X

ആലപ്പാട്: ഞങ്ങളിത് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു; എന്താണ് ഈ തീരദേശത്ത് സംഭവിക്കുന്നത്? അറിയേണ്ടതെല്ലാം

കഴിഞ്ഞ സെപ്തംബര്‍ മാസം മുതല്‍ അഴിമുഖം ഈ വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു

“തലമുറകളായി ജീവിച്ചുപോരുന്ന മണ്ണിൽ നിന്നും പെട്ടെന്നൊരു ദിവസം പുറത്താക്കപ്പെടുക. തൊട്ടടുത്ത കരഭൂമി പതുക്കെപ്പതുക്കെ  കടൽ കയറി ഭൂപടത്തിൽ  നിന്ന് തന്നെ ഇല്ലാതാകുന്നത് ഭീതിയോടെ തിരിച്ചറിയുക. വിശപ്പടക്കാൻ  പൂർവ്വികന്മാർ നനച്ചു വളർത്തിയ വിശാലമായ നെൽപ്പാടങ്ങൾ ഒന്നൊന്നാകെ ഇല്ലാതാകുന്നതും തങ്ങളുടെ ഏക വരുമാനമാർഗ്ഗമായ മത്സ്യബന്ധനത്തിന് മീതെ കരിമണൽ ലോബികൾ കരിനിഴൽ വീഴ്ത്തുന്നതും നിസ്സഹായതയോടെ കണ്ടുനിൽക്കേണ്ടി വരിക. കൊല്ലം ചവറ മുതൽ ആലപ്പാട്  വരെയുള്ള തീരദേശമേഖലയിലെത്തിയാൽ ആയിരക്കണക്കിന് മനുഷ്യരെ പലായനത്തിന് നിർബന്ധിതരാക്കുന്ന ഇത്തരം അനേകം കാഴ്ചകൾ കാണാനാകും. ഒരു ഗ്രാമത്തെ ഭൂപടത്തിൽ നിന്ന് തന്നെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന ഭീകരമായ കാഴ്ച വേറെയും.

ആലപ്പാട്ടും സമീപ പ്രദേശങ്ങളിലും നടക്കുന്ന ഖനനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ സമരത്തിന്‌ ഒരുങ്ങുന്ന വാര്‍ത്ത‍ ഞങ്ങള്‍ അറിയുന്നത് കഴിഞ്ഞ സെപ്റ്റംബറിലാണ്. കടല്‍ കയറി കേരളത്തിന്റെ ഒരു ഭാഗം മുങ്ങാന്‍ പോകുന്നു എന്നതു തന്നെയായിരുന്നു അഴിമുഖത്തിനു വേണ്ടി സന്ധ്യ വിനോദ് ചെയ്ത റിപ്പോര്‍ട്ടില്‍ പ്രധാനമായി ചൂണ്ടിക്കാട്ടിയിരുന്നതും. സെപ്റ്റംബര്‍ 21-ന് പ്രസിദ്ധീകരിച്ച ആ റിപ്പോര്‍ട്ടാണ് ആലപ്പാട്ടെയും പരിസര പ്രദേശങ്ങളിലെയും ഖനനവുമായി ബന്ധപ്പെട്ട് അടുത്ത കാലത്ത് പുറത്തു വന്ന ആദ്യ വാര്‍ത്ത‍. ആലപ്പാട് നടക്കുന്നതിന്റെ സജീവമായ വിവരങ്ങള്‍ അടങ്ങിയ ആ വാര്‍ത്ത‍ ഇതായിരുന്നു: ആലപ്പാട്: ഒരു ഗ്രാമം കേരളത്തിന്റെ ഭൂപടത്തില്‍ നിന്ന് ഇല്ലാതാവുകയാണ്; കാത്തിരിക്കുന്നത് കടല്‍ ഇരച്ചു കയറുന്ന മഹാദുരന്തം

തുടര്‍ന്ന് ഈ വിഷയത്തില്‍ ഞങ്ങള്‍ നിരന്തരം റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയും സെലിബ്രിറ്റികളും ഒക്കെ ആലപ്പാടിനു വേണ്ടി രംഗത്തിറങ്ങി കൂടുതല്‍ ശ്രദ്ധ കിട്ടിയിട്ടുണ്ട്. എന്നാല്‍ ആരുടെയും കാര്യമായ പിന്തുണയില്ലാതെ തദ്ദേശീയ ജനത തുടങ്ങാന്‍ പോകുന്ന സമരത്തെ കുറിച്ച് ഒക്ടോബര്‍ 16-ന് ഞങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഇങ്ങനെയായിരുന്നു:  ആലപ്പാട് ഗ്രാമം കടല്‍ വിഴുങ്ങുന്നുന്നതിനു മുമ്പ് ജനങ്ങള്‍ അവസാന പോരാട്ടത്തിന് തയാറെടുക്കുകയാണ്

തൊട്ടുപിന്നാലെ ആ നാട്ടുകാര്‍ സമരവും ആരംഭിച്ചു. അന്ന് സമരപ്പന്തലില്‍ എത്തിയ വിളയോടി വേണുഗോപാല്‍ ഇങ്ങനെ പറഞ്ഞു: “ആലപ്പാടുകാരെ സംബന്ധിച്ചേടത്തോളം ഇതൊരു അതിജീവനത്തിന്റെയും നിലനില്പിന്റെയും പോരാട്ടമാണ്”,  “ഈ തലമുറ മാത്രമല്ല, വരും തലമുറയും ഇവിടെ ജീവിക്കണം. ഗ്രാമപഞ്ചായത്ത് എട്ട് ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി വന്നതിനു ഭരണകൂടം മാത്രമാണ് ഉത്തരവാദി. നമ്മുടെ രാജ്യത്ത് നൂറ്റാണ്ടുകളായി ജനിച്ചുവളർന്നവരുടെ ജീവിക്കാനുള്ള അവകാശം പിഴുതെറിഞ്ഞ് അവരെ നാടോടികളാക്കുന്ന ഒരു വികസന നയം ഇന്ന് കേരളത്തിൽ വളർന്നുകൊണ്ടിരിക്കുകയാണ്. വികസന ഫാസിസമെന്നും വികസന തീവ്രവാദമെന്നുമേ അതിനെ പറയാൻ കഴിയൂ. ആർത്തിപൂണ്ട്, വരും തലമുറയ്ക്ക് കൂടി അവകാശപ്പെട്ട പ്രകൃതി വിഭവങ്ങളെ മുഴുവൻ ഭരണാധികാരികൾ ഏജന്റായി നിന്ന് കുത്തക മുതലാളിമാർക്ക് വിറ്റുകൊണ്ടിരിക്കുകയാണ്. കരിമണൽ ഖനനത്തിന്റെ പേരിൽ നടക്കുന്ന മണൽക്കൊള്ളയ്ക്കും ചൂഷണത്തിനുമെതിരെ ശക്തമായ പ്രതിഷേധം തന്നെ ഉയർന്നുവരണം”. ഇതിനെ കുറിച്ച് നവംബര്‍ ഏഴിന് അഴിമുഖം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഇതായിരുന്നു: കടലെടുക്കാത്ത അവസാന തുണ്ട് ഭൂമിയില്‍ അവര്‍ സമരം തുടങ്ങി; കരിമണലെടുക്കുന്ന ജീവിതങ്ങള്‍

ആലപ്പാട് മാത്രമല്ല ഖനനത്തിന്റെ ദുരന്തങ്ങള്‍ അനുഭവിക്കുന്നത്. തൊട്ടടുത്തുള്ള പൊന്മന എന്ന ഗ്രാമം ഇന്ന് ഒട്ടൊക്കെ ശൂന്യമാണ്. അതിനെക്കുറിച്ച് സന്ധ്യ വിനോദ് ചെയ്ത റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു: “ആലപ്പാട് പഞ്ചായത്തിനോട് തൊട്ടുചേർന്നു കിടക്കുന്ന പന്മന പഞ്ചായത്തിൽ ഉൾപ്പെട്ട പ്രദേശമാണ് പൊന്മന. ജനവാസമുള്ള വെള്ളനാതുരുത്ത് ഗ്രാമത്തിൽ നിന്നും പൊന്മനയിലേക്ക് പാതിയോളം മാത്രമേ ടാറിട്ട റോഡുള്ളു. പിന്നീടങ്ങോട്ട് മൺപാതയാണ്. മൺപാതയും താണ്ടിയെത്തുമ്പോൾ കാടുപിടിച്ച് കിടക്കുന്ന പൊന്മന ഗ്രാമം കാണാം. ഒരു ദശകം മുൻപ് വരെ ഒരു ജനത ഇവിടെ ജീവിച്ചിരുന്നുവെന്നതിന്റെ അവശേഷിപ്പുകൾ ചിലയിടങ്ങളിലെങ്കിലും ബാക്കിയുണ്ട്. പ്രേതാലയം പോലെ തോന്നിക്കുന്ന ആളൊഴിഞ്ഞ വീടുകൾ. കഴുക്കോലുകൾ ചിതലെടുത്തും ഭിത്തികൾ തകർന്നും നിലം പൊത്താറായ സ്‌കൂളുകൾ, പുസ്തകങ്ങളില്ലാത്ത വായനശാല അങ്ങനെ ജീർണ്ണിച്ച എത്രയോ കാഴ്ചകളുണ്ട് ഇനിയും ഖനനം നടത്താൻ ബാക്കിയായ പൊന്മനയിൽ.” ആ റിപ്പോര്‍ട്ട്: ഈ ഗ്രാമത്തില്‍ ഒരു ജനത ജീവിച്ചിരുന്നു; ഇന്ന് കടലെടുത്ത വീടുകള്‍, സ്കൂളുകള്‍; പൊന്മനയെ ഖനനം തകര്‍ത്തതിങ്ങനെ

ഈ ജനുവരി ആറിനു പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഇങ്ങനെ: ‘ജനിച്ച മണ്ണില്‍ തന്നെ മരിക്കാന്‍ അനുവദിക്കണം’: ഈ പെൺകുട്ടിയുടെ അഭ്യർത്ഥന കേരളത്തിലെ ഒരു ഗ്രാമത്തിന് വേണ്ടിയാണ്

This post was last modified on January 9, 2019 12:41 pm