X

സിന്തൈറ്റിന് പിന്നാലെ മലബാര്‍ ഗോള്‍ഡ്; ദുരിതം തീരാതെ കാക്കഞ്ചേരി

സുഫാദ് ഇ മുണ്ടക്കൈ

കാക്കഞ്ചേരിയുടെ മണ്ണില്‍നിന്നും ‘സിന്തൈറ്റ്’ എന്ന മരണത്തിന്റെ വ്യാപാരി പടിയിറങ്ങുകയാണ്. വര്‍ഷങ്ങള്‍ നീണ്ട പൊതുജന പ്രതിരോധത്തിനും സമരങ്ങള്‍ക്കും വിജയപരിസമാപ്തി. എന്നിട്ടും ഇവിടെ ആഘോഷങ്ങളില്ല. ആരവങ്ങളും ആര്‍പ്പുവിളികളുമില്ല. ഒന്ന് ക്ഷീണമകറ്റാന്‍, ഒരുവേള വിശ്രമിക്കാന്‍ ഇവര്‍ക്കാവില്ല. കാരണം ഈ പ്രദേശത്തിന്റെ മൗനവും ഉറക്കവും നോക്കി മലബാര്‍ ഗോള്‍ഡെന്ന ആഭരണ ഭീമന്‍ ഇവരുടെ ജീവിതത്തിനുമീതെ വട്ടമിട്ടുപറക്കുന്നുണ്ട്. കഴിഞ്ഞ 267 ദിനരാത്രങ്ങള്‍ അവര്‍ ഒറ്റക്കെട്ടായി സമരമുഖത്തുണ്ട്. കൂടെ നില്‍ക്കാന്‍ മുഖ്യധാരാ രാഷ്ട്രീയ നേതൃത്വങ്ങളില്ലെങ്കിലും പക്ഷം ചേര്‍ന്ന് നാവനക്കാന്‍ തന്റേടമുള്ള ബുദ്ധിജീവികളില്ലങ്കിലും ഒരു ചെറുകോളം വാര്‍ത്തയോ, പ്രൈംടൈം ചര്‍ച്ചയോ നടത്താന്‍ മാധ്യമപ്രഭുക്കളോ ഇല്ലെങ്കിലും ആര്‍ജവം പണയംവയ്ക്കാതെ ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയം ഇവര്‍ തുടരുകയാണ്.

ദുരന്തങ്ങള്‍മാത്രം ബാക്കി
‘സിജിമാക്ക് ഓയില്‍’ കമ്പനി കാക്കഞ്ചേരിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത് 35 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. വളരെ വൈകാതെതന്നെ ഈ കമ്പനിയെ ‘സിന്തൈറ്റ് ഇന്‍ഡസ്ട്രീസ്’ ഏറ്റെടുക്കുകയായിരുന്നു. ഭക്ഷ്യവസ്തുക്കളില്‍നിന്നും നിറവും രുചിയും വേര്‍തിരിച്ചെടുത്ത് ഉത്പന്നമാക്കി വിപണിയിലെത്തിക്കുന്ന കമ്പനിയാണ് ഇത്. വിലയേറിയ ഉത്പന്നമായതിനാല്‍ നമ്മുടെ വിപണികളില്‍ അവ വിരളമാണ്. ഉത്പാദനത്തിന്റെ ഭൂരിഭാഗവും വിദേശ രാജ്യങ്ങളിലേക്ക് കയറ്റിയയ്ക്കുന്നു. പ്രവര്‍ത്തനം ആരംഭിച്ച ആദ്യകാലങ്ങളിലൊന്നും തങ്ങളുടെ ശവക്കുഴിയാണ് അവര്‍ തോണ്ടിക്കൊണ്ടിരിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം നാട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. എന്നാല്‍ തങ്ങളുടെ കിണറുകളിലെ വെള്ളത്തിന് രൂക്ഷഗന്ധവും നിറവ്യത്യാസവും അനുഭവപ്പെട്ടു തുടങ്ങിയപ്പോള്‍, തങ്ങളുടെ അടുക്കളത്തോട്ടങ്ങളിലെ ചെടികള്‍ കരിഞ്ഞുണങ്ങി തുടങ്ങിയപ്പോള്‍, സ്ത്രീകളും കുട്ടികളും അപ്രതീക്ഷിതമായി ബോധരഹിതരായി വീണുതുടങ്ങിയപ്പോള്‍ അവര്‍ തിരിച്ചറിയുകയായിരുന്നു അപകടം വരുന്ന വഴികളെ കുറിച്ച്.

ഒടുവില്‍ ശക്തമായ ബഹുജന പ്രതിഷേധത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ അവര്‍ കമ്പനി പൂട്ടുകയായിരുന്നു. ഈ നാട്ടുകാര്‍ ഒരുപാട് അനുഭവിച്ചെങ്കിലും ഒന്നും അവസാനിക്കാറായിട്ടില്ല. ഒരുപാട് തലമുറകള്‍ ഇനിയും ദുരിതമനുഭവിക്കേണ്ടിവരും. ‘സിന്തൈറ്റ്’ കമ്പനി തങ്ങളുടെ മാലിന്യങ്ങളെല്ലാം സംസ്‌കരിച്ചിരിക്കുന്നത് കാക്കഞ്ചേരിയുടെ മണ്ണില്‍തന്നെയാണ്. മുളകില്‍ നിന്നും കശുവണ്ടിയില്‍ നിന്നുമെല്ലാം എസ്സന്‍സ് ഉണ്ടാക്കുന്നതിന് അവര്‍ ടണ്‍ കണക്കിന് സാധനങ്ങളാണ് കൊണ്ടുവന്നിരുന്നത്. അതിന്റെ ബഹുഭൂരിഭാഗവും മാലിന്യമായി പുറംതള്ളിയിരുന്നു. അതുകൊണ്ടാണ് പ്രദേശത്തെ കിണറുകളിലെ വെള്ളത്തിന് കശുവണ്ടിയുടേയും മുളകിന്റേയുമെല്ലാം രുചിയും രൂക്ഷഗന്ധവുമായത്. ആ മാലിന്യങ്ങള്‍ ഭൂമിക്കടിയില്‍ ഉള്ളിടത്തോളംകാലം പ്രത്യാഘാതങ്ങള്‍ ഉണ്ടാവും. വികസന മുദ്രാവാക്യങ്ങളും തൊഴിലവസരങ്ങളുടെ നെടുനീളന്‍ വിശദീകരണങ്ങളും ‘സിന്തൈറ്റും’ നല്‍കിയിരുന്നു. സെക്ക്യുരിറ്റി ജീവനക്കാര്‍പോലും അന്യദേശക്കാരായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ദുരന്തങ്ങള്‍ മാത്രം വികസിച്ചു എന്നല്ലാതെ മറ്റൊന്നും ഉണ്ടായില്ല.

‘സിന്തൈറ്റ് പ്രവര്‍ത്തനം നിറുത്തി എന്നത് ആശാവഹം തന്നെയെങ്കിലും ആശങ്കകള്‍ ബാക്കിയാണ്. പതിറ്റാണ്ടുകള്‍ നീണ്ട പ്രവര്‍ത്തനത്തിലൂടെ അവര്‍ കോടികളുടെ ലാഭം ഉണ്ടാക്കിയാണ് പോയത്. ഇനിയെല്ലാം ഞങ്ങള്‍, ഈ പ്രദേശവാസികള്‍ അനുഭവിക്കണം. ഇത്രയും കാലം അവര്‍ക്ക് ഒത്താശകള്‍ ചെയ്തുകൊടുത്ത അധികാരികള്‍ ഞങ്ങളെ ഇനി തിരിഞ്ഞു നോക്കാന്‍ തയ്യാറാകുമോ? കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഇവിടെ അടുത്തുള്ള നഴ്‌സറിയില്‍ ഒരു കുഴല്‍ കിണര്‍ കുത്തിയിരുന്നു. വെള്ളത്തിന്റെ നിറത്തിലും മണത്തിലുമുള്ള വ്യത്യാസം കാരണം അത് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലായി. ഈ കുഞ്ഞുങ്ങള്‍ക്ക് ഇനിയെങ്ങനെ ഇവിടെ ജീവിക്കാന്‍ സാധിക്കും?’ സമരസമിതി ചെയര്‍മാന്‍ ബാലകൃഷ്ണന്‍ പറയുന്നു.

ഞങ്ങള്‍ക്കും ജീവിക്കണം
ജനങ്ങള്‍ ശുദ്ധജലത്തിനായി നെട്ടോട്ടമോടുകയാണ്. നിരവധി കിണറുകളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. സമീപകാലത്ത് അവര്‍ നടത്തിയ പഠനങ്ങളെല്ലാം സൂചിപ്പിക്കുന്നത് വെള്ളത്തില്‍ ഇരുമ്പിന്റെ അംശവും കോളീഫോം ബാക്ടീരിയയുടെ അളവും ക്രമാതീതമായി കൂടിയിരിക്കുന്നു എന്നാണ്, ബ്ലീച്ചിംഗ് പൗഡറിനുപോലും നിയന്ത്രിക്കാനാവാത്തവിധം അസിഡിറ്റി ഉയര്‍ന്നിരിക്കുന്നു. പ്രതിസന്ധി മറികടക്കാന്‍ പലിശയ്ക്ക് പണമെടുത്തുപോലും കിണറുകള്‍ മാറി മാറി കുത്താന്‍ നിര്‍ബന്ധിതരാവുകയാണ് പ്രദേശവാസികള്‍.


പത്മാവതി ടീച്ചര്‍

1990 മുതല്‍ ഞങ്ങള്‍ സമരവും പരാതികളുമായി നടക്കുന്നു. വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ഞങ്ങള്‍ക്ക് നീതി കിട്ടിയിട്ടില്ല” പ്രദേശവാസിയായ പത്മാവതി ടീച്ചര്‍ പറയുന്നു. ‘ഇതൊരു കുന്നിന്‍ പ്രദേശമാണ്. ഇതിന്റെ നീരൊഴുക്ക് എറ്റവും കൂടുതലുള്ള താഴ്ഭാഗത്ത് ഞങ്ങള്‍ നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ആദ്യം മുതല്‍ക്കേ ഇതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കുന്നുണ്ട്. മലിനജലവും പുകയും ഇവിടുത്തെ ജീവിതം ദുസ്സഹമാക്കി തുടങ്ങിയപ്പോഴാണ് ഞങ്ങള്‍ പരാതിപ്പെട്ടു തുടങ്ങുന്നത്. പലരും വന്ന് പരിശോധനകള്‍ നടത്തി. ഒരുമാറ്റവും ഉണ്ടായില്ല. കുടിവെള്ളപ്രശ്‌നം കൂടുതല്‍ രൂക്ഷമായി തുടങ്ങിയപ്പോള്‍ അതു പരിഹരിക്കുന്നതിന് എനിക്ക് 5 കിണറുകളാണ് കുഴിക്കേണ്ടി വന്നത്. ആദ്യത്തെ കിണറില്‍ നിന്നും ദുര്‍ഗന്ധം വമിച്ചുതുടങ്ങിയപ്പോള്‍ അത് മൂടേണ്ടിവന്നു. എന്നിട്ട് വേറൊരെണ്ണം കുഴിച്ചു. മാറ്റമൊന്നും ഉണ്ടായില്ല. കമ്പനിക്കെതിരെ പ്രക്ഷോഭം തുടര്‍ന്നപ്പോള്‍ അവര്‍ പറഞ്ഞു ഇത് തങ്ങളുടെ കുഴപ്പമല്ല, വേണമെങ്കില്‍ തങ്ങള്‍ തന്നെ ഒരു കുഴല്‍കിണര്‍ നിര്‍മ്മിച്ചുതരാം എന്ന്. ഞാന്‍ സമ്മതിച്ചു. കുഴല്‍ കിണര്‍ അവര്‍ കുത്തി. ചുവന്ന നിറത്തിലുള്ള വെള്ളം കണ്ടപ്പോള്‍ അവര്‍ പറഞ്ഞു ഇത് ഇട്ട പൈപ്പിന്റെ കുഴപ്പമാണെന്ന്. എന്നിട്ട് ദിവസങ്ങള്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ പൈപ്പും മാറ്റി. എല്ലാം അതേപടി തുടര്‍ന്നു. പിന്നെ അവരെ ഈ വഴിയ്ക്ക് കണ്ടിട്ടില്ല”- ടീച്ചര്‍ പറയുന്നു.

ഡോ: അനിരുദ്ധന്‍ റിപ്പോര്‍ട്ടും മലബാര്‍ ഗോള്‍ഡ് പ്ലാന്‍റും
ബ്രഡ്ഡും ഐസ്‌ക്രീമുമൊക്കെ നിര്‍മ്മിക്കുന്ന സ്ഥലത്ത് മാരകമായ രാസപദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യുന്ന മലബാര്‍ ഗോള്‍ഡിന്റെ ആഭരണ നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ കിന്‍ഫ്രയില്‍ നിന്നു തന്നെ എതിര്‍പ്പുയര്‍ന്നിരുന്നു. എസ്സെന്‍ ന്യുട്ട്രീഷന്‍ എന്ന കമ്പനിയാണ് ആദ്യം രംഗത്തുവന്നത്. അവരുടെ ആവശ്യപ്രകാരം കേരള യൂണിവേഴ്‌സിറ്റിയാണ് ഡോ: ടി എസ് അനിരുദ്ധനെ വിയഷയം പഠിക്കാന്‍ നിയോഗിച്ചത്. എല്ലാവിധ മാനദണ്ഡങ്ങളും മറികടന്നാണ് കിന്‍ഫ്ര മലബാര്‍ ഗോള്‍ഡിന് പ്രവര്‍ത്താനാനുമതി നല്‍കിയതെന്നും, അത്തരമൊരു സ്ഥാപനം വന്നാല്‍ ഉണ്ടായേക്കവുന്ന പ്രത്യാഘാതങ്ങള്‍ അതിഭീകരമായിരിക്കുമെന്നും അദ്ദേഹം കണ്ടെത്തി. പൊട്ടാസ്യം സയനൈഡ്, മെര്‍ക്ക്യൂറി, കാഡ്മിയം, സിങ്ക്, സെലീനിയം, ടെലൂറിയം, പലേഡിയം തുടങ്ങിയ മാരകമായ ലോഹങ്ങള്‍ക്കൊപ്പം മായം ചേര്‍ക്കാനുപയോഗിക്കു ഇറിഡിയവും റുഥീനിയവും കൂടെയാവുമ്പോള്‍ പുറത്ത് വിടേണ്ടി വരുന്നത് മാരകമായ വിഷമായിരിക്കുമെന്നും അത് സമീപ പ്രദേശങ്ങളിലെ ഫുഡ് ഇന്‍ഡസ്ട്രിയെ കാര്യമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രവുമല്ല മലബാര്‍ അവകാശപ്പെടുന്നതുപോലെയുള്ള മാലിന്യ സംസകരണ സംവിധാനങ്ങള്‍ ഒരുക്കിയാല്‍ പോലും സൈനേഡ് പോലുള്ള മാരക പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

ഈ വസ്തുതകളുടെകൂടി അടിസ്ഥാനത്തില്‍ വേണം പൊതുജന പ്രക്ഷോഭത്തെ വിലയിരുത്താന്‍. സിന്തൈറ്റ് ബാക്കിവച്ച്‌പോയ ദുരന്തങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ മലബാര്‍ ഗോള്‍ഡിന് അധികം സമയമൊന്നും വേണ്ടിവരില്ല. അവരെ കാക്കഞ്ചേരിയുടെ മണ്ണില്‍ പ്രവര്‍ത്തിപ്പിക്കില്ല എന്ന് ത്തന്നെയാണ് പ്രദേശവാസികള്‍ പറയുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

This post was last modified on September 18, 2015 7:41 am