X

ദാരിയോ ഫോ അന്തരിച്ചു

അഴിമുഖം പ്രതിനിധി

 

പ്രശസ്ത ഇറ്റാലിയന്‍ നാടകകൃത്തും അഭിനേതാവും നോബല്‍ സമ്മാന ജേതാവുമായ ദാരിയോ ഫോ നിര്യാതനായി. 90 വയസായ അദ്ദേഹം ഇറ്റലിയിലെ മിലനിലാണ് ഇന്ന് അന്തരിച്ചത്. അദ്ദേഹത്തിന്റെ Accidental Death of an Anarchist, Can’t Pay? Won’t Pay! എന്നീ നാടകങ്ങളെ മുന്‍നിര്‍ത്തി 1997-ല്‍ അദ്ദേഹത്തിന് നോബല്‍ സമ്മാനം ലഭിച്ചു. അദ്ദേഹത്തിന്റെ ഒറ്റയാന്‍ നാടകമായ Mistero Buffo-മായി 30 വര്‍ഷത്തോളം ഫോ ലോകം ചുറ്റി സഞ്ചരിച്ചിരുന്നു. നടിയായ ഭാര്യ ഫ്രാങ്ക റെയ്മും അദ്ദേഹത്തിന്റെ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

 

ഇറ്റലിയിലെ സാംഗിയാനോയില്‍ 1926ല്‍ ജനിച്ച ഫോ തന്റ യാത്രികനായ മുത്തശ്ശനില്‍ നിന്നാണ് കഥ പറച്ചിലിന്റെ കഴിവുകള്‍ സ്വായത്തമാക്കിയത്. എഴുത്ത്, അഭിനയം എന്നിവയിലേക്ക് തിരിയുന്നതിന് മുമ്പ് ആര്‍ക്കിടെക്ചര്‍ പഠിക്കാനായി മിലാനില്‍ എത്തിയതായിരുന്നു ഫോ. തുടര്‍ന്ന് 1950-കളില്‍ റെയ്മിനെ കണ്ടു മുട്ടി. ഇരുവരും ചേര്‍ന്ന് നിരവധി നാടകങ്ങള്‍ അവതരിപ്പിച്ചു. 1957-ല്‍ ഫോ-റെയം നാടക കമ്പകനി രൂപീകരിച്ച് വിവിധ നാടകങ്ങളിലൂടെ ദേശീയ ശ്രദ്ധ നേടി. എന്നാല്‍ രാഷ്ട്രീയ നേതൃത്വത്തിനെതിരെ കനത്ത പരിഹാസങ്ങളും വിമര്‍ശനങ്ങളും ലക്ഷ്യമിട്ടുള്ള അവരുടെ നാടകങ്ങള്‍ പലപ്പോഴും സെന്‍സര്‍ഷിപ്പിനും ഒപ്പം അടിച്ചമര്‍ത്തലിനും വിധേയമായി. തുറന്നടിക്കുന്ന പ്രകൃതം മൂലം ഒരു ഘട്ടത്തില്‍ ഇറ്റാലിയന്‍ ടിവിയില്‍ വിലക്ക് വരെ നേരിട്ടിരുന്നു.

 

ഫോയുടെ റാഡിക്കല്‍ രാഷ്ട്രീയ നിലപാടുകള്‍ മൂലം രണ്ടു തവണ അമേരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കു നേരിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്ത കൃതിയായ Accidental Death of an Anarchist ഒരു പൊളിറ്റിക്കല്‍ അനാര്‍ക്കിസ്റ്റ് പോലീസ് കസ്റ്റഡിയില്‍ മരിച്ച യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. ഇത് മലയാളത്തില്‍ ‘ഒരു അരാജകവാദിയുടെ അപകടമരണം’ എന്ന പേരില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്.

 

 

This post was last modified on December 27, 2016 2:23 pm