X

അക്ബര്‍, ലളിതമധുരമായൊരു കുശലം

കല്‍പ്പറ്റ നാരായണന്‍

ഞാനിതു പറയുന്നത് അക്ബറിനു മുന്നില്‍വച്ചാണ്. ആ മുഖത്ത് പതിവ് ശാന്തത. ഞെട്ടല്‍ എനിക്കാണ്, എന്നെപ്പോലെ അക്ബറിനെ സ്‌നേഹിച്ചവര്‍ക്കാണ്. ഒന്നും പറയാതെയുള്ള ഒരുപോക്ക് ഏല്‍പ്പിച്ച ഞെട്ടല്‍.

അറിയാമായിരുന്നു അക്ബറിന് തന്റെ രോഗവിവരം. നാലോ അഞ്ചോ മാസങ്ങള്‍ക്കു മുന്നേ തിരിച്ചറിഞ്ഞിരുന്നു. ആരോടും പറഞ്ഞില്ല. രോഗമറിഞ്ഞു കിട്ടുന്ന സഹതാപം മനപൂര്‍വം വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഏറ്റവുമടുത്ത സുഹൃത്തുക്കളില്‍ നിന്നുപോലും എല്ലാം മറച്ചുവച്ചു.

തന്റെ രോഗം ആരുമറിയാതെ തന്നെ സുഖപ്പെടുമെന്ന് വിചാരിച്ചിരുന്നു അക്ബര്‍. ഉണ്ടായിരുന്ന ചില ശീലങ്ങളൊക്കെ ഇടയ്ക്കുവച്ച് നിര്‍ത്തി. സ്വയമൊരുങ്ങുകയായിരുന്നു അദ്ദേഹം. പക്ഷേ…

കേരളത്തില്‍ ഇത്രമേല്‍ സൗഹൃദങ്ങളുള്ള വേറൊരു എഴുത്തുകാരന്‍ ഉണ്ടായിട്ടുണ്ടോയെന്നു സംശയമാണ്. മലയാളത്തിലെ ഏറ്റവും ജനകീയനായ സാഹിത്യകാരനായിരുന്നു അക്ബര്‍ കക്കട്ടില്‍. നാട്ടുനര്‍മങ്ങളൊക്കെ പറഞ്ഞു ഗ്രാമീണഭാഷയില്‍ എഴുതി, വളരെ ലളിതമായി എല്ലാവരോടും കുശലം പറഞ്ഞ് അങ്ങനെ ജീവിച്ചുപോയിരുന്ന ഒരാള്‍… ലളിതമധുരമായൊരു കുശലം ആയിരുന്നു അക്ബര്‍ കക്കട്ടില്‍.

അക്ബറിനെ പോലെ എല്ലാവര്‍ക്കും പ്രിയങ്കരനായൊരാളെ കാണാന്‍ പറ്റില്ലെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. രണ്ടു ശത്രുക്കള്‍ക്കിടയിലെ സുഹൃത്തായിരുന്നു അക്ബര്‍. ഇത്രയേറെ സൗഹൃദം ഒരാള്‍ക്ക് ഉണ്ടാക്കാന്‍ കഴിയുന്നത് അസാധാരണമാണ്. നര്‍മമധുരമായിട്ടുള്ള പ്രകൃതമാണ് അതിനൊന്നാമത്തെ കാരണം. ഒരാള്‍ക്കും വെറുക്കാനാകുമായിരുന്നില്ല അക്ബറിനെ.

അദ്ദേഹത്തിന്റെ കഥകളും അത്തരത്തിലുള്ളതായിരുന്നു. നാട്ടിന്‍പുറങ്ങളില്‍ നിന്നു കണ്ടതും പറഞ്ഞുകേട്ടതുമായിരുന്നു അക്ബര്‍ എഴുതിയിരുന്നത്. ഗ്രാമീണ ജീവിതത്തെ രസകരമായി തന്റെ കഥകളിലൂടെ ആവര്‍ത്തിക്കുകയായിരുന്നു അക്ബര്‍.

എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി ജീവിച്ചു, അങ്ങനെ തന്നെയായിരിക്കണമെന്നു കരുതിയാണ് തന്റെ രോഗവിവരങ്ങള്‍ പോലും മറച്ചുവച്ചത്.

ഒഎന്‍വി കുറുപ്പിനു പിന്നാലെ ജനകീയനായ മറ്റൊരു എഴുത്തുകാരനെക്കൂടിയാണ് പെട്ടെന്നു നമുക്ക് നഷ്ടമായിരിക്കുന്നത്. വ്യക്തിതലത്തില്‍ അതിശയകരമായ ജനകീയനായിരുന്നു അക്ബറെന്ന് എടുത്തു പറയേണ്ടതുണ്ട്.

സാഹിത്യസൃഷ്ടികള്‍ മാത്രമല്ല ഇടപഴകലുകള്‍ കൂടിയായിരുന്നു അക്ബറിന്റെ ജനകീയത. ഇടപഴകലുകള്‍ കൊണ്ട് മറ്റൊരു എഴുത്തുകാരനും ഇത്രമേല്‍ ജനകീയത അവകാശപ്പെടാന്‍ പറ്റില്ല. ബുദ്ധിജീവികളോടും ഗ്രാമീണരോടും സകല ആളുകളോടും ഒരുപോലെ അദ്ദേഹം ഇടപഴുകി. ജനകീയത എന്നാല്‍ എന്താണെന്നു അക്ബര്‍ കാണിച്ചു തരുകയായിരുന്നു.

(കല്‍പ്പറ്റ നാരായണനുമായി അഴിമുഖം പ്രതിനിധി സംസാരിച്ചു തയ്യാറാക്കിയത്)

 

This post was last modified on February 17, 2016 1:05 pm