കണ്ണൂരില്‍ തുടരുന്ന സംഘര്‍ഷങ്ങളെ വിമര്‍ശിച്ച് സിപിഐ നേതാവ് ബിനോയ് വിശ്വം. അക്രമങ്ങളെ ജനങ്ങള്‍ വെറുക്കുന്നുവെന്നും സമാധാനം അവരുടെ അവകാശമാണെന്നും പറഞ്ഞ ബിനോയ് വിശ്വം രാഷ്ട്രീയത്തിന്റെ പേരിലുള്ള അരാഷ്ട്രീയതയും അരാജകത്വവുമാണ് കണ്ണൂരില്‍ നടക്കുന്നതെന്നും കുറ്റപ്പെടുത്തി. ഗ്രീന്‍ ഹ്യൂമനിസ്റ്റ് അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം. അദ്ദേഹത്തിന്റെ വാക്കുകള്‍-
‘കണ്ണൂരില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയ്ക്കു കളങ്കം ചാര്‍ത്തുന്നതാണ്. രാഷ്ട്രീയത്തിന്റെ പേരിലുള്ള അരാഷ്ട്രീയതയും അരാജകത്വവുമാണ് അവിടെ അഴിഞ്ഞാടുന്നത്. അര്‍ത്ഥവത്തായ രാഷ്ടീയ പ്രവര്‍ത്തനം എന്താണെന്ന് ഈ അഴിഞ്ഞാട്ടക്കാര്‍ക്ക് അറിയില്ല.ആശയസമരത്തിന്റെ പാത പിന്‍പറ്റാന്‍ അവര്‍ അശക്തരാണ്. ജനങ്ങളോട് പ്രതിബദ്ധതയുള്ള ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയും അക്കൂട്ടരെ തള്ളിപ്പറയുക തന്നെ വേണം. അധോലോക സംസ്‌ക്കാരമുള്ള കൊലപാതക രാഷ്ട്രീയം ആത്യന്തികമായി ജനങ്ങള്‍ക്കു നല്‍കുന്നത് കണ്ണീരും തീരാദുരിതങ്ങളുമായിരിക്കും. ആ വഴിയേ പോകുന്നവര്‍ക്ക് മടിയായിരിക്കും, ഈ ആയുധപ്പോരില്‍ ആരും ജയിക്കില്ല എന്ന സത്യം അംഗീകരിക്കാന്‍. പക്ഷെ ആ സത്യം അവരെയൊക്കെ തുറിച്ചു നോക്കുന്നുണ്ട്.
വര്‍ക്കല ശിവഗിരിയിലെ സമ്മേളനത്തില്‍ വച്ച് സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാന്‍ ചര്‍ച്ചകള്‍ക്കു സന്നദ്ധമാണെന്ന് സി പി എം സെക്രട്ടറി സ: കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ബി ജെ പി നേതാവ് കുമ്മനം രാജശേഖരന്‍ അതിനോട് നേരിട്ട് പ്രതികരിക്കാത തത്വങ്ങള്‍ പറഞ്ഞു പോവുകയാണുണ്ടായത്. അന്ന് അതേ വേദിയില്‍ ഇക്കാര്യം ഞാന്‍ ചൂണ്ടിക്കാട്ടിയതാണ്.
ചര്‍ച്ചകള്‍ മാത്രമാണ് കണ്ണൂരിലെ പ്രശ്‌ന പരിഹാരത്തിനു പോംവഴി. ഉള്ളുതുറന്ന് സംസാരിക്കാനും സമാധാനം വീണ്ടെടുക്കാനും കഴിയണം. നിരന്തരമായി അതിനായി യോഗങ്ങള്‍ നടക്കണം അതില്‍ പ്രധാന പങ്കുവഹിക്കേണ്ടത് സി പി എമ്മും ബി ജെ പി യും തന്നെ. അവര്‍ ഇക്കാര്യത്തില്‍ ഒട്ടുമേ അമാന്തിക്കരുത്.
നാദാപുരത്തെ സംഘര്‍ഷ ദിനങ്ങളില്‍ ഞങ്ങള്‍ ഇതനുഭവിച്ചതാണ്. ജനങ്ങള്‍ തീരുമാനിച്ചാല്‍ സമാധാനം വീണ്ടെടുക്കാനാവുക തന്നെ ചെയ്യും. നാദാപുരത്തു നിന്ന് ഞാന്‍ പഠിച്ച പാഠമതാണ്. സമാധാനത്തിനു വേണ്ടി വഹിച്ച പങ്കിന്റെ പേരിലായിരിക്കും നാളെ ജനങ്ങള്‍ പാര്‍ട്ടികളെ വിലയിരുത്തുക. അക്രമങ്ങളെ അവര്‍ വെറുക്കുന്നു. സമാധാനം അവരുടെ അവകാശമാണ്.’
Leave a Comment