X

ചന്ദ്രപ്പനെക്കാളും വെളിയത്തെക്കാളും ഇടതുപക്ഷ നിലപാടിനുവേണ്ടി വാദിച്ചയാളാണ് താനെന്ന് കാനം രാജേന്ദ്രന്‍, സിപിഐയും സിപിഎമ്മും ഇന്ത്യയും പാകിസ്താനുമല്ല

പിന്നോട്ടുവലിപ്പിക്കുന്നത് രാഷ്ട്രീയ സാഹചര്യമെന്ന് സിപിഐ സെക്രട്ടറി

എറണാകുളത്ത് സിപിഐ എംഎല്‍എ എല്‍ദോ എബ്രഹാമിനെ പൊലീസ് തല്ലിചതച്ചതുമായി ബന്ധപ്പെട്ട് സിപിഐ യില്‍ വിവാദം കടുക്കുന്നു. ഭരണപക്ഷത്തുള്ള എംഎല്‍എമാര്‍ക്കും പൊലീസിന്റെ തല്ല് കിട്ടാറുണ്ടെന്ന് പറഞ്ഞ് പൊലീസിന്റെ നടപടിയെ ന്യായീകരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടാണ് വിവാദമായിരിക്കുന്നത്. എംഎല്‍എയ്ക്കും ജില്ലാ നേതാക്കള്‍ക്കുമെതിരെ പൊലീസ് നടപടിയുണ്ടായിട്ടും അതിനെതിരെ ശക്തമായ പ്രതികരിക്കാത്തതിനെ ന്യായീകരിച്ച് കാനം വീണ്ടും രംഗത്തെത്തി.

മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ നിലപാടുകളെ കാനം രാജേന്ദ്രന്‍ ന്യായീകരിച്ചത്. തിരുത്തല്‍ ശക്തിയാകുന്നതില്‍നിന്ന് തന്നെ പിന്‍വലിക്കുന്നുണ്ടെങ്കില്‍ അത് രാഷ്ട്രീയ സാഹചര്യങ്ങള്‍ മാത്രമാണെന്ന് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. ‘ ഈ സംഭവം നടന്ന എറണാകുളത്തടക്കം ഉപതെരഞ്ഞെടുപ്പ് വരികയാണ്. രാഷ്ട്രീയ നേതൃത്വം ജാഗ്രതയും മിതത്വവും കാണിച്ചെ പറ്റൂ. എന്നെ സ്വാധീനിക്കുന്നത് രാഷ്ട്രീയം മാത്രമാണ്. അഭിനന്ദിക്കുന്നവരുടെയോ ചീത്ത പറയുന്നവരുടെയോ രാഷ്ട്രീയമല്ല എന്നെ സ്വാധീനിക്കുന്നത്’ കാനം വ്യക്തമാക്കി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു ഭരണകക്ഷിക്ക് എവിടെ വരെ പോകാന്‍ കഴിയുമെന്നതിന്റെ അടിസ്ഥാനത്തിലാണ് മിതത്വം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചിലരുടെ അജണ്ടകള്‍ക്ക് അനുസരിച്ച് തുളളാന്‍ തന്നെ കിട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. സിപിഐയും സിപഎമ്മും ഇന്ത്യയും പാകിസ്താനുമല്ല. ഇത്തരം ഒരു വിഷയം ആദ്യമായല്ല ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സികെ ചന്ദ്രപ്പന്റെയും വെളിയത്തിന്റെയും ഉശിര് താങ്കള്‍ കാണിക്കുന്നില്ലെന്നാണ് വിമര്‍ശനം എന്ന ചോദ്യത്തിന് കാനം രാജേന്ദ്രന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘അവരെക്കാളെല്ലാം ഇടതുപക്ഷ നിലപാടുകള്‍ക്ക് വേണ്ടി വാദിച്ചയാളാണ് ഞാന്‍. ഏതെങ്കിലും ഒരു സംഭവമെടുത്ത് അത് പരിശോധിക്കാവുന്നതെയുള്ളു’

ഇന്നലെ പിണറായി വിജയനെ കണ്ടതിന് ശേഷമാണ് ഫലത്തില്‍ പൊലീസിനെ ന്യായികരിക്കുന്ന പ്രസ്താവനയുമായി കാനം രാജേന്ദ്രന്‍ മാധ്യമങ്ങളെ കണ്ടത്. കാനത്തിന്റെ മൃദു സമീപനം സിപിഐയില്‍ വലിയ വിമര്‍ശനമാണുണ്ടാക്കിയിട്ടുള്ളത്. കാനത്തിന്റെ എതിരാളിയായ കെ ഇ ഇസ്മായില്‍ വിഷയത്തില്‍ ശക്തമായി പ്രതികരിച്ചത് ഇതിന്റെ ഭാഗമായിട്ടാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഈ സര്‍ക്കാരിന്റെ തുടക്കത്തില്‍ ചില നയസമീപനങ്ങളുമായി ബന്ധപ്പെട്ട ശക്തമായ വിമര്‍ശനമായിരുന്നു സിപിഐ ഉന്നയിച്ചത്. തോമസ് ചാണ്ടിയുടെ രാജിവെകിക്കുന്നതില്‍ പ്രതിഷേധിച്ച് മന്ത്രിസഭയോഗത്തില്‍നിന്നടക്കം സിപിഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കുന്ന അവസ്ഥ പോലുമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് കാനം രാജേന്ദ്രന്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് നിര്‍ത്തുകയായിരുന്നു.