേന്ദ്രവിദേശകാര്യ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് ചെന്നിത്തല പറഞ്ഞു.

This post was last modified on December 14, 2014 10:02 am