X

ചലച്ചിത്രമേളയുടെ സ്ഥിരം വേദി തിരുവനന്തപുരം നഗരം തന്നെ; കമല്‍

അഴിമുഖം പ്രതിനിധി

കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ സ്ഥിരം വേദി തിരുവനന്തപുരം നഗരം തന്നെയായിരിക്കും എന്നും വേദി കഴക്കൂട്ടം കിന്‍ഫ്രാ പാര്‍ക്കിലേക്ക് മാറ്റുമെന്ന വര്‍ത്തകള്‍ തെറ്റാണെന്നും കേരള ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാന്‍ കമല്‍ പറഞ്ഞു. മേളയുടെ ജനകിയ സ്വഭാവം നിലനിര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ മേള നടന്നുവരുന്നത് തിരുവനന്തപുരം നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ തീയറ്ററുകള്‍ അടക്കമുള്ള പതിനൊന്നു തീയറ്ററുകളിലാണ്. അതുകൊണ്ടു തന്നെ മേളയ്ക്ക് ഒരു സ്ഥിരം വേദി ഒരുക്കണം എന്ന ആവശ്യം വളരെ കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. എങ്കിലും തിരുവനന്തപുരം നഗരം വിട്ട് ഒഴിഞ്ഞ മേഖലയില്‍ സ്ഥിരമൊരു വേദിയൊരുക്കുന്നതിനോട് ചലച്ചിത്ര സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും സിനിമ പ്രേമികള്‍ക്കും താല്‍പര്യം ഇല്ല. അതിനിടയിലാണ് ബജറ്റില്‍ മേളയ്ക്ക് സ്ഥിരം വേദിയൊരുക്കാന്‍ അമ്പതു കോടി രൂപ മാറ്റി വെക്കും എന്ന പ്രഖ്യാപനം ഉണ്ടായത്. പ്രഖ്യാപനമുണ്ടായതിനു തൊട്ടു പുറകെ വേദിക്കായി കഴക്കൂട്ടത്തിനടുത്തുള്ള കിന്‍ഫ്രാ പാര്‍ക്കില്‍ സ്ഥലം കണ്ടെത്തി എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 

ചലച്ചിത്രോത്സവ പ്രതിനിധികള്‍ക്ക് സ്ഥിരം വേദിയില്ലാത്തത് മൂലം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ട്, സ്ഥിരം വേദി വരുമ്പോള്‍ ആ പ്രയാസങ്ങള്‍  എല്ലാം ഒഴിവാക്കാന്‍ സാധിക്കും എന്നാണ് അമ്പതു ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിക്കൊണ്ട് ധനമന്ത്രി തോമസ്‌ ഐസക് പറഞ്ഞത്. എന്നാല്‍ സ്ഥിരം വേദിയ്ക്ക് എവിടെയെങ്കിലും സ്ഥലം കണ്ടുപിടിച്ചു എന്ന്  അദ്ദേഹം പറഞ്ഞിരുന്നില്ല. ബജറ്റിനു  ശേഷം മേളയുടെ സ്ഥിരം വേദി പണിയാന്‍ ആക്കുളത്ത് സ്ഥലം ഏറ്റെടുക്കാന്‍ പോകുന്നു എന്ന വാര്‍ത്ത വ്യാപകമായി പ്രചരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ ചലച്ചിത്ര അക്കാദമിയുടെ പുതിയ  ചെയര്‍മാന്‍ കമല്‍ അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ല എന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്.

20 വര്‍ഷം കൊണ്ട് ലോകത്തെ തന്നെ എണ്ണപ്പെട്ട മേളകളില്‍ ഒന്നായ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഒരു സ്ഥിരം വേദി എന്തുകൊണ്ടും അത്യാവശ്യം തന്നെയാണ്. പ്രത്യേകിച്ചും  മേളയ്ക്ക് എത്തുന്നവരുടെ എണ്ണം പ്രതിവര്‍ഷം വര്‍ദ്ധിച്ചു വരുന്ന സഹചര്യത്തില്‍. തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ തീയറ്റര്‍ ഉടമകള്‍ക്ക് മേളയ്ക്കായി തീയറ്റര്‍ വിട്ടു കൊടുക്കാന്‍ അത്ര വലിയ താല്പര്യം ഒന്നും ഇല്ല. അതവര്‍ തുറന്നു പറഞ്ഞിട്ടുമുണ്ട്. കാരണം  മേളയുടെ സമയത്ത് വമ്പന്‍ റിലീസുകള്‍ അവര്‍ക്ക് നഷ്ടമാകും. അതുവഴി കോടികളുടെ നഷ്ടമാണ് തങ്ങള്‍ക്ക് ഉണ്ടാകുന്നത് എന്നാണ് തീയറ്റര്‍ ഉടമകളുടെ വാദം. അതുകൊണ്ട് തന്നെ സര്‍ക്കാരുമായി മേളയുടെ സമയത്ത് അവര്‍ നിരന്തരം വിലപേശലുകള്‍ നടത്തുന്നതും പതിവാണ്. ചലച്ചിത്രോത്സവ സമയത്ത് സിനിമകള്‍ കാണാന്‍ ഇടിച്ചു കയറുന്ന ജനക്കൂട്ടം തങ്ങളുടെ അത്യാധുനിക സൌകര്യങ്ങള്‍ ഉള്ള തീയറ്ററുകളില്‍ നാശ നഷ്ടം ഉണ്ടാക്കുന്നു എന്നും അവര്‍ സ്ഥിരം പരാതി പറയുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഡെലിഗേറ്റുകളുടെ സൌകര്യം കൂടി കണക്കിലെടുത്ത് പുതിയ സ്ഥിരം വേദിയ്ക്ക് വേണ്ടിയുള്ള നടപടികള്‍ ആരംഭിച്ചത്.

ആക്കുളത്ത് തീയറ്റര്‍ നിര്‍മ്മിക്കുന്നതിനെ കലാസാംസ്കാരിക പ്രവര്‍ത്തകര്‍ എതിര്‍ക്കുന്നതിനു പ്രധാന കാരണം ഫെസ്റ്റിവലിന് എത്തുന്ന സാധാരണക്കാര്‍ക്ക് അവിടുത്തെ വന്‍കിട ഹോട്ടലുകളിലെ വാടക താങ്ങാന്‍ കഴിയില്ല എന്നുള്ളതാണ്. അത് ഫെസ്റ്റിവലിനോടുള്ള ജനപങ്കാളിത്തം കുറയാന്‍ കാരണമാകും എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

മറ്റ് പ്രദേശങ്ങളിലേക്ക് വേദി മാറ്റുന്നതിന് മുന്‍പ് കനകകുന്നിനും ബാലഭവനും ഇടയ്ക്കുള്ള സര്‍ക്കാര്‍ വക സ്ഥലം സ്ഥിരം വേദി ഒരുക്കാന്‍ വേണ്ടി ഉപയോഗപ്പെടുത്തുന്നതിനെ പറ്റി ആലോചിക്കാവുന്നതാണ്. കനകുന്നും പരിസര പ്രദേശവും തലസ്ഥാന നഗരത്തിന്‍റെ തിരക്കൊഴിഞ്ഞ പ്രദേശവും സാംസ്കാരിക കേന്ദ്രവും കൂടിയാണ്. ഐഎഫ്എഫ്കെയുടെ ഉത്ഘാടന, സമാപന സമ്മേളനങ്ങള്‍ സ്ഥിരം നടത്താറുള്ളതും കനകകുന്ന് നിശാഗന്ധിയില്‍ വെച്ചാണ്. അപ്പോള്‍ അതിനടുത്തുള്ള സ്ഥലം തന്നെ സിനിമ പ്രദര്‍ശനങ്ങള്‍ക്ക് വേണ്ടി കണ്ടെത്തുന്നത് കൂടുതല്‍ സൌകര്യമാകും. സര്‍ക്കാര്‍ വക തീയറ്ററുകളായ കൈരളി, ശ്രീ, നിള, ടാഗോര്‍ തീയറ്റര്‍ എന്നിവയും പ്രധാന വേദിയായ നിശാഗന്ധിയും തമ്മില്‍ വലിയ ദൂര വ്യത്യാസം ഇല്ല എന്നതും റെയില്‍വേ സ്റ്റേഷനും ബസ് സ്റ്റാന്‍ഡും അടുത്ത് തന്നെയാണ് എന്നതുമാണ് ഇതിന്റെ മെച്ചം. 

പുതിയ സ്ഥലം കണ്ടെത്തി വിലകൊടുത്ത് വാങ്ങി അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തിയെടുത്ത് കെട്ടിടം നിര്‍മ്മിക്കുന്നത് അനുവദിച്ച ഫണ്ട് നശിപ്പിക്കുന്നതിനു തുല്യമാണ്. മാത്രവുമല്ല പണി പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങള്‍ എടുത്തേക്കാം. അതിലും ഭേദം കണ്ണായ സ്ഥലത്ത് വെറുതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമി ഉപയോഗിക്കുന്നതാണ്. പുതിയ വിവാദങ്ങളില്‍ സമയം കളയാതെ കനകകുന്ന് കേന്ദ്രീകരിച്ച് ഡിസംബര്‍ മാസത്തിനു മുന്‍പെങ്കിലും പ്രവൃത്തി ആരംഭിക്കാന്‍ അക്കാദമിയും സര്‍ക്കാരും ശ്രമിക്കേണ്ടതാണ്. 

This post was last modified on December 27, 2016 4:20 pm

Related Post
Leave a Comment