X

അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന ജസ്റ്റിസ് കര്‍ണന്റെ അപേക്ഷ സുപ്രിംകോടതി തള്ളി

തങ്ങളുടെ സമയം നഷ്ടപ്പെടുത്തരുതെന്ന് കോടതി

തന്നെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് സി എസ് കര്‍ണന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളി. കോടതയിലക്ഷ്യക്കേസിന് ജസ്റ്റിസ് കര്‍ണനെ ആറ് മാസത്തെ തടവിന് ശിക്ഷിച്ച സുപ്രിംകോടതി അദ്ദേഹത്തെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഇതിനെതിരെ കര്‍ണന്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിച്ച പരമോന്നത കോടതി തങ്ങളുടെ സമയം നഷ്ടപ്പെടുത്തരുതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനെ അറിയിച്ചു. കര്‍ണന്‍ നിലവില്‍ ചെന്നൈയിലാണെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറയുന്നത്. അതേസമയം കര്‍ണനെ ഇനിയും കണ്ടെത്താന്‍ കൊല്‍ക്കത്ത പോലീസിന് സാധിച്ചിട്ടില്ല.

സുപ്രിംകോടതി ഉത്തരവിനെയും ഭരണഘടനാപരമായ അധികാരത്തെയും ജസ്റ്റിസ് കര്‍ണന്‍ ചോദ്യം ചെയ്യുകയാണെന്ന് സുപ്രിംകോടതി വിലയിരുത്തി. 20 ജഡ്ജിമാര്‍ അഴിമതിക്കാരാണെന്ന് കര്‍ണന്‍ വിധി പ്രഖ്യാപിച്ചതോടെയാണ് സുപ്രിംകോടതിയുടെ ഏഴംഗ ബഞ്ച് അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യ നടപടിയെടുത്തത്. ജഡ്ജിമാര്‍ അഴിമതിക്കാരണാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് അദ്ദേഹം കത്തയയ്ക്കുകയും ചെയ്തു.

സുപ്രിംകോടതി ഉത്തരവ് വരുന്നതിന് തൊട്ടുമുമ്പ് കൊല്‍ക്കത്തയില്‍ നിന്നും ചെന്നൈയിലേക്ക് പോയ കര്‍ണന്‍ അവിടെ ഒരു ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലായിരുന്നു താമസിച്ചത്. എന്നാല്‍ കൊല്‍ക്കത്ത പോലീസ് അദ്ദേഹത്തെ അന്വേഷിച്ച് ചെന്നൈയിലെത്തിയപ്പോഴേക്കും അദ്ദേഹം അവിടെ നിന്നും പോകുകയും ചെയ്തിരുന്നു. ഇതിനിടെ അദ്ദേഹം ആന്ധ്രയിലെ ശ്രീകാളഹസ്തി ക്ഷേത്രത്തിലെത്തിയതായി അറിഞ്ഞ് പോലീസ് അവിടെയുമെത്തിയെങ്കിലും കണ്ടെത്താനായില്ല.

കര്‍ണന്റെ പ്രസ്താവനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും സുപ്രിംകോടതി മാധ്യമങ്ങളെ വിലക്കിയിട്ടുമുണ്ട്. സുപ്രിംകോടതി ഉത്തരവ് വന്നതിന് പിന്നാലെ കര്‍ണന്‍ മാധ്യമങ്ങളെ ചെന്നൈയിലെ തന്റെ മുറിയില്‍ വിളിച്ചുവരുത്തി കോടതിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

This post was last modified on May 15, 2017 2:32 pm