അമ്പൂരി കൊലക്കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി അഖിലിനെയും രണ്ടാം പ്രതി രാഹുലിനെയും ഇന്ന് വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തും. മൃതദേഹം കുഴിച്ചെടുത്ത വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ്. രാഖിയുടെ മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങളും മൃതദേഹം കുഴിച്ചിടാന്‍ ഉപയോഗിച്ച ആയുധവും കണ്ടെടുക്കാനുണ്ട്.
രണ്ട് പേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രിയാണ് കേസിലെ മുഖ്യപ്രതിയായ അഖില്‍ പോലീസ് കസ്റ്റഡിയിലായത്. ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ അഖിലിനെ പിതാവ് നല്‍കിയ വിവരമനുസരിച്ചാണ് പോലീസ് വിമാനത്താവളത്തില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത്.
അഖിലിനെയും രാഹുലിനെയും പോലീസ് ഒരുമിച്ച് ചോദ്യം ചെയ്‌തേക്കും. ഗൂഢാലോചനയില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. നേരത്തെ അഖിലിനെതിരെ മൊഴി നല്‍കിയ സഹോദരന്‍ രാഹുല്‍, അഖിലും താനും ചേര്‍ന്നാണ് രാഖിയെ കൊന്നത് എന്ന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയില്‍ അഖിലും കൊല്ലപ്പെട്ട രാഖിയും വിവാഹിതരായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇതിനിടെ അഖിലിന് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധം ഉണ്ടായെന്നും ഈ വിവാഹത്തിന് അഖില്‍ തയ്യാറെടുത്തതോടെ രാഖിയുമായുള്ള ബന്ധം വഷളാവുകയായിരുന്നു. ഇതോടെയാണ് സഹോദരന്‍ രാഹുലിന്റെയും സുഹൃത്ത് ആദര്‍ശിന്റെയും സഹായത്തോടെ അഖില്‍ രാഖിയെ കൊലപ്പെടുത്തിയത്.
കാര്യങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ എന്ന വ്യാജേനെ നെയ്യാറ്റിന്‍കരയില്‍ നിന്നാണ് രാഖിയെ കാറില്‍ കയറ്റിയത്. കാര്‍ ഓടിച്ചിരുന്നത് അഖിലായിരുന്നു. യാത്രക്കിടെ വിവാഹത്തെപ്പറ്റി തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് പിന്‍സീറ്റിലിരുന്ന രാഹുല്‍ രാഖിയുടെ കഴുത്തുഞെരിക്കുകയുമായിരുന്നു. ബോധം കെട്ട രാഖിയെ പിന്നീട് വീട്ടില്‍ വച്ച് കഴുത്തില്‍ കയര്‍ മുറുക്കി മരണം ഉറപ്പാക്കിയത് താനാണെന്നും രാഹുല്‍ മൊഴി നല്‍കി. കൂടാതെ രാഖിയുടെ മൊബൈല്‍ നശിപ്പിക്കുകയും വസ്ത്രങ്ങള്‍ കത്തിക്കുകയും ചെയ്തു.
തിരുവനന്തപുരം-കൊല്ലം അതിര്‍ത്തിയിലെ മലയിന്‍കീഴിലെ ഒളിസങ്കേതത്തില്‍ നിന്നാണ് രാഹുലിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചത്. അതേസമയം രാഹുല്‍ കീഴടങ്ങി എന്നായിരുന്നു ഇന്നലെ പിതാവ് മാധ്യമങ്ങളെ അറിയിച്ചത്. അന്വേഷണം ഫലപ്രദമല്ലെന്ന് ആരോപിച്ച് കൊല്ലപ്പെട്ട രാഖിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. പ്രതികളെ കുറിച്ച് വിവരങ്ങളെല്ലാം പോലീസിന് അറിയാം. എന്നിട്ടും പ്രതികള്‍ സുരക്ഷാ വലയത്തിലാണെന്നും രാഖിയുടെ അച്ഛന്‍ ആരോപിച്ചിരുന്നു.
വിവാഹക്കാര്യം അടക്കം എല്ലാ വിവരങ്ങളും കുടുംബത്തിന് അറിയാമായിരുന്നു എന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ഇനിയും ഏറെ ദുരൂഹതകള്‍ സംഭവത്തിന് പിന്നിലുണ്ടെന്നും കൊലപാതകത്തില്‍ അഖിലിന്റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്നാണ് വിശ്വാസമെന്നും രാഖിയുടെ അച്ഛന്‍ ആരോപിച്ചു.
മകന്‍ പട്ടാള ഉദ്യോഗസ്ഥരുമൊത്ത് ഉടന്‍ നാട്ടിലേക്കെത്തുമെന്ന വെളിപ്പെടുത്തലുമായി അഖിലിന്റെ അച്ഛന്‍ രംഗത്ത് എത്തിയിരുന്നു. മകന്‍ നിരപരാധിയാണെന്നും അഖിലിന്റെ അച്ഛന്‍ മണിയന്‍ പറയുന്നു. കഴിഞ്ഞ ദിവസം നിരവധി തവണ മകന്‍ ഫോണ്‍ ചെയ്തതായും അച്ഛന്‍ വെളിപ്പെടുത്തി. താന്‍ കാശ്മീരിലെ ലേ-യില്‍ ആണെന്നും സൈനിക കേന്ദ്രത്തില്‍ തിരിച്ചെത്തിയെന്നും ഇയാള്‍ പറഞ്ഞിരുന്നു. മണിയനോടു സംസാരിക്കുന്നതിനിടെ അവിടെ എത്തിയ മാധ്യമ പ്രവര്‍ത്തകരോടാണ് ഇയാള്‍ ഇക്കാര്യം പറഞ്ഞത്. താന്‍ നിരപരാധിയാണെന്നും രാഖിക്ക് അഞ്ചു വയസു കൂടുതല്‍ ഉള്ളതിനാല്‍ ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് പറഞ്ഞിരുന്നുവെന്നും ഇയാള്‍ പറയുന്നു. കൊല്ലാനായിരുന്നെങ്കില്‍ തനിക്കത് മുന്നേ ആകാമായിരുന്നുവെന്നും കൊലപാതകം നടത്തി ജോലിയും നഷ്ടപ്പെട്ട് ജയിലില്‍ പോകേണ്ട കാര്യമില്ലെന്നുമായിരുന്നു ഇയാളുടെ വാദം. താന്‍ മേയ് 27-നു തന്നെ തിരിച്ചു ജോലിക്ക് കയറിയെന്നും അന്വേഷണത്തില്‍ സഹകരിക്കാനായി തിരിച്ച് നാട്ടില്‍ എത്തുമെന്നും ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതെല്ലാം കളവാണെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പോലീസ് സംഘം ഡല്‍ഹിക്ക് പോവുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇയാള്‍ ഡല്‍ഹിയില്‍ നിന്ന് തിരിച്ച് തിരുവനന്തപുരത്ത് എത്തിയത്.
എന്നാല്‍ കേവലം വാക്കുതര്‍ക്കമുണ്ടാവുകയും അത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു എന്ന വാദം പോലീസ് തള്ളുന്നുണ്ട്. രാഖിയെ കൊലപ്പെടുത്താന്‍ തന്നെ തീരുമാനിച്ചാണ് സഹോദരങ്ങള്‍ പെണ്‍കുട്ടിയെ കാറില്‍ കയറ്റിയതെന്നാണ് സംശയം. ഇവരുടെ പിതാവിനും സംഭവത്തില്‍ പങ്കുണ്ടോ എന്ന സംശയവും പോലീസ് പങ്കുവയ്ക്കുന്നുണ്ട്. രാഖി കൊല്ലപ്പെട്ടതിനു ശേഷം ഇവരുടെ പിതാവ് മണിയന്‍ പറമ്പില്‍ വലിയ കുഴി എടുക്കുന്നത് കണ്ടെന്നും ചോദിച്ചപ്പോള്‍ മരം നടാനാണെന്നു പറഞ്ഞെന്നും നാട്ടുകാരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ കുഴിയിലാണ് മൃതദേഹത്തില്‍ ഉപ്പ് പുരട്ടി കുഴിച്ചിട്ടത്. അതുകൊണ്ട് തന്നെ കൊലപാതകത്തില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് പോലീസിന്റെ സംശയം.
This post was last modified on July 28, 2019 8:59 am
Leave a Comment