X

ജിഷ്ണുവിന്റെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത്; മാനേജ്‌മെന്റിനെതിരെ കൂടുതല്‍ തെളിവുകള്‍

ജിഷ്ണുവിന്റെ ഫോണില്‍ നിന്നും നഷ്ടമായ സന്ദേശങ്ങള്‍ പോലീസ് തിരിച്ചെടുക്കുകയായിരുന്നു

പാമ്പാടി നെഹ്രു കോളേജില്‍ മരിച്ച വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പുറത്തായി. പരീക്ഷ തിയതി മാറ്റിയതിനെതിരെ ജിഷ്ണു വാട്‌സാപ്പിലൂടെ നടത്തിയ പ്രതികരണങ്ങളും ഇതിനെതിരെ വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളുമാണ് പുറത്തായത്. ഇതുമൂലം ജിഷ്ണുവിനോട് മാനേജ്‌മെന്റിന് വൈരാഗ്യമുണ്ടായെന്ന വിലയരുത്തലിലാണ് ഇപ്പോള്‍ അന്വേഷണം മുന്നോട്ട് പോകുന്നത്.

മാനേജ്‌മെന്റിനെതിരെ തെളിവില്ലെന്ന് ആവര്‍ത്തിച്ചിരുന്ന അന്വേഷണ സംഘത്തിന് ഈ സന്ദേശങ്ങള്‍ കേസന്വേഷണത്തില്‍ നിര്‍ണായകമാകും. സാങ്കേതിക സര്‍വകലാശാല ഒരു പരീക്ഷ ഡിസംബര്‍ രണ്ടിന് നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇത് ക്രിസ്തുമസിന് ശേഷം നടത്താമെന്ന് പിന്നീട് തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോസ്റ്റലിലുള്ള വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് പോയി. ഇതിനിടെ പരീക്ഷ ഡിസംബര്‍ 13ന് നടത്തുമെന്ന് അപ്രകതീക്ഷിതമായി അറിയിക്കുകയായിരുന്നു. ഇതിനെതിരെയാണ് ജിഷ്ണു രംഗത്തെത്തിയത്.

വിദ്യാഭ്യാസമന്ത്രിക്കും യൂണിവേഴ്‌സിറ്റി അധികൃതര്‍ക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി ജിഷ്ണു കത്തയയ്ക്കുകയും ചെയ്തു. ഇതിന്റെ കോപ്പിയും ശബ്ദസന്ദേശവുമാണ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും ലഭിച്ചത്. ജിഷ്ണുവിന്റെ ഫോണില്‍ നിന്നും നഷ്ടമായ സന്ദേശങ്ങള്‍ പോലീസ് തിരിച്ചെടുക്കുകയായിരുന്നു.

ജിഷ്ണുവിനോട് മാനേജ്‌മെന്റിന് വൈരാഗ്യമുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. കോപ്പിയടിക്കാത്ത ജിഷ്ണുവിനെ മനഃപൂര്‍വം കുടുക്കുകയായിരുന്നുവെന്നും ആരോപണമുണ്ടായിരുന്നു.

Related Post
Leave a Comment