X

രാഷ്ട്രീയപ്പാര്‍ട്ടിയുമായി കാന്തപുരം; പ്രഖ്യാപനം ഇന്നുണ്ടാകും

അഴിമുഖം പ്രതിനിധി

സുന്നി പ്രസ്ഥാനത്തിന്‍റെ നേതാവ് കാന്തപുരം  എപി അബൂബക്കര്‍ മുസലിയാര്‍ പുതിയ സംഘടനാ പ്രഖ്യാപനവുമായി രംഗത്ത്. ഇന്ന് മലപ്പുറം വാര്യന്‍ കുന്നത്ത് മുഹമ്മദ്‌ സ്മാരക ടൌണ്‍ ഹാളില്‍ നടക്കുന്ന പ്രഖ്യാപന സമ്മേളനത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉണ്ടാവുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. സമസ്ത കേരളാ ഇമിയത്തുല്‍ ഉലമയുടെ കീഴിലുള്ള സുന്നി യുവജന സംഘം (എസ് വൈ എസ്) സുന്നി സ്റ്റുഡന്‍റ്റ്സ് ഫെഡറേഷന്‍ (എസ് എസ്എഫ്) എന്നീ സംഘടനകള്‍ കൂട്ടിച്ചേര്‍ത്താണ് പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് കാന്തപുരം തെരഞ്ഞെടുപ്പിന്‍റെ പടിവാതില്‍ക്കല്‍ വച്ച്  രൂപം നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നത് കാന്തപുരം വിഭാഗത്തിലെ പ്രധാനനേതാക്കളാണ്. പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹികളുടെ താല്‍ക്കാലിക പട്ടികയും കാന്തപുരത്തിന്‍റെ പക്കലുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യകതമാക്കുന്നു.

18 വയസ്സിനു മേല്‍ പ്രായമുള്ള സുന്നി പ്രവര്‍ത്തകര്‍ക്ക് കേരളാ മുസ്ലിം ജമാഅത്ത് എന്ന പുതിയ രാഷ്ട്രീയ സംഘടനയില്‍ അംഗത്വം ലഭ്യമാവുമെന്നു കാന്തപുരം വ്യക്തമാക്കിയിരുന്നു. പക്ഷേ സംഘടനയില്‍ വനിത പ്രാതിനിധ്യം ഇപ്പോഴും അടക്കിപ്പിടിച്ച ചര്‍ച്ചകളില്‍ മാത്രമൊതുങ്ങുകയാണ്‌. തൊഴിലാളികള്‍ക്കിടയിലും അധ്യാപകരുടെയും വ്യാപാരികള്‍ക്കിടയിലും ഉപസംഘടനകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം വിപുലീകരിക്കാനാണ് തീരുമാനമെന്നാണ് സൂചനകള്‍. കേരളാ മുസ്ലിം ജമാഅത്ത് ഒരു രാഷ്ട്രീയ സംഘടന അല്ലെന്നു പ്രഖ്യപിക്കുമ്പോഴും രാഷ്ട്രീയപരമായി തന്ത്രപ്രധാനമായ സമയത്ത് പുതിയ സംഘടനരൂപീകരിച്ചതിലൂടെ കാന്തപുരം ഉന്നം വയ്ക്കുന്നത് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകശക്തിയാവാനുള്ള കരുനീക്കം തന്നെയെന്നു പറയപ്പെടുന്നു. മഹല്ലുകളുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും ഇനി കൈകാര്യം ചെയ്യുക കാന്തപുരത്തിന്റെ നേതൃത്വത്തിനു കീഴില്‍ വരന്‍ പോകുന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിയാവും എന്നും സൂചനകളുണ്ട്.

ഇപ്പോള്‍ കേരളത്തില്‍ മാത്രം പ്രവര്‍ത്തനമാരംഭിക്കുന്ന സംഘടന താമസിയാതെ തന്നെ മറ്റു സംസ്ഥാനങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ആലോചിക്കുന്നതായും പാര്‍ട്ടി വൃത്തങ്ങള്‍ വ്യകതമാക്കുന്നുണ്ട്. മുസ്ലിം ലീഗിന്‍റെയും ഇകെ വിഭാഗം സമസ്തയുടെയും ശക്തികേന്ദ്രമായ മലബാര്‍ മേഖലയില്‍ തന്നെ പുതിയ പാര്‍ട്ടിക്ക് ആരംഭം കുറിക്കുന്നതിലൂടെ കാന്തപുരം ഉന്നം വയ്ക്കുന്നത് തങ്ങളുടെ സ്വാധീനം തെളിയിക്കാനുള്ള തന്ത്രമാണ്‌ എന്നും സൂചനകളുണ്ട്.കാന്തപുരത്തിന്‍റെ പുതിയ നീക്കത്തെ സുന്നിയിലെ തന്നെ ഇകെ വിഭാഗം മാത്രമല്ല ഇടതു പക്ഷവും കോണ്‍ഗ്രസും മുസ്ലിം ലീഗും ആകാംഷയോടെയാണ് ഉറ്റുനോക്കുന്നത്.കേരള  മുസ്ലിം ജമാഅത്ത് ഇതുമായി ബന്ധപ്പെട്ട തങ്ങളുടെ നയവും നിലപാടുകളും വിശദീകരിക്കും. എന്നാല്‍ ഇതുവരെ മുസ്ലിം ലീഗടക്കമുള്ള സംഘടനകള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.    

This post was last modified on October 10, 2015 5:00 pm