X

കയ്യൂർ സമരസേനാനിയുടെ ചെറുമകൾക്ക് പാര്‍ട്ടി ഗ്രാമത്തിൽ ഭ്രഷ്ട്

രാധയ്ക്കും മക്കൾക്കും ഊരുവിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സിപിഎം പേരോൽ ഈസ്റ്റ് ലോക്കൽ കമ്മറ്റിയംഗം ടി കുഞ്ഞിക്കണ്ണൻ പറഞ്ഞു.

ക്ഷേത്രത്തിന് സ്ഥലം വെറുതെ വിട്ടു കൊടുക്കാത്തതിന്റെ പേരിൽ പ്രായമായ വീട്ടമ്മയെ പാർട്ടി ഗ്രാമത്തിൽ നിന്നും സിപിഎം കേഡർമാർ അടിച്ചോടിച്ചു. സിപിഎമ്മുകാർ പാർട്ടി ഗ്രാമമെന്ന് വിശേഷിപ്പിക്കുന്ന നീലേശ്വരം പാലായിയിലാണ് സംഭവം. പാലായിയിൽ താമസക്കാരിയായ എംകെ രാധയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്.

ഒന്നരമാസം മുമ്പാണ് ഭ്രഷ്ട് നടപ്പാക്കിയത്. സ്വന്തം വീട്ടിൽ നിന്ന് അടിച്ചിറക്കപ്പെട്ട ദിവസം രാധ കുലോമീറ്ററുകളോളം നടന്ന് ക്ഷീണിച്ചപ്പോൾ അടുത്തു കണ്ട വീട്ടിൽ കയറിയിരുന്നു. പാർട്ടിക്കാർ അവിടെയുമെത്തി വീട്ടുടമയെ ഭീഷണിപ്പെടുത്തി. 63കാരിയായ രാധ വീണ്ടും നടക്കേണ്ടി വന്നു. ഇതിനിടയിൽ മക്കൾ എങ്ങനെയൊക്കെയോ വിവരമറിഞ്ഞെത്തി കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.

സിപിഎം പാർട്ടി കുടുംബാംഗമാണ് രാധ. കയ്യൂർ സമരസേനാനി ഏലിച്ചി കണ്ണന്റെ കൊച്ചുമകളാണ്. സ്വാതന്ത്ര്യ സമരസേസാനികൾക്കുള്ള പെൻഷൻ വേണ്ടെന്നു പറഞ്ഞ പിപി കുമാരന്റെ മകളുമാണ് ഇവർ.

ഭർത്താവ് ടി രാഘവൻ കെഎസ്‌ടിഎ നേതാവായിരുന്നു, കൊളത്തൂർ ഗവൺമെന്റ് ഹൈസ്കൂളിൽ ജോലി ചെയ്യവെ ഇദ്ദേഹം മരിച്ചു. മൂന്നു മക്കളെയും വളര്‍ത്തി വിവാഹം കഴിപ്പിച്ചയച്ചത് രാധ ഒറ്റയ്ക്കാണ്. മക്കൾ വിവാഹം കഴിഞ്ഞ് നീങ്ങിയതോടെ പാലായിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. ഇതിനിടെ സമീപത്തെ ക്ഷേത്രത്തിന് പൂരക്കളി നടത്താൻ സ്ഥലം വെറുതെ കിട്ടണമെന്ന് ആവശ്യപ്പെട്ട് ആളുകളെത്തി. നാലര സെന്റ് സ്ഥലം വെറുതെ കൊടുത്തു. കളിക്കുന്ന സ്ഥലം മാറ്റണമെന്ന് ക്ഷേത്രപ്രശ്നത്തിൽ തെളിഞ്ഞതോടെ വീണ്ടും സ്ഥലം ആവശ്യപ്പെട്ടെത്തി. മുൻപ് കൊടുത്ത സ്ഥലം തിരിച്ചു തന്നാൽ വേറെ സ്ഥലം തരാമെന്ന് കരാറിലായി. എന്നാൽ സ്ഥലം കിട്ടിയതിനു ശേഷം ആദ്യം കൊടുത്ത നാലര സെന്റ് ഒഴിയാൻ അവർ തയ്യാറായില്ല.

ഇതിനു പിന്നാലെയാണ് റോഡു പണിക്ക് സ്ഥലം വേണമെന്ന ആവശ്യവുമായി ഇതേ കൂട്ടർ പാർട്ടി വിലാസത്തിൽ എത്തിയത്. സ്ഥലം കയ്യേറുന്നത് ശീലമാക്കിയതിനാൽ രാധ ഇതിന് വഴങ്ങിയില്ല. എന്നാൽ സ്ഥലം കയ്യേറ്റം നടന്നു. വാട്ടുകിണർ മലിനമാക്കുക തുടങ്ങിയ ദ്രോഹങ്ങളും നടന്നു. ഇതിനിടയിൽ മകൾക്ക് അങ്കണവാടിയിലുള്ള ജോലി ഇല്ലാതാക്കാൻ നോക്കി. വീട്ടിലെ ജനലുകൾക്കു നേരെ കല്ലേറുണ്ടായി.

പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ഇടപെട്ടെങ്കിലും കാര്യമുണ്ടായില്ല. ജനുവരി അഞ്ചിന് വീടിനു നേരെ ആക്രമണം നടന്നു. മാർച്ച് മാസം 18ന് സംഘടിച്ചെത്തിയ പാർട്ടിക്കാർ മകളെ മുറിയിൽ പൂട്ടിയിട്ടു. പൊലീസെത്തിയാണ് രക്ഷപ്പെടുത്തിയത്. അന്നുതന്നെ രാധയെ അടിച്ചോടിക്കുകയും ചെയ്തു.

വളപ്പിലുള്ള തേങ്ങയും മറ്റും ചാക്കുകളിലാക്കി സിപിഎം കേഡർമാർ കൊണ്ടു പോകുകയാണെന്ന് രാധ പറഞ്ഞു. വീട്ടിലേക്ക് തന്നെ അടുക്കാൻ സമ്മതിക്കുന്നില്ല. മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും നട
പടിയുണ്ടായില്ല.

സിപിഎം വിശദീകരണം

രാധയ്ക്കും മക്കൾക്കും ഊരുവിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സിപിഎം പേരോൽ ഈസ്റ്റ് ലോക്കൽ കമ്മറ്റിയംഗം ടി കുഞ്ഞിക്കണ്ണൻ പറഞ്ഞു. രാധയുടെ അനുമതി കിട്ടാത്തതിനാൽ വേറൊരാളിൽ നിന്ന് സ്ഥലം ഏറ്റെടുത്ത് റോഡുപണി പൂർത്തിയാക്കാനാണ് തീരുമാനമെന്ന് കുഞ്ഞിക്കണ്ണൻ പറഞ്ഞു.

This post was last modified on May 22, 2018 12:05 pm