X

ആദിവാസി ഭൂസംരക്ഷണ നിയമം ഭേദഗതി ചെയ്ത് ബിജെപി സര്‍ക്കാര്‍; ഝാര്‍ഖണ്ഡ് കത്തുന്നു

അഴിമുഖം പ്രതിനിധി

ബ്രിട്ടീഷ് സര്‍ക്കാര്‍ പോലും നടപ്പിലാക്കാന്‍ നിര്‍ബന്ധിതമായ ഭൂസംരക്ഷണ നിയമങ്ങള്‍ ഭേദഗതി ചെയ്ത ബിജെപി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഝാര്‍ഖണ്ഡ് വലിയ പോരാട്ടത്തില്‍. സംസ്ഥാനത്തെ ആദിവാസി മേഖലകളിലെ ഭൂ ഉടമസ്ഥതാ നിയമം ഭേദഗതി ചെയ്ത രഘുവര്‍ ദാസ് മന്ത്രിസഭയുടെ തീരുമാനത്തിനെതിരെയാണ് സംസ്ഥാനം കലാപത്തിലേക്ക് തിരിഞ്ഞിരിക്കുന്നത്. കൃഷി ഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച സംസ്ഥാനത്തെ കമ്പോളങ്ങളും ഓഫിസുകളും അടഞ്ഞ് കിടന്നു. സാന്താള്‍ പര്‍ഗാന പ്രദേശത്തെ വലിയ പട്ടണമായ ദുംകയിലും തലസ്ഥാനമായ റാഞ്ചിയിലും നൂറുകണക്കിന് യുവാക്കളാണ് തെരുവിലിറങ്ങി പോലീസുമായി ഏറ്റുമുട്ടിയത്. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് ലാത്തിയും ജലപീരങ്കിയും പ്രയോഗിച്ചു. 9,000 പേരെ കരുതല്‍ തടങ്കലിലാക്കിയിട്ടും വന്‍ പ്രതിഷേധത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്.

സംസ്ഥാനത്ത് വികസനം കൊണ്ടുവരാന്‍ ഭേദഗതി ആവശ്യമാണെന്ന സര്‍ക്കാര്‍ നിലപാടിനെ ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി. ‘1960-കള്‍ മുതല്‍ കോള്‍ ഇന്ത്യയുടെയും മറ്റ് കമ്പനികളുടെയും വന്‍കിട കല്‍ക്കരി, ഇരുമ്പയിര് ഖനന കേന്ദ്രമായി ഝാര്‍ഖണ്ഡ് മാറിക്കഴിഞ്ഞു. പിന്നെ ‘വികസനം’ എന്ന് പറയുമ്പോള്‍ അവരെന്താണ് അര്‍ത്ഥമാക്കുന്നത്? ആര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കാന്‍ പോകുന്നത്?’ സിപിഐ (എംഎല്‍) എംഎല്‍എ വിനോദ് സിംഗ് ചോദിക്കുന്നു. 

ഭൂനിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ജൂണില്‍ പുറപ്പെടുവിച്ചിരുന്നെങ്കിലും രാഷ്ട്രപതിയുടെ അനുമതി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഭേദഗതി ബില്‍ പാസാക്കിയത്. എന്നാല്‍ നിയമസഭയില്‍ ഭേദഗതി പാസാക്കിയ രീതിയെയും പ്രതിപക്ഷം വിമര്‍ശിക്കുന്നു. ഇത്തരത്തിലുള്ള ഒരു ഭേദഗതി നടപ്പാക്കാന്‍ ഏറ്റവും കുറഞ്ഞത് ഏഴ് ദിവസത്തെ മുന്നറിയിപ്പ് വേണമെന്നിരിക്കെ ഒരു ചര്‍ച്ചയും അനുവദിക്കാതെ വെറും മൂന്ന് മിനിട്ടുകൊണ്ടാണ് ഭേദഗതി പാസാക്കിയതെന്ന് സിംഗ് ചൂണ്ടിക്കാണിക്കുന്നു. 

 

 

പല പ്രക്ഷോഭങ്ങളും നടന്നതിനെ തുടര്‍ന്ന് ബ്രിട്ടീഷ് ഭരണകൂടം നടപ്പാക്കാന്‍ നിര്‍ബന്ധിതമായ നിയമങ്ങളെയാണ് ഇവിടെ ബിജെപി സര്‍ക്കാര്‍ മറികടക്കാന്‍ ശ്രമിക്കുന്നത്. ഝാര്‍ക്കണ്ടിലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ നേതാവും ആദിവാസി കര്‍ഷകനുമായ ബിര്‍സ മുണ്ടയുടെ നേതൃത്വത്തില്‍ ആദിവാസി കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് 1908-ലെ ചോട്ടാനാഗ്പൂര്‍ ഭൂഉടമസ്ഥത ചട്ടം നടപ്പാക്കാന്‍ ബ്രിട്ടീഷുകാര്‍ നിര്‍ബന്ധിതമായത്. ഝാര്‍ഖണ്ഡിലെ മധ്യ-പടിഞ്ഞാറന്‍ മേഖലകളിലുള്ള 24 ജില്ലകളിലെ 16 ജില്ലകളിലെ ആദിവാസി ഭൂമി ആദിവാസികളല്ലാത്തവര്‍ക്ക് കൈമാറുന്നതിനെ ഈ നിയമം വിലക്കുന്നു. 1855-ലെ സാന്താള്‍ കലാപത്തെ തുടര്‍ന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ നിര്‍ബന്ധിതമായ 1876-ലെ സാന്താള്‍ പര്‍ഗാന കുടികിടപ്പ് നിയമപ്രകാരം ബംഗാള്‍ അതിര്‍ത്തിയിലുള്ള ഝാര്‍ഖണ്ഡ് മേഖലയിലെ ആദിവാസി ഭൂമി ആദിവാസി ഇതര ജനവിഭാഗങ്ങള്‍ക്ക് കൈമാറാന്‍ സാധിക്കില്ല. പൊതുമേഖല ഖനികള്‍ക്കും വ്യവസായത്തിനും സൗകര്യം ചെയ്യുന്നതിനായി 1990 കളില്‍ ഈ നിയമങ്ങളില്‍ ഭേദഗതി വരുത്തിയിരുന്നെങ്കിലും കാര്‍ഷികേതര ഉപയോഗങ്ങള്‍ക്ക് കൃഷി ഭൂമി ഉപയോഗിക്കുന്നത് തടയുന്ന നിയമങ്ങള്‍ നിലനിന്നിരുന്നതായി റാഞ്ചി സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രൊഫ. രമേഷ് ശരണ്‍ ചൂണ്ടിക്കാണിക്കുന്നു. ഉയര്‍ന്ന വരുമാനമുള്ള ആദിവാസികള്‍ക്ക് നിയമം പ്രയോജനം ചെയ്‌തേക്കുമെങ്കിലും ഫലത്തില്‍ ആദിവാസി കര്‍ഷകരുടെ ഭൂമി അന്യാധീനപ്പെടുന്നതിനാണ് ഭേദഗതി വഴിവെക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

അഴിമതിക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, പക്ഷെ ഭരണഘടന ഉറപ്പ് നല്‍കുന്ന ആദിവാസി ഭൂമി പ്രാപ്യതയെ ഇല്ലാതാക്കാനാണ് അനുമതി നല്‍കുന്നതെന്ന് മുണ്ട ആദിവാസി ക്ഷേമ പ്രവര്‍ത്തകയായ ദയാമണി ബാര്‍ല ചൂണ്ടിക്കാണിക്കുന്നു. പ്രതിപക്ഷ കക്ഷികളായ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയും പ്രക്ഷോഭത്തില്‍ അണിചേര്‍ന്നിട്ടുണ്ട്.

 

This post was last modified on November 27, 2016 3:48 pm