X

കശ്മീര്‍ നീങ്ങുന്നത് രക്തരൂക്ഷിത കലാപദിനങ്ങളിലേക്ക്

അഴിമുഖം പ്രതിനിധി

കശ്മീര്‍ താഴ്‌വരയില്‍ സമാധാനത്തിനായി നടത്തിയ ചില്ലറ ശ്രമങ്ങള്‍, രക്തചൊരിച്ചിലിന് അറുതിവരുത്താന്‍ നടത്തിയ പല തലങ്ങളിലുള്ള നടപടികള്‍… എല്ലാം പൂര്‍ണമായും ഇല്ലാതായിരിക്കുന്നു.

കശ്മീര്‍ കൂടുതല്‍ രക്തരൂഷിതമായ കലാപദിനങ്ങളിലേക്കാണ് നീങ്ങുന്നത് എന്നതിനുള്ള തെളിവുകള്‍ നിരവധിയാണ്; തെക്കന്‍ കശ്മീരില്‍ നിരവധി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒഴിഞ്ഞുപോയ പലയിടങ്ങളിലേക്കും സൈന്യം തിരിച്ചെത്തുന്നു. 1980-കളില്‍ കശ്മീര്‍ സ്വാതന്ത്ര്യപ്രക്ഷോഭം തുടങ്ങിയതിന് ശേഷം ഇതാദ്യമായി ഈദ് ആഘോഷങ്ങളുടെ മൂന്നുദിവസങ്ങളില്‍ (ഈ ചൊവ്വാഴ്ചയാണ് ഈദ്) പ്രതിഷേധങ്ങള്‍ക്ക് കശ്മീരി വിഘടനവാദി നേതാക്കള്‍ ആഹ്വാനം ചെയ്തിരിക്കുന്നു. 

കശ്മീര്‍ പ്രതിസന്ധിയെ വെറും സുരക്ഷാ പ്രശ്‌നമാക്കി ചുരുക്കി, മൂര്‍ത്തമായ രാഷ്ട്രീയ പരിഹാരപ്രക്രിയയെ അവഗണിക്കുന്ന ന്യൂഡല്‍ഹിയുടെ ലളിതവത്കരണ രീതി കാര്യങ്ങളെ കൂടുതല്‍ വഷളാക്കുന്നു. 

തെക്കന്‍ കശ്മീര്‍ ജില്ലകളില്‍ ആവശ്യമെങ്കില്‍ ദ്രുതഗതിയില്‍ വിന്യസിക്കുന്നതിന് തങ്ങള്‍ സൈന്യത്തെ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നു എന്നു സേനാവൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. തീവ്രവാദി കമാന്‍ഡര്‍ ബൂര്‍ഹാന്‍ വാനി കൊല്ലപ്പെട്ടത് മുതല്‍ കഴിഞ്ഞ രണ്ടുമാസമായി വന്‍ പ്രതിഷേധങ്ങള്‍ നടക്കുന്ന പുല്‍വാമ, ഷോപ്പിയാന്‍, കുല്‍ഗാം, അനന്ത്‌നാഗ് പ്രദേശങ്ങളിലെ പ്രശ്‌നബാധിത പ്രദേശങ്ങളിലേക്ക് സൈന്യം നീങ്ങിയെന്നും ചില വാര്‍ത്തകളില്‍ പറയുന്നു. ജനകീയപ്രതിഷേധങ്ങള്‍ക്കിടെ കൊല്ലപ്പെട്ട 78 പേരില്‍ ഭൂരിഭാഗവും ഈ നാല് ജില്ലകളില്‍ നിന്നുമാണ്. 

2008 മുതല്‍ 2010 വരെ താഴ്‌വരയെ പിടിച്ചുകുലുക്കിയ വേനല്‍ക്കാല പ്രതിഷേധങ്ങള്‍ക്കിടയില്‍പ്പോലും ഇത്തരം നടപടികള്‍ എടുത്തിട്ടില്ല. വിഘടനവാദികള്‍ ജനജീവിതം സ്തംഭിപ്പിക്കുന്ന രീതിയില്‍ സമരം നടത്തുകയാണെങ്കില്‍ 1989-ല്‍ സായുധ കലാപം തുടങ്ങി ഇതാദ്യമായിരിക്കും ഈദ് ദിനത്തില്‍ ഒരു ഹര്‍ത്താല്‍ നടക്കുന്നത്. 

‘വലിയ തോതില്‍ ആളുകള്‍ കൂടുന്ന സ്ഥലങ്ങള്‍ അടച്ചിടുകയും സാധാരണഗതിയില്‍ ചെറിയ ആള്‍ക്കൂട്ടം ഉണ്ടാകുന്ന പ്രാദേശിക പള്ളികളില്‍ ഈദ് പ്രാര്‍ത്ഥന നടത്താന്‍ ആളുകളെ അനുവദിക്കുകയും ചെയ്യും,’ എന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് ഒരുമിച്ച് പ്രാര്‍ത്ഥന നടത്താനാവുന്ന വലിയ ഈദ്ഗാഹുകളിലോ പള്ളികളിലോ ആണ് ആളുകള്‍ ഈദ് ദിവസം ഒത്തുചേരുന്നത്. 

ഈദ് ദിവസവും ഹര്‍ത്താല്‍ തുടരാന്‍ ആഹ്വാനം ചെയ്ത വിഘടനവാദികള്‍ ചൊവ്വാഴച ഇന്ത്യയിലെയും പാകിസ്താനിലേയും ഐക്യരാഷ്ട്രസഭ സൈനിക നിരീക്ഷണ സംഘത്തിന്റെ കാര്യാലയങ്ങളിലേക്ക് പ്രകടനം നടത്താന്‍ ജനങ്ങളെ ആഹ്വാനം ചെയ്തിരിക്കുകയാണ്. 

സംയുക്ത പ്രതിരോധ സമിതി ഹൂറിയത് നേതാവ് സയിദ് അലി ഷാ ഗീലാനി, വിഘടനവാദികളിലെ മിതവാദി നേതാവ് മിര്‍വായിസ് ഉമര്‍ ഫറൂഖ്, മുഹമ്മദ് യാസീന്‍ മാലിക് എന്നിവര്‍ ശ്രീനഗറിലെ പ്രധാന ഈദ്ഗായിലേക്ക് പ്രകടനം നടത്താനും ആഹ്വാനം ചെയ്തിട്ടുണ്ട്. 

ഇതിനെത്തുടര്‍ന്ന് യു.എന്‍ കാര്യാലയത്തിലേക്ക് പ്രകടനം നടത്താനും സെപ്റ്റംബര്‍ 13നു തുടങ്ങുന്ന യു.എന്‍ എഴുപത്തൊന്നാം സമ്മേളനത്തിലേക്ക് ഒരു ഹര്‍ജി സമര്‍പ്പിക്കാനുമാണ് നീക്കം. 

‘നമാസിന് മുമ്പ് ഇമാമുകളും ഘത്തീബുമാരും ‘നമുക്ക് പ്രതിജ്ഞയെടുക്കാം’ എന്ന സന്ദേശം വായിക്കും. സ്വാതന്ത്ര്യ സമര പോരാട്ടം തുടരാനും രാഷ്ട്രീയകക്ഷികളെയും നേതാക്കളെയും തെരഞ്ഞെടുപ്പുകളും തെരഞ്ഞെടുപ്പ് ജാഥകളും തെരഞ്ഞെടുപ്പ് സംവിധാനവും ബഹിഷ്‌ക്കരിക്കാനുള്ള പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലും,’ സംയുക്ത പ്രതിരോധ സമിതി നേതൃത്വത്തിന്റെ ഒരു വക്താവ് പറഞ്ഞു. 

പകല്‍സമയത്ത് ഹര്‍ത്താലില്‍ ഇളവൊന്നും ഉണ്ടാകില്ലെങ്കിലും വൈകീട്ട് 6 മുതല്‍ രാവിലെ 6 വരെ ചില ഇളവുകള്‍ ഉണ്ടാകും. ‘ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം’, ‘ഇന്ത്യ മടങ്ങിപ്പോവുക’ എന്നെഴുതിയ കൊടികളും ബാനറുകളും പ്ലക്കാഡുകളും കരുതുക. ലാളിത്യത്തോടെ ഈദ് ഉല്‍ അസ ആഘോഷിക്കുക. ഒത്തുചേര്‍ന്ന് ബലി നടത്തുകയും സമൂഹസദ്യയില്‍ ചേരുകയുമാകാം. ഓരോ പ്രദേശത്തെയും ചെറുത്തുനില്‍പ്പ്, പള്ളി സമിതികള്‍ ഇതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണം,’ വിഘടനവാദികള്‍ പറഞ്ഞു. 

ഈദിന്റെ രണ്ടാം ദിവസം ദേശീയപാതകളും ജില്ലാപാതകളും ഉപരോധിക്കാന്‍ അവര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. 

2010-ല്‍ പ്രതിഷേധം രൂക്ഷമായ കാലത്തും ഈദ് സമയത്ത് ഹര്‍ത്താല്‍ ഉണ്ടായിരുന്നില്ല. പക്ഷേ അന്ന് നഗരകേന്ദ്രത്തിലേക്ക് ജനങ്ങള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പ്രധാനപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് തീവെക്കുകയും ഘടികാരഗോപുരത്തിന് മുകളില്‍ അവരുടെ പതാക കെട്ടുകയും ചെയ്തിരുന്നു. 

ഇത്തവണ സര്‍ക്കാരും വിഘടനവാദികളും കൂടുതല്‍ ശക്തമായ ഏറ്റുമുട്ടലിനാണ് തയ്യാറെടുക്കുന്നത്.

 

This post was last modified on September 11, 2016 5:27 pm