X

ജെഎന്‍യു പ്രതിഷേധക്കാര്‍ക്ക് ഭീകരസംഘടനയുടെ പിന്തുണ ലഭിച്ചുവെന്ന റിപ്പോര്‍ട്ട് കേന്ദ്രം തള്ളി

അഴിമുഖം പ്രതിനിധി

ജനുവരി ഒമ്പതിന് ജെഎന്‍യുവില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയ ഉമര്‍ ഖാലിദിന് പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പിന്തുണ ലഭിച്ചുവെന്ന് ഇന്റലിജന്‍സ് ബ്യൂറോ (ഐബി) റിപ്പോര്‍ട്ട് നല്‍കിയ വാര്‍ത്ത കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചു. പ്രതിഷേധ പരിപാടി നടത്താന്‍ ഭീകര സംഘടന ഉമര്‍ ഖാലിദിന് പിന്തുണ നല്‍കിയെന്ന് ചില വാര്‍ത്താ ചാനലുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

അത്തരമൊരു റിപ്പോര്‍ട്ട് ഐബി നല്‍കിയില്ലെന്ന് ഐബി ഉദ്യോഗസ്ഥര്‍ പറയുന്നു. ഐബി നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ലെന്നുള്ളതിനാല്‍ നിങ്ങള്‍ക്ക് എന്തും ഐബിയുടെ മേല്‍ചാരാമെന്ന് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ക്കുന്നു. ഖാലിദിന് ഭീകര സംഘടനയുടെ പിന്തുണയുണ്ടായിരുന്നുവെന്ന ഐബി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരും പറയുന്നു. ഡല്‍ഹി പൊലീസ് ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ വിഷയം അമിതാവേശത്തോടെ കൈകാര്യം ചെയ്തുവെന്നും ആഭ്യന്തരമന്ത്രാലയവൃത്തങ്ങള്‍ കുറ്റപ്പെടുത്തുന്നു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റിനെ അറസ്റ്റ് ചെയ്തത് സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാമായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തുന്നു.

കൂടുതല്‍ പ്രൊഫഷണല്‍ രീതിയില്‍ കേസ് അന്വേഷിക്കാമായിരുന്നുവെന്നും കനയ്യയെ അറസ്റ്റ് ചെയ്യും മുമ്പ് തെളിവുകള്‍ ശേഖരിക്കണമായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

This post was last modified on December 27, 2016 3:38 pm