X

കത്തി താഴവയ്ക്കാന്‍ കണ്ണൂരിനാകുമോ? നേതാക്കന്മാര്‍ക്ക് പറയാനുള്ളത്

നിലയ്ക്കാത്ത കൊലവിളികളില്‍ കണ്ണൂര്‍ ഒരേസമയം ഭയത്തിന്റെയും കണ്ണീരിന്റെയും നാടായി നിലനില്‍ക്കുമ്പോള്‍, എങ്ങനെയീ കൊലപാതക പരമ്പരകള്‍ അവസാനിപ്പിക്കും എന്ന ചോദ്യമാണ് എല്ലായിടത്തു നിന്നും ഉയരുന്നത്. ആരാണ് ഇതിനെല്ലാം മുന്‍കൈ എടുക്കേണ്ടത്? എന്താണ് ഈ ആക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനു തടസമായി നില്‍ക്കുന്നത്? സിപിഎം, കോണ്‍ഗ്രസ്, ബിജെപി എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാര്‍ അഴിമുഖം പ്രതിനിധി ജിഷ ജോര്‍ജിനോട് നിലപാട് വിശദീകരിക്കുന്നു

പി. ജയരാജന്‍ (സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി)
ഇന്ത്യയില്‍ ആകമാനം അക്രമ രാഷ്ട്രീയവും തീവ്രഹിന്ദുത്വ മതമൗലിക വാദങ്ങളും പ്രചരിപ്പിക്കാന്‍ ആര്‍എസ്എസും കേന്ദ്ര നേതൃത്വവും ചേര്‍ന്ന് നടത്തുന്ന ആസൂത്രിത ശ്രമങ്ങളുടെ ഭാഗം തന്നെയാണ് കണ്ണുരില്‍ അരങ്ങേറുന്ന അക്രമ രാഷ്ടീയ സംഭവങ്ങളും. ദളിതര്‍, മത ന്യുനപക്ഷങ്ങള്‍, സ്വതന്ത്ര ചിന്താഗതി പുലര്‍ത്തുന്ന വ്യക്തികള്‍, പ്രസ്ഥാനങ്ങള്‍ എന്നിവരെ ഇല്ലായ്മ ചെയ്യുക എന്നതു സംഘപരിവാറിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. പശുരാഷ്ട്രീയവും ദളിത് പീഡനങ്ങളും എം എം കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ എന്നിവര്‍ ആക്രമിക്കപ്പെട്ടതും ഈ ലക്ഷ്യത്തിന്റെ ഭാഗമാണ്. കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ക്കെതിരേ എല്ലാ കാലത്തും ശക്തമായ നിലപാടുകള്‍ എടുത്തിട്ടുള്ളത് ഇടതുപക്ഷ പ്രസ്ഥാനമാണ്. അതുകൊണ്ട് തന്നെ ബിജെപിയുടെയും ആര്‍എസ്എസിന്റെയും കേരളത്തിലെ മുഖ്യശത്രു സിപിഎം ആണ്.

 

അമ്പതു ശതമാനത്തില്‍ അധികം വോട്ടര്‍മാര്‍ ഇടതുപക്ഷ അനുഭാവികളായ കണ്ണൂരില്‍ ആര്‍എസ്എസ് നടത്തുന്ന അക്രമങ്ങളും കൊലപാതകങ്ങളും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അറിവോടു കൂടി തന്നെയാണ്. കണ്ണുരിനെ ഒരു കലാപ മേഖലയായി ചിത്രീകരിച്ച് കേരളത്തില്‍ കേന്ദ്ര ഇടപെടലും സംഘപരിവാര്‍ പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ തുടരുന്ന അക്രമ സംഭവങ്ങള്‍. എന്നാല്‍ പ്രത്യക്ഷത്തില്‍ അക്രമ രാഷ്ട്രീയത്തിനെതിരെ നിലപാടുകള്‍ എടുക്കുകയും പ്രസ്താവനകള്‍ ഇറക്കുകയും ചെയ്യുന്ന ബിജെപി നേതൃത്വം മറുവശത്ത് ആര്‍എസ്എസ്സിന്റെ എല്ലാ അക്രമ നടപടികള്‍ക്കും പിന്തുണ നല്‍കുകയും ചെയ്യുന്നു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനം തൊട്ട് തുടങ്ങിയതാണ് പിണറായി കേന്ദ്രീകരിച്ചുള്ള ആസൂത്രിത അക്രമ പ്രവര്‍ത്തനങ്ങള്‍. ബോംബ് നിര്‍മാണത്തിനിടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് ഇത്തരം പ്രവര്‍ത്തനങ്ങളുടെ വ്യാപ്തിയുടെ തെളിവാണ്.

 

സിപിഎം അക്രമ രാഷ്ട്രീയം തുടരുന്നു എന്നാരോപിച്ച് ബിജെപി നേതൃത്വം ഡല്‍ഹിയില്‍ മാര്‍ച്ച് നടത്തുന്ന സമയത്താണ് സിപിഎം പടുവിലായി ലോക്കല്‍ കമ്മറ്റി അംഗം കെ.മോഹനന്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാല്‍ കൊല്ലപ്പെടുന്നത്. ഈ ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കാന്‍ ബിജെപി-ആര്‍എസ്എസ് നേതൃത്വം തയ്യാറാവാത്തിടത്തോളം കണ്ണൂരില്‍ സമാധാനം സ്ഥാപിക്കാനുള്ള ഒരു ചര്‍ച്ചയ്ക്കും പ്രസക്തി ഇല്ല.

ജെ.സത്യപ്രകാശ് (ബിജെപി കണ്ണൂര്‍ ജില്ല പ്രസിഡന്റ്)
കണ്ണുര്‍ സിപിഎമ്മിന്റെ കേരളത്തിലെ ഏറ്റവും വലിയ ശകതികേന്ദ്രമാണ്. സിപിഎമ്മിന്റെ നല്ലൊരു ശതമാനം ജനപ്രതിനിധികളും കണ്ണുര്‍ മേഖലയില്‍ നിന്നുള്ളവരാണ്. അങ്ങനെയുള്ള ഒരു സ്ഥലത്ത് നടക്കുന്ന ഇത്തരം നരനായാട്ടുകളുടെ ഉത്തരവാദിത്വം എങ്ങനെ ബിജെപിയിലോ ആര്‍എസ്എസിലോ ആരോപിക്കാന്‍ കഴിയും?

ഇടതുപക്ഷ ഭരണത്തില്‍ ആദ്യമായാണ് ഒരു കണ്ണുരൂകാരന്‍ മുഖ്യമന്ത്രിയാവുന്നത്. ഒരു സംസ്ഥാനത്തെ ജനങ്ങളുടെ മുഴുവന്‍ സംരക്ഷണം ഉറപ്പാക്കേണ്ട അദ്ദേഹത്തിന്റെ പിന്തുണയോട് കൂടി തന്നെയാണ് ഈ അക്രമ സംഭവങ്ങളും കൊലപാതകങ്ങളും കണ്ണുരില്‍ നടക്കുന്നത്. 2016 ലെ നിയസഭ തിരഞ്ഞെടുപ്പിനുശേഷം സിപിഎം അധികാരത്തില്‍ എത്തും എന്ന് ഉറപ്പായ അന്നു മുതല്‍ ജീവനും സ്വത്തിനും സംരക്ഷണം ഇല്ലാതെയാണ് കണ്ണുരിലെ ജനങ്ങള്‍ ജീവിക്കുന്നത്. കൊലപാതക വാര്‍ത്തകള്‍ മാത്രമേ മാധ്യമ ശ്രദ്ധനേടുന്നുള്ളു. അതിലുമധികം അക്രമ സംഭവങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. ഈ കഴിഞ്ഞ നാലുമാസത്തിനുള്ളില്‍ കണ്ണുര്‍ പ്രദേശത്ത് നശിപ്പിക്കപ്പെട്ടത് ഏതാണ്ട് 100 ല്‍ അധികം വീടുകളാണ്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ആക്രമിക്കപ്പെട്ടു. വിവിധ അക്രമങ്ങള്‍ക്ക് ഇരയായി അംഗവൈകല്യം ബാധിച്ച് ജീവശവമായി കഴിയുന്നവര്‍ നിരവധിയാണ്.

 

ഇടതുപക്ഷ ജില്ലയെന്ന് അറിയപെടുന്ന കണ്ണുരില്‍ ഇത്രയൊക്കെ ചെയ്യാന്‍ ബിജെപിക്കോ ആര്‍എസ്എസിനോ കഴിയില്ലെന്നത് വ്യക്തമാണ്. ഈ പശ്ചാത്തലത്തിലും അക്രമം അവസാനിപ്പിക്കാന്‍ സഹായിക്കുന്ന ഏതു ചര്‍ച്ചയ്ക്കും ഒത്തുതീര്‍പ്പിനും ബിജെപി നേതൃത്വം തയ്യാറാണ്. പക്ഷെ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ അടങ്ങിയ ഇടതുപക്ഷ നേതൃനിര ഈ വിഷയത്തില്‍ എടുക്കുന്ന നിലപാടുകള്‍ പൂര്‍ണ്ണ വിശ്വാസയോഗ്യമല്ല.

കെ.സുധാകരന്‍ (കോണ്‍ഗ്രസ് നേതാവ്)
അക്രമ രാഷ്ട്രീയം പിന്തുടരുന്ന രണ്ടു രാഷ്ട്രീയ കക്ഷികള്‍. അതില്‍ ഒരു പാര്‍ട്ടി സംസ്ഥാനം ഭരിക്കുന്നു, മറ്റൊരു പാര്‍ട്ടി കേന്ദ്രം ഭരിക്കുന്നു.അധികാരം കൈവശമുള്ള ഇവര്‍ തങ്ങളുടെ അണികള്‍ക്ക് ആയുധ പരിശീലനവും വേണ്ട ഒത്താശകളും ചെയ്ത് കൊടുത്ത് തങ്ങളെ എതിര്‍ക്കുന്നവരെ ഒക്കെ കൊന്നൊടുക്കാന്‍ പറഞ്ഞയയ്ക്കുന്നു. ഇതാണ് കണ്ണുരില്‍ ഇത് വരെ സംഭവിച്ചിരുന്നതും ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും. ക്രിമിനല്‍ പശ്ചാത്തലമുള്ള നേതാക്കന്മാരാണ് സിപിഎമ്മിന്റെയും ബിജെപിയുടെയും നേതൃനിരയില്‍ ഉള്ളത്. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി വരെ ഇതില്‍ ഉള്‍പ്പെടുന്നു. അക്രമം പ്രോത്സാഹിപ്പിക്കുന്ന ഇത്തരം നേതാക്കന്മാര്‍ ഒരിക്കലും തങ്ങളൂടെ അണികളെ നിയന്ത്രിക്കില്ല. പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ സമാധാന ഉടമ്പടികളില്‍ ഒപ്പ് വയ്ക്കാറുള്ള ഇവര്‍ അതിലെ മഷി ഉണങ്ങുന്നതിനു മുന്‍പ് തന്നെ അടുത്ത ഇരയുടെ മേല്‍ ആയുധം പ്രയോഗിച്ച ചരിത്രം കണ്ണുരില്‍ ഉണ്ട്.

 

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട നിയമപാലകര്‍ പോലും ഇവിടെ നിസ്സഹായരാണ്. അതാണ് ഇന്നലെ കണ്ണുര്‍ മേഖല ഐജി ദിനേന്ദ്ര കശ്യപ് മാധ്യമങ്ങളുടെ മുന്‍പില്‍ തുറന്ന് സമ്മതിച്ചതും. രക്തദാഹിയായ രണ്ട് ഡ്രാക്കുളമാരാണ് കണ്ണുരിലെ സിപിഎമ്മും ആര്‍എസ്എസും. ഇവിടുത്തെ സാധാരണ ജനങ്ങള്‍ക്ക് സുരക്ഷയും സമാധാനവും ഉറപ്പാക്കാന്‍ ആയുധം തഴെവയ്ക്കാന്‍ ഇനിയെങ്കിലും ഈ പാര്‍ട്ടി നേതൃത്വങ്ങള്‍ തങ്ങളൂടെ അണികളോട് ആവശ്യപ്പെടണം. അതോടൊപ്പം ഈ സംഭവങ്ങളിലെ യഥാര്‍ത്ഥ പ്രതികളെ പോലീസിനു കൈമാറാനുള്ള ആര്‍ജ്ജവവും നേതാക്കന്മാര്‍ കാണി്ക്കണം. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മുഖ്യമന്ത്രി അല്ല, കേരള സംസ്ഥാനത്തിന്റെ മുഴുവന്‍ മുഖ്യമന്ത്രിയാണെന്ന് സ്വയം തെളിയിക്കേണ്ടതാണ്.

 

 

This post was last modified on October 13, 2016 7:39 pm