X

മാവോയിസ്റ്റ് വധം: പ്രതിഷേധം നടത്തിയ എംഎന്‍ രാവുണ്ണിക്കെതിരെ യുഎപിഎ ചുമത്തി

അഴിമുഖം പ്രതിനിധി

നിലമ്പൂര്‍ വനമേഖലയില്‍ രണ്ടു സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകരെ തണ്ടര്‍ ബോള്‍ട്ടും പോലീസും ചേര്‍ന്ന് വെടിവെച്ച് കൊന്നതിനെതിരെ പ്രതിഷേധിച്ച പോരാട്ടം പ്രവര്‍ത്തകന്‍ എംഎന്‍ രാവുണ്ണിക്കെതിരെ യുഎപിഎ ചുമത്തി. വെടിയേറ്റ് മരിച്ച കുപ്പുസ്വാമി ദേവരാജ്, അജിത(കാവേരി) തുടങ്ങിയവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം തുടരുന്നതിനിടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നില്‍ ഇന്നലെ രാവുണ്ണി ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധ മുദ്രാവാക്യം വിളിച്ചത്. രാവുണ്ണിയും ഗ്രോ വാസു ഉള്‍പ്പടെ 22 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാവുണ്ണിയെ പോലീസ് ഇന്നലെ തന്നെ വയനാട്ടിലെക്ക് കൊണ്ടുപോവുകയും ചെയ്തു.

രാവുണ്ണിയെ ഇന്ന് കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. യുഎപിഎ 39, 124 എ പ്രകാരമാണ് കേസ് ചുമത്തിയിരിക്കുന്നത്. രാവുണ്ണിയുടെ പേരില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണവുമായി നിലവില്‍ തൃശൂരില്‍ യുഎപിഎ പ്രകാരം കേസെടുത്തിട്ടുണ്ട്. അതേസമയം പോരാട്ടം പ്രവര്‍ത്തകര്‍ രാവുണ്ണിക്കെതിരായ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

പോലീസും സര്‍ക്കാരും തമ്മിലുള്ള ഗൂഡാലോചനയാണ് ഈ നടപടിയെന്നും മാവോയിസ്റ്റുകള്‍ ഉന്നയിക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങളെ പൊതുജനങ്ങളുടെ മുന്നില്‍ ധീരമായി അവതരിപ്പിക്കുന്ന നേതൃത്വങ്ങളെ തടവറയിലടച്ച് നിശബ്ദമാക്കാനുള്ളശ്രമത്തിന്റ ഭാഗമാണിതെന്നും സംഘടന പറയുന്നത്.

തൃശൂരില്‍ യുഎപിഎ പ്രകാരം രാവുണ്ണിക്കെതിരെ എടുത്ത കേസ് ഹൈകോടതി ഒരു തീര്‍പ്പുണ്ടാക്കാതെ നീട്ടിവെച്ചിരിക്കുകയാണ്. തീര്‍പ്പുണ്ടാകുന്നതുവരെ അദ്ദേഹത്തെ അറസ്റ്റുചെയ്യരുതെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പടുകയാണെങ്കില്‍ ഹാജരാവണമെന്നുമാണ് കോടതിഉത്തരവെന്നും പോരാട്ടം പ്രവര്‍ത്തകര്‍ പറയുന്നു.

This post was last modified on December 27, 2016 2:14 pm